18
September, 2026

A News 365Times Venture

18
Friday
September, 2026

A News 365Times Venture

യു.എസുമായുള്ള ഉപാധികളില്ലാത്ത സൗഹൃദത്തിന്റെ കാലഘട്ടം അവസാനിക്കുകയാണെന്ന് ജര്‍മന്‍ ചാന്‍സലര്‍

Date:

ബെര്‍ലിന്‍: യു.എസുമായുള്ള ഉപാധികളില്ലാത്ത സൗഹൃദത്തിന്റെ കാലഘട്ടം അവസാനിക്കുകയാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാന്‍ കാരണം യു.എസാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ ആഴ്ച നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബെര്‍ലിനില്‍ സംഘടിപ്പിച്ച കിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സി.ഡി.യു) പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മെര്‍സ്. അറ്റ്‌ലാന്റിക് മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ഉപാധികളില്ലാത്ത സൗഹൃദത്തിന്റെ കാലഘട്ടം സമീപഭാവിയില്‍ അവസാനിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മറുകരയില്‍ രാഷ്ട്രീയ മനോഭാവങ്ങളില്‍ മാറ്റം വരുന്നത് നമ്മള്‍ കാണുന്നുണ്ട്. ഈ സഖ്യത്തെ നോക്കി കാണുന്ന രീതിയിലും മാറ്റം വരുന്നു. ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് നമ്മള്‍ ഇതിനു മുമ്പ് കരുതിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരുകാലത്ത് ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ യു.എസ് അനുകൂല നിലപാടെടുത്തിരുന്ന രാഷ്ട്രീയ നേതാക്കളിലൊരാളായി മെര്‍സിനെ കണക്കാക്കിയിരുന്നു. എന്നാല്‍ സമീപകാലത്ത് ജര്‍മന്‍ ചാന്‍സലര്‍ എന്ന നിലയില്‍ അദ്ദേഹം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വിവിധ വിഷയങ്ങളില്‍ ഏറ്റുമുട്ടി. ഇറാന്‍ യുദ്ധം മുതല്‍ ജര്‍മനിയുടെ ആഭ്യന്തര നയം വരെയുള്ള വിഷയങ്ങളില്‍ ഇരു നേതാക്കളും തമ്മില്‍ ഭിന്നതകളും ഏറ്റുമുട്ടലുകളുമുണ്ടായി.

പശ്ചിമേഷ്യയുടെ കാര്യത്തില്‍ യു.എസിന് വ്യക്തമായ ഒരു തന്ത്രമില്ലെന്ന് ഈ വര്‍ഷം ഏപ്രിലില്‍ മെര്‍സ് അഭിപ്രായപ്പെട്ടിരുന്നു. സംഘര്‍ഷത്തിനിടെ യു.എസിനെ ഇറാന്‍ അപമാനിക്കുകയാണ് ചെയ്തതെന്നും അന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ‘തകര്‍ന്നടിഞ്ഞ സ്വന്തം രാജ്യം ശരിയാക്കുന്നതില്‍’ ശ്രദ്ധ കേന്ദ്രീകരിക്കൂ,’ എന്ന് ട്രംപ് ഇതിന് മറുപടിയും നല്‍കി. ചാന്‍സലര്‍ എന്ന നിലയില്‍ മെര്‍സ് ‘വളരെ മോശം പ്രവര്‍ത്തനമാണ്’ കാഴ്ചവെക്കുന്നതെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

യു.എസിനെ ഇനിമുതല്‍ പഴയതുപോലെ അവസരങ്ങളുടെ നാടായി കാണുന്നില്ലെന്ന് ഈ വര്‍ഷം മേയില്‍ മെര്‍സ് പറഞ്ഞിരുന്നു. ജോലിക്കോ പഠനത്തിനോ വേണ്ടി അവിടേക്ക് പോകാന്‍ തന്റെ മക്കളെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടു.

ജര്‍മന്‍ തെരഞ്ഞെടുപ്പില്‍ യു.എസ് ഇടപെടുകയാണെന്നും അത് തെറ്റായ നടപടിയാണെന്നും അടുത്തിടെ മെര്‍സ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ അന്ന് അദ്ദേഹം യു.എസിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. യൂറോപ്പില്‍ നിയമവാഴ്ചയെയും മനുഷ്യാവകാശവും ശക്തിപ്പെടുത്താനും ജനാധിപത്യത്തിന് കരുത്ത് പകരാനുമെന്ന പേരില്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അഞ്ച് ദശലക്ഷം ഡോളറിന്റെ ഗ്രാന്റ് ആരംഭിച്ച പശ്ചാത്തലത്തിലായിരുന്നു മെര്‍സിന്റെ പ്രതികരണം.

