11
September, 2026

A News 365Times Venture

11
Friday
September, 2026

A News 365Times Venture

പാവപ്പെട്ട മനുഷ്യരുടെ ജീവിതോപാധി ഇല്ലാതാക്കരുത്; ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായുള്ള ഒഴിപ്പിക്കിലിനെതിരെ തെരുവ് കച്ചവടക്കാര്‍

Date:

ന്യൂദല്‍ഹി: തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ മുന്നോടിയായി ഭരണകൂടം നടത്തുന്ന ഒഴിപ്പിക്കല്‍ നടപടികള്‍ക്കെതിരെ തെരുവ് കച്ചവടക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹോക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എണ്ണൂറിലധികം വരുന്ന തെരുവ് കച്ചവടക്കാരുടെ പ്രതിനിധി സംഘം രാജ് നിവാസിലെത്തി ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ തരണ്‍ജിത് സിങ് സന്ധുവിനെ കണ്ട് നിവേദനം നല്‍കി.

നിയമപരമായ നടപടിക്രമങ്ങള്‍ കാറ്റില്‍പ്പറത്തിയും പ്രാദേശിക ടൗണ്‍ വെന്‍ഡിങ് കമ്മിറ്റികളെ പൂര്‍ണമായി അവഗണിച്ചുമാണ് അധികൃതര്‍ തങ്ങളുടെ കടകളും സ്റ്റാളുകളും നീക്കം ചെയ്യുന്നതെന്ന് അസോസിയേഷന്‍ പറഞ്ഞു. കച്ചവടക്കാര്‍ ഈ വിഷയത്തില്‍ ആശങ്കയറിയിച്ചിട്ടുണ്ടെന്നും അസോസിയേഷന്‍ പറയുന്നു.

2014ലെ സ്ട്രീറ്റ് വെന്‍ഡേഴ്‌സ് ആക്ട് 2019ലെ ദല്‍ഹി സ്ട്രീറ്റ് വെന്‍ഡേഴ്‌സ് സ്‌കീം എന്നിവ ഉറപ്പുനല്‍കുന്ന നിയമപരമായ സുരക്ഷകള്‍ ലംഘിച്ചുകൊണ്ടാണ് നിലവിലെ നടപടിയെന്നും അവര്‍ പറഞ്ഞു.

താത്ക്കാലിക അംഗീകാരമുള്ള കച്ചവടക്കാരെ ഒഴിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അത് ലംഘിച്ച് അധികൃതര്‍ പീഡനം തുടരുകയാണെന്ന് പ്രതിനിധി സംഘം വ്യക്തമാക്കി.

അനൗദ്യോഗികമായ പണം പിരിക്കല്‍ പൂര്‍ണമായും അവസാനിപ്പിച്ച് സുതാര്യമായ ഔദ്യോഗിക ഫീസ് ഘടന നടപ്പാക്കണമെന്നും കച്ചവടക്കാര്‍ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര ഉച്ചകോടിയുടെയും സൗന്ദര്യവത്ക്കരണത്തിന്റെയും പേരില്‍ പാവപ്പെട്ട മനുഷ്യരുടെ ജീവിതോപാധിയും അന്തസും ഇല്ലാതാക്കരുതെന്നും വെന്‍ഡിങ് കമ്മിറ്റികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും കച്ചവടക്കാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു.

യഥാര്‍ത്ഥ കയ്യേറ്റങ്ങള്‍, ഗതാഗത തടസം, നിയമലംഘനങ്ങള്‍ എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എന്നാല്‍ നിയമപരമായ വഴിയോര കച്ചവടത്തെ നിയമവിരുദ്ധമായി കാണരുതെന്നും പ്രതിനിധി സംഘം പറഞ്ഞു.

സെപ്റ്റംബര്‍ 12, 13 തീയതികളിലായാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ ആഗോള സാമ്പത്തിക സഹകരണം, ഭക്ഷ്യ-ഊര്‍ജ സുരക്ഷ, ആരോഗ്യം, ദുരന്തപ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങള്‍ പ്രധാന ചര്‍ച്ചയാകും. ആഗോള രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങളും പ്രാദേശിക സംഘര്‍ഷങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Do not destroy the livelihoods of the poor; street vendors protest against evictions ahead of the BRICS summit.

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related