18
September, 2026

A News 365Times Venture

18
Friday
September, 2026

A News 365Times Venture

ഇറാനില്‍ യു.എസ് യുദ്ധക്കുറ്റങ്ങള്‍ നടത്തിയെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുള്ളതായി യു.എന്‍ റിപ്പോര്‍ട്ട്

Date:

ന്യൂയോര്‍ക്ക്: ഇറാനില്‍ യു.എസ് യുദ്ധക്കുറ്റങ്ങള്‍ നടത്തിയെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങള്‍ നിലനില്‍ക്കുന്നതായി ഐക്യരാഷ്ട സഭാ മനുഷ്യാവകാശ കൗണ്‍സിലിന്റെ (യു.എന്‍.എച്ച്.സി.ആര്‍) റിപ്പോര്‍ട്ട്. തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തിലെ സ്‌കൂളിനുനേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെയുള്ള രണ്ട് ആക്രമണങ്ങളില്‍ യു.എസ് യുദ്ധക്കുറ്റകൃത്യങ്ങള്‍ നടത്തിയതായി യു.എന്‍.എച്ച്.സി.ആര്‍ ഈ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

യു.എന്‍.എച്ച്.സി.ആര്‍ നിയോഗിച്ച ഇറാനിലെ സ്വതന്ത്ര അന്താരാഷ്ട്ര വസ്തുതാന്വേഷണ ദൗത്യസംഘം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ വര്‍ഷം ഫെബ്രുവരി 28ന് ഇറാനെതിരെ യു.എസും ഇസ്രഈലും ആരംഭിച്ച യുദ്ധത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന ഭാഗത്താണ് യു.എസിന്റെ യുദ്ധക്കുറ്റകൃത്യ സാധ്യതയെക്കുറിച്ച് പറയുന്നത്.

സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയടക്കം ചെയ്ത ആക്രമണങ്ങള്‍ നടത്തിക്കൊണ്ട് യു.എസ് ഇറാനെതിരെ യുദ്ധക്കുറ്റങ്ങള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതിന് പുറമേ അവര്‍ക്ക് പരിക്കേല്‍ക്കാനും അവരുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെടാനും ഈ ആക്രമണങ്ങള്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മിനാബിലെ ‘ട്രീ ഓഫ് തയ്യിബ’ എലിമെന്ററി സ്‌കൂളിനെ ലക്ഷ്യമാക്കി നടത്തിയ ടോമാഹോക്ക് മിസൈല്‍ ആക്രമണം ഇതില്‍ ഉള്‍പ്പെടുന്നു. വ്യക്തമായി ഈ സ്‌കൂള്‍ തിരിച്ചറിയാമായിരുന്നിട്ടും യു.എസ് ആ സ്‌കൂളിനു നേര്‍ക്ക് ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മിനാബിലെ സ്‌കൂളിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 120-ഓളം കുട്ടികളടക്കം 150-ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.

സ്‌കൂള്‍ വ്യക്തമായി തിരിച്ചറിയാവുന്ന അവസ്ഥയിലായിരുന്നെന്നും, അത് സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതായി സൂചിപ്പിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും വസ്തുതാന്വേഷണ സംഘത്തിലെ വിദഗ്ധര്‍ പറഞ്ഞു. സ്‌കൂള്‍ തന്നെയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം. വഴിതെറ്റിയുള്ള ആക്രമണമോ അല്ലെങ്കില്‍ മറ്റ് ലക്ഷ്യങ്ങള്‍ ആക്രമിക്കുന്നതിനിടെയുണ്ടായ കൊളാറ്ററല്‍ ഡാമേജോ അല്ല ഇതെന്നും വിദഗ്ധര്‍ വിലയിരുത്തി.

ഫെബ്രുവരി 28-ന് ലാമര്‍ഡിലെ കായിക സമുച്ചയത്തിനും പാര്‍പ്പിട മേഖലയ്ക്കും നേരെ യു.എസ് നടത്തിയ ആക്രമണവും യുദ്ധക്കുറ്റങ്ങളുടെ പരിധിയില്‍ വരാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യതയോടെ ലക്ഷ്യത്തിലെത്തുന്ന മിസൈലുകള്‍ ടങ്സ്റ്റണ്‍ പെല്ലറ്റുകള്‍ വര്‍ഷിച്ചായിരുന്നു ലാമര്‍ഡിലെ യു.എസ് ആക്രമണം. ഈ ആക്രമണത്തില്‍ 22 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

രണ്ട് ആക്രമണങ്ങളിലുമായി കുറഞ്ഞത് 177 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ രണ്ട് ആക്രമണങ്ങളിലും യു.എസ് യുദ്ധക്കുറ്റങ്ങള്‍ ചെയ്‌തെന്ന് വിശ്വസിക്കാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് യുഎന്‍ മനുഷ്യാവകാശ വിദഗ്ധര്‍ വിലയിരുത്തി.