യു.എസിലെ ട്രംപ് ഭരണകൂടം സഖ്യകക്ഷികളായിരുന്ന രാജ്യങ്ങള്‍ക്കെതിരെ വരെ തീരുവ ചുമത്തിയത് അടക്കമുള്ള നടപടികളാണ് നേതാക്കള്‍ തമ്മിലെ ഭിന്നതക്ക് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. യൂറോപ്യന്‍ കുടിയേറ്റ നയങ്ങളെ വിമര്‍ശിക്കുന്ന ട്രംപിന്റെ നിലപാടും യു.എസ്-ജര്‍മന്‍ ഭരണാധികാരികള്‍ സംഘര്‍ഷത്തിലെത്താന്‍ കാരണമായി.

മെര്‍സിന്റെ സി.ഡി.യു ഉള്‍പ്പെടെയുള്ള ജര്‍മന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയോട് (എ.എഫ്.ഡി) സഹകരിക്കാന്‍ വിസമ്മതിക്കുന്നതിനെ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് കഴിഞ്ഞ വര്‍ഷത്തെ മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കവെ കുറ്റപ്പെടുത്തിയിരുന്നു. ഇതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി.

കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ എ.എഫ്.ഡിയുമായി സഹകരിക്കാത്ത മറ്റ് പാര്‍ട്ടികളുടെ നിലപാടിനെ ഫയര്‍വാള്‍ നയമെന്നും അന്ന് വാന്‍സ് വിശേഷിപ്പിച്ചിരുന്നു. ‘ജനങ്ങളുടെ ശബ്ദത്തിന് പ്രാധാന്യമുണ്ട് എന്ന പവിത്രമായ തത്വത്തിലാണ് ജനാധിപത്യം നിലകൊള്ളുന്നത്. അവിടെ ഫയര്‍വാളുകള്‍ക്ക് സ്ഥാനമില്ല,’ എന്നും അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടു.

ജര്‍മനിയിലെ കിഴക്കന്‍ സംസ്ഥാനമായ സാക്‌സോണി-അന്‍ഹാള്‍ട്ടില്‍ എ.എഫ്.ഡി അടുത്തിടെ നേടിയ തിരഞ്ഞെടുപ്പ് വിജയത്തെ ട്രംപ് പ്രശംസിച്ചതും ഭിന്നത വഷളാക്കി. ഈ വിഷയത്തില്‍ യു.എസ് ഉപദേശിക്കേണ്ട എന്നായിരുന്നു ട്രംപിന്റെ പ്രശംസക്ക് അന്ന് ജര്‍മനി നല്‍കിയ മറുപടി.

‘കുടിയേറ്റത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതും ആര്‍ക്ക് വോട്ട് ചെയ്യണം എന്നതും ഞങ്ങള്‍ ജര്‍മ്മന്‍കാര്‍ സ്വയം തീരുമാനിക്കുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ വൈറ്റ് ഹൗസില്‍ നിന്നുള്ള ഉപദേശം ഞങ്ങള്‍ക്ക് ആവശ്യമില്ല,’ ജര്‍മന്‍ സര്‍ക്കാരിന്റെ ട്രാന്‍സ്അറ്റ്‌ലാന്റിക് കോര്‍ഡിനേറ്റര്‍ മെറ്റിന്‍ ഹാക്വെര്‍ഡി അന്ന് പറഞ്ഞിരുന്നു.

അതേസമയം, മെര്‍സും ട്രംപും ഉക്രെയ്‌നിലെ യുദ്ധവും ഹോര്‍മുസ് കടലിടുക്കിലെയും ചെങ്കടലിലെയും സാഹചര്യവും അടക്കമുള്ള വിഷയങ്ങളെക്കുറിച്ച് ഫോണില്‍ ചര്‍ച്ച നടത്തിയതായി ജര്‍മന്‍ സര്‍ക്കാര്‍ അറിയിച്ചു. സെപ്തംബര്‍ 11 ആക്രമണങ്ങളുടെ വാര്‍ഷിക ദിനത്തില്‍ ഇരു നേതാക്കളും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തുമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ ആ ഫോണ്‍ സംഭാഷണം റദ്ദാക്കുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇരു നേതാക്കളും ഫോണില്‍ സംസാരിച്ചത്.

Content Highlight: ‘Unconditional’ friendship with US is over – Merz

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related