കാസർകോട്: കേന്ദ്ര സർവകലാശാലയിൽ നടക്കുന്ന വന്ദേമാതരത്തിന്റെ 150-ാം വാർഷിക ആഘോഷത്തിൽ ആർ.എസ്.എസ് നേതാവ് പ്രഭാഷണം നടത്തുന്നതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനായി സംഘടിപ്പിക്കുന്ന ഈ സെമിനാറിൽ ആമുഖ പ്രസംഗം നടത്തുന്നത് ആർ.എസ്.എസ് പ്രചാരകനായ ജെ. നന്ദകുമാറാണ്.
എന്നാൽ, ഈ നടപടി വിദ്യാർത്ഥികളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും പഠനത്തിന് പ്രാധാന്യം നൽകുന്നതിന് പകരം കാമ്പസിൽ കാവിവൽക്കരണം നടപ്പിലാക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
തങ്ങളുടെ ശക്തമായ വിയോജിപ്പ് അറിയിച്ചുകൊണ്ട് എസ്.എഫ്.ഐ, എൻ.എസ്.യു.ഐ, എം.എസ്.എഫ് എന്നീ സംഘടനകൾ സർവകലാശാല വൈസ് ചാൻസലർക്ക് കത്ത് നൽകിയിട്ടുണ്ട്. ഒക്ടോബർ ആറ്, ഏഴ് തീയതികളിലായി സർവകലാശാല ലൈബ്രറി ഹാളിലാണ് ഈ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര സാഹിത്യ അക്കാദമിയും അഖിൽ ഭാരതീയ സാഹിത്യ പരിഷത്തും ഒന്നിച്ചാണ് ഈ പരിപാടി നടത്തുന്നത്. ഇതിൽ അഖില ഭാരതീയ സാഹിത്യ പരിഷത്ത് എന്നത് ആർ.എസ്.എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ്.
പരിഷത്തിന്റെ ജനറൽ സെക്രട്ടറിയായ പവൻപുത്ര ബാദലും ഈ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഉയർന്ന അക്കാദമിക നിലവാരം പുലർത്തുന്ന കേന്ദ്ര സർവകലാശാലയെപ്പോലൊരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം, ഇത്തരം വർഗീയ പശ്ചാത്തലമുള്ള സാഹിത്യ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്നത് വിദ്യാർത്ഥികൾക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നാണ് പ്രധാന വിമർശനം.
ആർ.എസ്.എസ് നേതാവ് ആമുഖ പ്രസംഗം നടത്തുന്ന ചടങ്ങിൽ സർവകലാശാല വൈസ് ചാൻസലർ സിദ്ദി പി. അലഗുര് അധ്യക്ഷത വഹിക്കുന്നതിലും വിദ്യാർത്ഥികൾക്ക് കടുത്ത അതൃപ്തിയുണ്ട്. ദേശീയഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്നതിൽ തങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്നും, എന്നാൽ അത് വർഗീയ താത്പര്യങ്ങളോടെ ആർ.എസ്.എസ് സ്പോൺസർ ചെയ്യുന്നതിലാണ് തങ്ങൾ പ്രതിഷേധിക്കുന്നതെന്നും വിദ്യാർത്ഥി സംഘടനകൾ വ്യക്തമാക്കി.
പരിപാടിയുടെ രണ്ടാം ദിനമായ ഒക്ടോബർ ഏഴിന് ഗവർണർ രാജേന്ദ്ര ആർലേക്കർ കാമ്പസിലെത്തും. അന്നേ ദിവസം കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗമായ കെ.പി. രാമനുണ്ണിയും സെമിനാറിൽ പങ്കെടുക്കും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഈ പരിപാടിയിൽ ആകെ അഞ്ച് ഗവേഷണ പ്രബന്ധങ്ങളാണ് അവതരിപ്പിക്കുന്നത്. തമിഴ്, ഇംഗ്ലീഷ് എഴുത്തുകാരനായ മാലൻ വി. നാരായണൻ അടക്കം ദൽഹി, ആന്ധ്ര, ഒഡീഷ, കർണാടക, തമിഴ്നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുപത്തഞ്ചോളം പ്രമുഖരാണ് വന്ദേമാതരം ചർച്ചകളിൽ ഭാഗമാകാൻ എത്തുന്നത്.
Content Highlight:RSS leader’s speech at Central University’s ‘Vande Mataram’ event: Students protest.




