24
October, 2026

A News 365Times Venture

24
Saturday
October, 2026

A News 365Times Venture

ഭരണമാറ്റമുണ്ടായാലും കാര്യമില്ല, ഇസ്രഈല്‍ തെരഞ്ഞെടുപ്പ് അന്താരാഷ്ട്ര കുറ്റകൃത്യങ്ങളില്‍ നിന്നുള്ള ശ്രദ്ധതിരിക്കലാകരുത്: ആംനസ്റ്റി

Date:

 

ലണ്ടന്‍: ഒക്ടോബര്‍ 27ന് നടക്കാനിരിക്കുന്ന ഇസ്രഈല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, ആ രാജ്യം തുടരുന്ന അന്താരാഷ്ട്ര കുറ്റകൃത്യങ്ങളില്‍ നിന്നും മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നും ലോകശ്രദ്ധ തിരിക്കാന്‍ കാരണമാകരുതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍.

ഇസ്രഈലില്‍ ഭരണമാറ്റമുണ്ടായാലും അധിനിവിഷ്ട ഫലസ്തീനികളുടെ മനുഷ്യാവകാശ അവസ്ഥയില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് സംഘടന വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഫലസ്തീന്‍ വിരുദ്ധ വികാരങ്ങളെ പരസ്യമായി ചൂഷണം ചെയ്യുകയാണെന്ന് ആംനസ്റ്റിയുടെ റിസര്‍ച്ച്, പോളിസി, അഡ്വക്കസി & കാമ്പെയ്ന്‍സ് സീനിയര്‍ ഡയറക്ടര്‍ എറിക്ക ഗുവേര റൊസാസ് ചൂണ്ടിക്കാട്ടി.

സ്ഥാനാര്‍ത്ഥികള്‍ ഫലസ്തീനികള്‍ക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും, അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അനധികൃത നിര്‍മിതികളുണ്ടാക്കുന്നത് തുടരുകയും ഗസ മുനമ്പില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തുമെന്നും വാഗ്ദാനം ചെയ്യുകയാണ്.

കൂടാതെ, ഫലസ്തീന്‍ പൗരനും തജമ്മു (ബലാദ്) പാര്‍ട്ടി അധ്യക്ഷനുമായ സാമി അബു ഷെഹാദെയെ മത്സരത്തില്‍ നിന്ന് അയോഗ്യനാക്കാന്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ ശ്രമിക്കുന്നത് സംഘടന-ആവിഷ്‌കാര-സമ്മേളന സ്വാതന്ത്ര്യങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആംനസ്റ്റി വിമര്‍ശിച്ചു.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതും വീടുകള്‍ തകര്‍ക്കുന്നതും ഇസ്രഈല്‍ തുടരുകയാണ്. സൈനിക നിയന്ത്രണങ്ങളും ഇസ്രഈലി കുടിയേറ്റക്കാരുടെ അക്രമങ്ങളും കാരണം പ്രദേശത്തെ ഒലിവ് വിളവെടുപ്പ് കാലം ഭീതിജനകമായ അവസ്ഥയിലാണ്.

പൗരന്മാര്‍ ഭക്ഷണത്തിനായി നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നുവെന്നും, എഞ്ചിന്‍ ഓയില്‍ ലഭ്യതയിലുള്ള നിയന്ത്രണം തകര്‍ന്നടിഞ്ഞ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഇസ്രഈലിന്റെ ചെയ്തികള്‍ നേരിട്ട് അനുഭവിക്കേണ്ടി വരുന്ന വെസ്റ്റ് ബാങ്ക്, ഗസ, ലെബനന്‍, സിറിയ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല.

അധിനിവേശത്തില്‍ കഴിയുന്ന ദശലക്ഷക്കണക്കിന് ഫലസ്തീനികള്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടുമ്പോള്‍, വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രഈലി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്നവര്‍ക്കായി പോളിങ് സ്റ്റേഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

ഇസ്രാഈലില്‍ അധികാരത്തില്‍ വരുന്ന ഏത് പുതിയ സര്‍ക്കാരിലും അന്താരാഷ്ട്ര സമൂഹം നയതന്ത്ര-സാമ്പത്തിക സമ്മര്‍ദം ചെലുത്തണമെന്ന് എറിക്ക ഗുവേര റൊസാസ് ആവശ്യപ്പെട്ടു.

ഗസയിലെ വംശഹത്യ അവസാനിപ്പിക്കുക, അപാര്‍തീഡ് സംവിധാനം തകര്‍ക്കുക, വെസ്റ്റ് ബാങ്കിലെ വംശശുദ്ധീകരണവും അനധികൃത അധിനിവേശവും അവസാനിപ്പിക്കുക, തെക്കന്‍ ലെബനനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുക, കുടിയൊഴിപ്പിക്കപ്പെട്ട ലബനീസ് ജനങ്ങള്‍ക്ക് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ അനുമതി നല്‍കുക തുടങ്ങിയ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ രാജ്യങ്ങള്‍ മുന്നോട്ടുവരണമെന്നും ആംനസ്റ്റി ആവശ്യപ്പെടുന്നു

 

Content Highlight: Amnesty International warns Israel’s elections must not distract from its international crimes and human rights violations.

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related