ലമേര്‍ഡില്‍ ആക്രമണം നടത്തിയെന്ന കാര്യം യു.എസ് നേരത്തെ നിഷേധിച്ചിട്ടുണ്ട്. മിനാബില്‍ സംഭവിച്ചത് എന്താണെന്ന് അന്വേഷിച്ചുവരികയാണെന്നും അവര്‍ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആരംഭിച്ച രാജ്യവ്യാപക പ്രക്ഷോഭങ്ങളോട് ഇറാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും യു.എന്‍ ദൗത്യസംഘം പരിശോധിച്ചു. ജനുവരിയില്‍ സര്‍ക്കാരിനെതിരായ വന്‍ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിനിടെ ഇറാനിയന്‍ അധികൃതര്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘സ്വന്തം സര്‍ക്കാര്‍ നടത്തുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും ഇടയിലും, യു.എസും ഇസ്രഈലും നടത്തുന്ന മാരകമായ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇറാനിലെ സാധാരണക്കാര്‍ അകപ്പെട്ടിരിക്കുകയാണ്,’ എന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട ശേഷം വസ്തുതാന്വേഷണ സംഘം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍കാല അടിച്ചമര്‍ത്തല്‍ നടപടികളില്‍ നിന്ന് വ്യത്യസ്തമായി മാരകമായ ബലപ്രയോഗം ഈ പ്രക്ഷോഭങ്ങള്‍ക്കെതിരെ വ്യാപകമായി നടന്നു. അതുവഴി കൂട്ടക്കൊലകളും പരിക്കുകളും വ്യാപകമായ അറസ്റ്റുകളും ഉണ്ടാവുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം സാഹചര്യം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധങ്ങള്‍ക്കിടെ തടവിലാക്കപ്പെട്ട പതിനായിരക്കണക്കിന് പേര്‍ക്ക് പീഡനം, ഏകാന്ത തടവ് എന്നിവ അനുഭവിക്കേണ്ടി വന്നു. അവര്‍ക്ക് നിയമസഹായം നിഷേധിക്കപ്പെട്ടെന്നും യു.എന്‍ സംഘം കണ്ടെത്തി. ഷോട്ട്ഗണ്‍ ഉപയോഗിച്ചുള്ള ലോഹ പെല്ലറ്റുകള്‍ തലയിലും നെഞ്ചിലും കണ്ണിലും ഏറ്റ് പ്രതിഷേധക്കാര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ പറ്റുകയും, ചിലര്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എന്‍ ദൗത്യ സംഘം റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ പെന്റഗണ്‍ വിസമ്മതിച്ചു. ‘ഞങ്ങളുടെ അന്വേഷണം തുടരുകയാണ്, നിലവില്‍ പ്രഖ്യാപിക്കാന്‍ ഒന്നുമില്ല,’ അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, യു.എന്‍ റിപ്പോര്‍ട്ടിനെ വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി.

പതിറ്റാണ്ടുകളായി ഗൗരവമില്ലാത്ത അസംബന്ധങ്ങള്‍ പറയുന്നതല്ലാതെ, മനുഷ്യാവകാശങ്ങള്‍ക്കായി യു.എന്നിന്റെ ഉന്നത മനുഷ്യാവകാശ സമിതി ഒന്നും ചെയ്തിട്ടില്ലെന്ന് വൈറ്റ് ഹാസ് വക്താവ് അന്ന കെല്ലി ആരോപിച്ചു. ‘ഈ സംഘര്‍ഷത്തില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്ത ഒരേയൊരു കക്ഷി ഇറാന്‍ ഭരണകൂടമാണ്. അവര്‍ സ്വന്തം ജനതയില്‍ ആയിരക്കണക്കിന് പേരെ കൊലപ്പെടുത്തുകയും, വിദേശത്തുള്ള അമേരിക്കക്കാരെ കൊല്ലുകയും, ഹോര്‍മുസ് കടലിടുക്കില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയും, മേഖലയിലെ അയല്‍രാജ്യങ്ങള്‍ക്കെതിരെ വിവേചനരഹിതമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിട്ടുണ്ട്,’ എന്നും കെല്ലി അവകാശപ്പെട്ടു.

Content Highlight: UN mission finds ‘reasonable grounds to believe US committed war crimes’ in Iran

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related