ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടു പോകണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ചൈന ബന്ധത്തില്‍ അടുത്തകാലത്തുണ്ടായ അടുപ്പം തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതിര്‍ത്തി തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ സമ്മര്‍ദത്തിലായിരുന്നു. 2020ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ വലിയ വിള്ളലുണ്ടായി.
അതിര്‍ത്തിയിലെ സൈനിക സംഘര്‍ഷം വ്യാപാര-നയതന്ത്ര ബന്ധങ്ങളെയും ബാധിച്ചു. എന്നാല്‍ പിന്നീട് നടത്തിയ നയതന്ത്ര, സൈനിക തല ചര്‍ച്ചകളിലൂടെ അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ബന്ധം ഘട്ടംഘട്ടമായി സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ശക്തമാകുകയും ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ബന്ധം കൂടുതല്‍ സ്ഥിരതയോടെ മുന്നോട്ടുകൊണ്ടുപോകണമെന്ന ചൈനയുടെ ആഹ്വാനം. ബന്ധത്തില്‍ ഉണ്ടായ പുരോഗതി നഷ്ടപ്പെടാതിരിക്കാനും പുതിയ പ്രശ്നങ്ങള്‍ വീണ്ടും സംഘര്‍ഷത്തിലേക്ക് നയിക്കാതിരിക്കാനും ഇരുരാജ്യങ്ങളും ശ്രദ്ധിക്കണമെന്ന വാങ് യി പറഞ്ഞു.
ഇന്ത്യയും ചൈനയും പരസ്പരം എതിരാളികളായി കാണുന്നതിന് പകരം പ്രധാന പങ്കാളികളായി മുന്നോട്ടുപോകണമെന്ന നിലപാടും ചൈനയുടെ ഭാഗത്തുനിന്ന് ഉയര്‍ന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിര്‍ത്തി പ്രശ്നമാണ് ഇന്ത്യ-ചൈന ബന്ധത്തിലെ പ്രധാന വെല്ലുവിളികളിലൊന്ന്. യഥാര്‍ത്ഥ നിയന്ത്രണരേഖയായ എല്‍.എ.സിയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നത് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വിശ്വാസം പുനസ്ഥാപിക്കുന്നതിന് നിര്‍ണായകമാണ്.
അതേസമയം സാമ്പത്തിക മേഖലയിലും ഇരുരാജ്യങ്ങള്‍ക്കും വലിയ താത്പര്യങ്ങളുണ്ട്. ചൈന ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളിലൊന്നാണ്. എന്നാല്‍ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി വലിയ ആശങ്കയായി തുടരുകയാണ്.
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള ബന്ധങ്ങള്‍ പല മേഖലകളിലും കുറഞ്ഞിരുന്നു. വിമാന സര്‍വീസുകള്‍, വിനോദസഞ്ചാരികള്‍ക്കുള്ള വിസ, കൈലാസ് മാനസസരോവര്‍ തീര്‍ഥാടനം തുടങ്ങിയവ പുനരാരംഭിക്കുന്നതിലൂടെ ബന്ധം സാധാരണ നിലയിലാക്കാനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയിലും ബന്ധം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഊന്നല്‍ നല്‍കിയതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights:India-China: Time to move the relationship forward instead of stepping back; Chinese Foreign Minister.




