14
September, 2026

A News 365Times Venture

14
Monday
September, 2026

A News 365Times Venture

എ.ഐയെ വിമര്‍ശിക്കുന്നത് നെഗറ്റീവ് ചിന്താഗതിക്കാരെന്ന് ട്രംപ്

Date:

ഡബ്ലിന്‍: നിര്‍മിത ബുദ്ധിയുടെ (എ.ഐ) അപകട സാധ്യതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വിമര്‍ശനങ്ങളെ തള്ളുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എ.ഐ വികസനത്തിന്റെ വേഗത കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന വിമര്‍ശകര്‍ നെഗറ്റീവ് ചിന്താഗതിക്കാരാണെന്നും ട്രംപ് ആരോപിച്ചു.

ഇക്കാര്യം ഉന്നയിക്കാന്‍ പാടില്ലാത്ത പല ‘നെഗറ്റീവ്’ ശക്തികളും അത് ഉന്നയിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നാണ് തനിക്ക് തോന്നുന്നതായും അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എ.ഐയുടെ അപകട സാധ്യതകളെക്കുറിച്ചുള്ള ആശങ്കകള്‍ യു.എസില്‍ വലിയ ചര്‍ച്ചയാവുന്ന പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. എ.ഐയെ നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളില്‍ പലരും അഭിപ്രായപ്പെടുകയും ചെയ്തു.

ആന്ത്രോപിക് മുന്‍ ഗവേഷകനായ ജേക്കബ് കോക്സണ്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു കുറിപ്പിനെത്തുടര്‍ന്ന് എ.ഐയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമീപ ദിവസങ്ങളില്‍ സജീവമായിരുന്നു. എ.ഐ മനുഷ്യരെയാകെ കൊല്ലാമെന്ന ആശങ്ക തന്റെ സമൂഹ മാധ്യമ പോസ്റ്റില്‍ കോക്‌സണ്‍ പ്രകടിപ്പിച്ചിരുന്നു.

സ്വയം മെച്ചപ്പെടുത്തുന്ന ആര്‍ട്ടിഫിഷ്യല്‍ സൂപ്പര്‍ ഇന്റലിജന്‍സിലേക്ക് പോകാന്‍ എ.ഐ കമ്പനികള്‍ മത്സരിക്കുകയാണെന്നും അതിന്റെ അപകട സാധ്യതകള്‍ അവര്‍ പരിഗണിക്കുന്നില്ലെന്നും രാജിക്ക് പിന്നാലെ കോക്‌സണ്‍ അഭിപ്രായപ്പെട്ടിരുന്നു.

എ.ഐയുടെ തലതൊട്ടപ്പനെന്നറിയപ്പെടുന്ന ജോഫ്രെ ഹിന്‍ഡനും ആ സാങ്കേതിക വിദ്യയുടെ അപകട സാധ്യതകളെക്കുറിച്ച് അടുത്തിടെ സംസാരിച്ചിരുന്നു. എ.ഐ. മനുഷ്യരാശിയെ ഇല്ലാതാക്കാന്‍ 10 ശതമാനം സാധ്യതയുണ്ട് എന്ന് പറഞ്ഞാല്‍ അത് അന്യായമായ ഒരു കണക്കായിരിക്കില്ലെന്ന് ഹിന്റണ്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഒരു പതിറ്റാണ്ടിനുള്ളില്‍ എ.ഐക്ക് മനുഷ്യരാശിയെ മുഴുവന്‍ ഇല്ലാതാക്കാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍, ആ സാധ്യത കണക്കാക്കാന്‍ വിശ്വസനീയമായ മാര്‍ഗമൊന്നുമില്ലെന്ന് അദ്ദേഹം മറുപടി നല്‍കുകയായിരുന്നു. നമ്മളെക്കാള്‍ ബുദ്ധിമാന്മാരായേക്കാവുന്ന ജീവികളെ മനുഷ്യര്‍ ഇതുവരെ സൃഷ്ടിച്ചിട്ടില്ലാത്തതിനാലാണ് ആ സാഹചര്യം എങ്ങനെയാണെന്ന് കണക്കാക്കാന്‍ സാധിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എ.ഐയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ആശങ്കകളെ തള്ളിക്കളയുന്ന നിലപാട് അടുത്തകാലത്ത് ഇതിന് മുമ്പും ട്രംപ് സ്വീകരിച്ചിട്ടുണ്ട്. ഒരു എ.ഐ സംവിധാനം അപകടകരമാകുകയാണെങ്കില്‍ അത് തടയാന്‍ മനുഷ്യര്‍ക്ക് എല്ലായ്പ്പോഴും ഒരു മാര്‍ഗമുണ്ടാകുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

