വെനീസ്: വെനീസ് രാജ്യാന്തര ചലിത്രമേളയില്‍ ചരിത്രം കുറിച്ച് ഗസയിലെ കൂട്ടക്കൊല തുറന്ന് കാട്ടുന്ന ഡോക്യൂമെന്ററി ‘നാസ’. 25 മിനിറ്റ് എഴുന്നേറ്റ് നിന്നുള്ള കൈയ്യടിയാണ് ഡോക്യൂമെന്ററിക്ക് ലഭിച്ചത്. 80 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്തത് ഇസ്രഈലി സംവിധായകരായ യുവാല്‍ എബ്രഹാമും റേച്ചല്‍ സോറുമാണ്.
കാണികള്‍ എഴുന്നേറ്റ് നിന്ന് 25 മിനിട്ടോളം കയ്യടിച്ചതോടെ അന്താരാഷ്ട്ര മേളകളുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വീകരണമായി ഇത് മാറി. ഇതോടെ ഇസ്രഈലി സംവിധായകര്‍ പൊട്ടി കരയുകയായിരുന്നു.
വെനീസിലെ 83-ാമത് ചലച്ചിത്രമേളയിലെ പ്രധാന മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരത്തിനായി മത്സരിക്കുന്ന ഏക ഡോക്യുമെന്ററിയാണ്. ഓസ്‌ക്കാര്‍ പുരസ്‌കാരം നേടിയ ‘നോ അതര്‍ ലാന്‍ഡ്’ എന്ന ഡോക്യുമെന്ററിക്ക് ശേഷം യുവാല്‍ എബ്രഹാമും റേച്ചല്‍ സോറും ഒന്നിച്ച ചിത്രമാണിത്. വ്യോമാക്രമണങ്ങളില്‍ സാധാരണക്കാരായ ജനങ്ങള്‍ കൊല്ലപ്പെടുന്നതിനെ സൈനിക ഭാഷയില്‍ സൂചിപ്പിക്കുന്ന ഹീബ്രു ചുരുക്കപ്പേരാണ് ചിത്രത്തിന്റെ തലക്കെട്ടായ ‘നാസ’.
ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ബോംബാക്രമണങ്ങളിലും നിരീക്ഷണങ്ങളിലും നേരിട്ട് പങ്കാളികളായ 24 ഇസ്രഈലി സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളാണ് ചിത്രത്തിന്റെ കാതല്‍. സുരക്ഷാ കാരണങ്ങളാല്‍ ശബ്ദവും മുഖവും സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റിയാണ് ഇവരെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്.
ടെല്‍ അവീവിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ രാത്രി കാലങ്ങളില്‍ അതീവ രഹസ്യമായാണ് ഈ അഭിമുഖങ്ങള്‍ ചിത്രീകരിച്ചത്. ആളുകള്‍ കുടംബത്തോടൊപ്പം വീടുകളില്‍ ഉള്ളപ്പോള്‍ തന്നെ ബോംബിടുന്ന രീതിയെക്കുറിച്ച് സൈനികര്‍ വെളിപ്പെടുത്തുന്നുണ്ട്. ലാവെന്‍ഡര്‍ ഉള്‍പ്പെടെയുള്ള എ.ഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് മനുഷ്യരെ ലക്ഷ്യമിടുന്ന രീതിയും സാധാരണക്കാരുടെ കൂട്ടമരണങ്ങളെ സൈന്യം നിസാരമായി കാണുന്ന രീതിയെയും ചിത്രം തുറന്ന് കാട്ടുന്നുണ്ട്.
ഫലസ്തീനില്‍ നടക്കുന്നത് വംശഹത്യയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും ആ യാഥാര്‍ത്ഥ്യം ഇസ്രഈല്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചവരുടെ വാക്കുകളിലൂടെ തന്നെ ലോകത്തിന് മുന്നിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംവിധായകന്‍ യുവാല്‍ എബ്രഹാം പറഞ്ഞു.
വെനീസില്‍ കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ച ‘ദ വോയ്‌സ് ഓഫ് ഹിന്ദ് റജബ്’ നേടിയ 23 മിനിറ്റ് കരഘോഷത്തിന്റെ റെക്കോര്‍ഡാണ് ‘നാസ’ മറികടന്നത്. നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം ന്യൂയോര്‍ക്ക് ചലച്ചിത്രമേള ഉള്‍പ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര മേളകളിലും പ്രദര്‍ശിപ്പിക്കും.
Content Highlight: Documentary exposing the Gaza genocide receives a 25-minute standing ovation at the Venice Film Festival; Israeli directors moved to tears.




