ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്രമായാല്‍ മാത്രം പോരാ സ്വതന്ത്രമാണെന്ന് പ്രവൃത്തിയില്‍ കാണിക്കണമെന്ന് സുപ്രീം കോടതി ജസ്റ്റിസ് ദീപാങ്കര്‍ ദത്ത.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, മറ്റ് കമ്മീഷണര്‍മാര്‍ എന്നിവരെ നിയമിക്കുന്ന സമിതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്തിയ പാര്‍ലമെന്റ് നടപടിയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
2023ലെ നിയമം ചോദ്യം ചെയ്യുന്ന ഹരജികള്‍ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തിലായിരുന്നു കോടതിയുടെ പ്രതികരണം.
ഹരജിയില്‍ സുപ്രീംകോടതി ഇന്നലെ ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയെ ഒഴിവാക്കി കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്തിയ നിയമം ഭരണഘടനാ ബെഞ്ച് പരിഗണിക്കണമോ എന്നതിലാണ് ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്തയും സതീഷ് ചന്ദ്ര ശര്‍മയും ഭിന്നവിധി പറഞ്ഞത്. വിഷയം ഇനി ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
2023ലെ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരാണ് അംഗങ്ങള്‍.
നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ച സംവിധാനത്തില്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവരായിരുന്നു സമിതിയിലുണ്ടായിരുന്നത്.
പുതിയ നിയമത്തില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതാണ് വിവാദമായത്. ഇതോടെ മൂന്ന് അംഗ സമിതിയില്‍ സര്‍ക്കാരിന് രണ്ട് പ്രതിനിധികളായി.
ജസ്റ്റിസ് ദീപാങ്കര്‍ ദത്ത നിയമനത്തിനെതിരെ ഉയര്‍ന്ന വാദങ്ങളില്‍ ഗൗരവമായ ഭരണഘടനാ പ്രശ്നമുണ്ടെന്ന് നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്രമായിരിക്കണമെന്നത് മാത്രം പോരെന്നും, അത് സ്വതന്ത്രമാണെന്ന് പൊതുജനങ്ങള്‍ക്ക് തോന്നുകയും വേണമെന്നുമാണ് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന മന്ത്രിക്ക് പ്രധാനമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടായിരിക്കുമെന്നും, അത്തരമൊരു സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യം മാത്രമായി സ്വതന്ത്രമായ ഒരു എതിര്തൂക്കം സൃഷ്ടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. 2023ലെ നിയമത്തിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് സുപ്രീം കോടതിയുടെ വ്യക്തമായ മുന്‍വിധി നിലവിലില്ലാത്തതിനാല്‍ വിഷയം കുറഞ്ഞത് അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
കേസ് വീണ്ടും മൂന്ന് ജഡ്ജിമാരുടെ ബെഞ്ചിലേക്ക് അയക്കുന്നത് കൂടുതല്‍ കാലതാമസത്തിന് ഇടയാക്കുമെന്നതിനാല്‍ വിശാലമായ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്നാണ് നിലവിലെ നിര്‍ദേശം.
Content Highlights: It is not enough to simply be independent; that independence must be reflected in actions as well: Supreme Court criticizes the Election Commission.