ഒരു ചെറിയ ഗിയറിട്ട് എ.ഐയെ അപ്പോള്‍ അടച്ചുപൂട്ടാന്‍ സാധിക്കുമെന്നും ട്രംപ് തമാശ പോലെ പറഞ്ഞിരുന്നു. എ.ഐ മനുഷ്യരാശിക്കെതിരെ തിരിയുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ട്രംപ് ഈ കാര്യങ്ങള്‍ പറഞ്ഞത്.

ഈ വിഷയത്തില്‍ ട്രംപിന്റെ നിലപാടിനെ സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് അടക്കമുള്ളവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ട്രംപിന്റെ ഈ ഉത്തരം അപകടകരമാണെന്ന് സാന്‍ഡേഴ്സ് അഭിപ്രായപ്പെട്ടിരുന്നു.

എ.ഐയെക്കുറിച്ചുള്ള ട്രംപിന്റെ അജ്ഞത ഭയാനകവും അങ്ങേയറ്റം അപകടകരവുമാണെന്ന് സാന്‍ഡേഴ്‌സ് എക്സ് പോസ്റ്റില്‍ കുറിച്ചു. നമ്മള്‍ ഇപ്പോള്‍ എ.ഐ വികസനം താല്‍ക്കാലികമായി നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൃത്രിമ സൂപ്പര്‍ ഇന്റലിജന്‍സ് നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കൃത്രിമ സൂപ്പര്‍ ഇന്റലിജന്‍സിനെ ലക്ഷ്യം വച്ചുള്ള നിയമനിര്‍മ്മാണം അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി സാന്‍ഡേഴ്‌സ് പറഞ്ഞു. ശക്തമായി വരുന്ന എ.ഐ സംവിധാനങ്ങളെ നിയന്ത്രിക്കാന്‍ മനുഷ്യര്‍ക്ക് കഴിയുമോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കാലിഫോര്‍ണിയയില്‍ നിന്നുള്ള പ്രതിനിധി സഭ അംഗം റോ ഖന്നയും എ.ഐയെ നിയന്ത്രിക്കാനുള്ള നടപടികള്‍ക്കായി ആവശ്യപ്പെട്ടിരുന്നു. ഒരു ഫെഡറല്‍ എ.ഐ ഏജന്‍സി സ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു.

ആഗോള മത്സരം കാരണം കമ്പനികള്‍ വേഗതയ്ക്ക് വേണ്ടി സുരക്ഷയെ അവഗണിക്കരുതെന്നും റോ ഖന്ന അഭിപ്രായപ്പെട്ടു. എ.ഐ സുരക്ഷാ മാനദണ്ഡങ്ങള്‍, നിയന്ത്രണം എന്നിവയില്‍ യുഎസ്-ചൈന സഹകരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

Content Highlight: Trump dismisses AI safety warnings as ‘negative’ forces amid calls to slow development

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഭൂതകാലം മറക്കാം; ഭാവിയിലേക്ക് നോക്കാന്‍ യു.എ.ഇയുമായി ധാരണയിലെത്തിയതായി ഇറാന്‍ പ്രസിഡന്റ്

ന്യൂദല്‍ഹി: ഭൂതകാലം മറന്ന് ഭാവിയിലേക്ക് ഉറ്റുനോക്കാന്‍ യു.എ.ഇയുമായുള്ള കൂടിക്കാഴ്ചയില്‍ ധാരണയിലെത്തിയതായി ഇറാന്‍...