മോസ്കോ: ഇസ്രഈലും യു.എസും നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ ഷാങ്ഹായ് കോപറേഷന്‍ ഓര്ഗനൈസേഷന് (എസ്.സി.ഒ) അംഗ രാജ്യങ്ങളുടെ ഇടപെടല്‍ വേണമെന്ന് ഇറാന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ മുഹമ്മദ് മൊവാഹെദി ആസാദ്. റഷ്യയിലെ കസാനില്‍ നടന്ന എസ്.സി.ഒ അംഗരാജ്യങ്ങളിലെ പ്രോസിക്യൂട്ടര്‍ ജനറല്‍മാരുടെ 24-ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകൂട ഭീകരവാദത്തെ എസ്.സി.ഒ അംഗരാജ്യങ്ങള്‍ നേരിടണമെന്നും യു.എസിനെയും ഇസ്രഈലിനെയും ചൂണ്ടിക്കാട്ടി മൊവാഹെദി ആസാദ് പറഞ്ഞു. ഇറാനിലെ സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ അടക്കം ഇതിന് ഉദാഹരണമായി അദ്ദേഹം പറയുകയും ചെയ്തു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര ജാഗ്രത വേണമെന്നും സംയുക്ത നടപടികള്‍ സ്വീകരിക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു.
ചൈന, റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്, ഇന്ത്യ, പാകിസ്ഥാന്, ഇറാന്, ബെലാറസ് എന്നിവയാണ് എസ്.സി.ഒ അംഗരാജ്യങ്ങള്‍. യു.എസുമായും ഇസ്രഈലുമായും സഹകരിക്കുന്ന രാജ്യങ്ങള്‍ തങ്ങളുടെ നയങ്ങള്‍ പുനപരിശോധിക്കണമെന്നും മൊവാഹെദി-ആസാദ് എസ്.സി.ഒ യോഗത്തില്‍ ആവശ്യപ്പെട്ടു.
മിനാബ് സ്കൂളിലെ യു.എസ് ആക്രമണത്തെക്കുറിച്ചും ആസാദ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ‘സ്കൂളുകളില്‍ കുട്ടികളുടെ രക്തം ചിന്തുന്നവര്ക്ക് കുട്ടികളുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നവരാണെന്ന് ഒരിക്കലും അവകാശപ്പെടാനാവില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യങ്ങളെയും ഭരണകൂടം സ്പോണ്സര് ചെയ്യുന്ന ഭീകരതയെയും നേരിടുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്തണം. അതിനായി എസ്.സി.ഒ പ്രോസിക്യൂട്ടര്‍ ജനറല്‍മാരുടെ യോഗത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഒരു സമിതി രൂപീകരിക്കണം. സ്കൂളുകള്‍ക്ക് നേര്‍ക്കുള്ള ആക്രമണങ്ങള്‍ അടക്കമുള്ള സംഭവങ്ങള്‍ ഈ ആവശ്യം എടുത്തുകാണിക്കുന്നതായും ആസാദ് പറഞ്ഞു.
മിനാബിലെ സ്കൂളില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിന് പുറമെ സിവിലിയന്‍ മേഖലകള്‍ക്ക് നേര്‍ക്കുണ്ടായ മറ്റ് ആക്രമണങ്ങളെക്കുറിച്ചും ഇറാന് പ്രതിനിധി സംസാരിച്ചു. ആരോഗ്യ കേന്ദ്രങ്ങള്‍ അടക്കം ഇത്തരത്തില്‍ ഇസ്രഈലും യു.എസും ആക്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമ ബാധ്യതകളുടെ ലംഘനമാണ്. അവ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും വംശഹത്യയുടെ ഭാഗവുമാണെന്നും ആസാദ് ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ചയാണ് എസ്.സി.ഒ യോഗത്തിനായി ആസാദ് റഷ്യയിലെത്തിയത്. മോസ്കോയില്‍ വെച്ച് റഷ്യന്‍ സുപ്രീം കോടതി പ്രസിഡന്റുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ബുധനാഴ്ച, കസാനില്‍ നടന്ന യോഗത്തിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള രണ്ടുവര്‍ഷത്തെ ജുഡീഷ്യല്‍ സഹകരണ കരാറില്‍ അദ്ദേഹം ഒപ്പുവെക്കുകയും ചെയ്തിരുന്നു.
Content Highlight: Iran calls on SCO countries to confront ‘state terrorism’, citing US-Israeli crimes




