കല്‍പ്പറ്റ: നിയമപരമായി സൂക്ഷിക്കാവുന്നതിലും കൂടുതല്‍ അളവില്‍ മദ്യം സൂക്ഷിച്ചെന്ന കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി കോടതി തള്ളി അറസ്റ്റിലായ ആന്റോയെ കോടതി കഴിഞ്ഞ ദിവസം 14 ദിവസം റിമാന്‍ഡില്‍ വിട്ടിരുന്നു. ഇതിന് പിന്നാലെ ജാമ്യാപേക്ഷയുമായി ആന്റോ കോടതിയെ സമീപിക്കുകയായിരുന്നു.
സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അഗസ്റ്റിനെ റിമാന്‍ഡ് ചെയ്ത് മാനന്തവാടി ജയിലിലേയ്ക്ക് അയച്ചത്. ജാമ്യാപേക്ഷ കോടതി തള്ളിയതോടെ റിമാന്‍ഡ് കാലാവധി കഴിയുന്നത് വരെ ആന്റോ ജയിലില്‍ തുടരണം.
ഇന്നലെ (സെപ്റ്റംബര്‍ 17, വെള്ളി) പുലര്‍ച്ചെയോടെ കൊച്ചിയിലുള്ള റിപ്പോര്‍ട്ടര്‍ ടി.വി ഓഫീസിലെത്തിയായിരുന്നു ആന്റോയെ കല്പറ്റ എക്സൈസ് എ.സി ബൈജുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം അറസ്റ്റ് ചെയ്തത്. ആന്റോയുടെ വയനാട് വാഴവറ്റയിലുള്ള വീട്ടില്‍ നിന്ന് നിയമപരമായതില് കൂടുതല്‍ അളവ് മദ്യം പിടിച്ചെടുത്തെന്ന കേസിലായിരുന്നു അറസ്റ്റ്.
അബ്കാരി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എക്സസൈസ് ആന്റോക്കെതിരെ കേസെടുത്തത്. നിയമ വിരുദ്ധമായി മദ്യം കടത്തി, നിയവിരുദ്ധമായി മദ്യം കൈവശം വെച്ചു എന്നീ കുറ്റങ്ങള്‍ക്കുള്ള 55എ, 55ഐ, 58 എന്നീ വകുപ്പുകള്‍ ആണ് ചുമത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
എക്സൈസ് സംഘം അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയെന്ന് ആന്റോ പ്രതികരിച്ചു. തന്നെ കുടുക്കിയതാണെന്നും റിപ്പോര്‍ട്ടര്‍ ടി.വി. എം.ഡി അഭിപ്രായപ്പെട്ടു. തന്റെ തറവാട് വീടാണ് വാഴവറ്റയിലേതെന്ന് അദ്ദേഹം പ്രതികരിച്ചു.
ബുധനാഴ്ച റിപ്പോര്‍ട്ടര്‍ ടി.വിയുടെ കൊച്ചിയിലെ ഹെഡ് ഓഫീസില്‍ പൊലീസ് സംഘമെത്തി ചാനലിന്റെ ന്യൂസ് ഡെസ്കിലടക്കം റെയ്ഡ് നടത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട റെയ്ഡ് ഇന്ന് പുലര്‍ച്ചെയോടെ പൂര്‍ത്തിയായി. ഇതിന് പിന്നാലെയാണ് ആന്റോയെ പൊലീസ് അറസ്റ്റ് ചെയ്തത്.
റിപ്പോര്‍ട്ടര്‍ ടി.വി ഓഫീസിന് പുറമെ ആന്റോയുടെ വീടും ഓഫീസും അടക്കം കൊച്ചിയിലും വയനാടുമായി അഞ്ചിടത്തായിരുന്നു പൊലീസ് റെയ്ഡ്. ഈ റെയ്ഡിനിടെ വയനാട്ടിലെ വീട്ടില്‍ നിന്ന് അളവില്‍ കവിഞ്ഞ മദ്യം കണ്ടെത്തിയതായി പൊലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസ് കേസെടുത്തത്.
Content Highlight: Reporter TV M.D Anto Augustine’s Bail Rejected in Excise Case




