ന്യൂയോര്‍ക്ക്: എതിരാളികളെയും സഖ്യകക്ഷികളെയും ഒരുപോലെ ആക്രമിച്ചുള്ള ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യു.എന്‍ പൊതുസഭയിലെ പ്രസംഗം തുടങ്ങുന്നതിനു മുന്‍പ് തന്നെ ഇറങ്ങിപ്പോയി പ്രതിഷേധിച്ച് പ്രതിനിധികള്‍.
പശ്ചിമേഷ്യയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിച്ച നെതന്യാഹു പോരാട്ടം തുടരുമെന്നും ജയമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല എന്ന് ഊന്നിപ്പറഞ്ഞു. 1976ല്‍ ഉഗാണ്ടയില്‍ നടന്ന ഓപ്പറേഷന്‍ എന്റബെയില്‍ കൊല്ലപ്പെട്ട തന്റെ സഹോദരന്‍ യൊനാതന്‍ നെതന്യാഹുവിന്റ വാക്കുകള്‍ ആവര്‍ത്തിക്കുകയായിരുന്നു ഇസ്രഈല്‍ പ്രധാനമന്ത്രി.
നെതന്യാഹു വേദിയിലേക്ക് കയറുമ്പോള്‍ത്തന്നെ ലോകരാജ്യങ്ങളുടെ പ്രതിനിധികള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോക്ക് തുടങ്ങി.
ഹാളില്‍ നിന്നും പുറത്തുപോകാത്ത ഏതെങ്കിലും ഭീരുക്കള്‍ ഉണ്ടെങ്കില്‍ ദയവായി ഇപ്പോള്‍ത്തന്നെ ഇറങ്ങിപ്പോകേണ്ടതാണ് എന്ന് നെതന്യാഹു വാക്കൗട്ടിനു മറുപടി പറഞ്ഞു.
ഗസ, അധിനിവേശ വെസ്റ്റ് ബാങ്ക്, സിറിയ, ലെബനന്‍, ഇറാന്‍, യെമനിലെ ഹൂത്തികള്‍, ഇറാഖിലെ സൈന്യം എന്നിവരോട് ഒരേസമയം ‘ഏഴുമുന്നണികളുടെ യുദ്ധം’ നടത്തുകയാണ് ഇസ്രഈല്‍ എന്ന് നെതന്യാഹു വ്യാഴാഴ്ച പറഞ്ഞിരുന്നു.
ചരിത്രപരമായി ഇസ്രഈലിന്റെ സഖ്യകക്ഷികളായിരുന്ന യുണൈറ്റഡ് കിങ്ഡത്തെിന്റെയും ഫ്രാന്‍സിന്റൈയും ഇസ്രഈല്‍ വിരുദ്ധനയങ്ങളെ നെതന്യാഹു വിമര്‍ശിച്ചു.
വെസ്റ്റ്ബാങ്കിലെ കുടിയേറ്റകേന്ദ്രങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കുമേല്‍ ഇരുരാജ്യങ്ങളും ഉപരോധമേര്‍പ്പെടുത്തിയിരുന്നു.
‘അവര്‍ ഇസ്രഈലിനെ, ഈ ചെറിയ രാജ്യത്തെ കൊളോണിയലിസ്റ്റുകളെന്ന് വിളിക്കുന്നു. ആരാണ് ഞങ്ങളെ കുറ്റപ്പെടുത്തുന്നത്? അതില്‍ ബ്രിട്ടണിലെയും ഫ്രാന്‍സിലെയും ആളുകളുണ്ട്. അവരാണാ പദം കണ്ടുപിടിച്ചത്’, നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
തന്റെ ‘സുഹൃത്ത്’ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി പറയാനും നെതന്യാഹു മറന്നില്ല.
‘പ്രാകൃതരായ മനുഷ്യന്മാര്‍ക്കെതിരെ നടത്തുന്ന ഈ പോരാട്ടത്തില്‍ പ്രസിഡന്റ് ട്രംപിനോളം മികച്ച ഒരു പങ്കാളി ഞങ്ങള്‍ക്കില്ല, ഞാന്‍ അദ്ദേഹത്തിന് നന്ദി പറയുന്നു”, നെതന്യാഹു പറഞ്ഞു.
ഗസയില്‍ അവശേഷിച്ചിരുന്ന ബന്ദികളെ തിരികെക്കൊണ്ടുവരാന്‍ അമേരിക്കയും ഇസ്രഈലും ഒരുമിച്ച് പ്രവര്‍ത്തിച്ചുവെന്ന് വംശഹത്യയെന്ന് ആരോപിച്ച ഇസ്രഈല്‍ നടപടികളെ ന്യായീകരിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു.
ഇസ്രഈല്‍ പ്രധാനമന്ത്രി യുദ്ധക്കുറ്റവാളിയാണെന്നും നഗരത്തിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിയെ ആക്രമിക്കാനും നെതന്യാഹു മറന്നില്ല.
നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ അമേരിക്കന്‍ സംഘടനയായ ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ് യു.എന്നിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. യു.എന്‍ ഒരു യുദ്ധക്കുറ്റവാളിക്ക് ആതിഥേയത്വം വഹിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. നിരവധി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Content Highlight: Benjamin Netanyahu attacks Israel’s enemies and allies in UN speech




