5
October, 2026

A News 365Times Venture

5
Monday
October, 2026

A News 365Times Venture

Dool in Depth:യു.പിയില്‍ രണ്ട് മാസത്തിനിടെ നടന്നത് 16 വിദ്വേഷ അതിക്രമങ്ങള്‍; അറസ്റ്റ് ചെയ്യപ്പെട്ടത് 152 മുസ്‌ലിങ്ങള്‍

Date:

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങളും വിദ്വേഷ പ്രചാരണങ്ങളും വലിയ രീതിയില്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്.

സൗത്ത് ഏഷ്യ ജസ്റ്റിസ് കാമ്പയിന്‍പുറത്തുവിട്ട ‘ഇലക്ഷന്‍ വാച്ച്-യുപി, 2027’ റിപ്പോര്‍ട്ടാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. 2026 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളും വര്‍ഗീയ അക്രമങ്ങളും രേഖപ്പെടുത്തിയ റിപ്പോര്‍ട്ടിന്റെ ആദ്യ പതിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അറസ്റ്റിലായത് 152 മുസ്‌ലിങ്ങള്‍

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടന്ന ഹാഫ് എന്‍കൗണ്ടറുകളില്‍ കുറഞ്ഞത് 70 മുസ്‌ലിങ്ങള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് 152 മുസ്‌ലിങ്ങളെ പൊലീസ് അറസ്റ്റ് ചെയ്യുകയോ തടങ്കലിലാക്കുകയോ ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.

മാംസം കൈവശം വെച്ചതിന് പിടിയിലായ ഏഴ് സ്ത്രീകളും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചതിന് ജയിലിലായവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇതേ കാലയളവില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയ 21 വിദ്വേഷ പ്രസംഗങ്ങളില്‍ 10 എണ്ണവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് നടത്തിയതയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഉള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കള്‍ മദ്രസ വിദ്യാര്‍ത്ഥികളെ തീവ്രവാദികളോട് ഉപമിക്കുന്ന തരത്തില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ഇവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, 60ലധികം ആളുകളുടെ മരണത്തിനിടയാക്കിയ 2013ലെ മുസഫര്‍നഗര്‍ കലാപത്തിന് മുന്നോടിയായി വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെയുള്ള 25 ഹിന്ദുത്വ സംഘടനാ അംഗങ്ങള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ കോടതി സര്‍ക്കാരിന് അനുമതി നല്‍കുകയും ചെയ്തു.

വിദ്വേഷ കുറ്റകൃത്യങ്ങള്‍

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി ഉത്തര്‍പ്രദേശില്‍ കുറഞ്ഞത് 70 മുസ്‌ലിങ്ങള്‍ക്ക് ‘ഹാഫ്-എന്‍കൗണ്ടറുകളില്‍’ വെടിയേറ്റ് പരിക്കേറ്റതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ, നാല് മുസ്‌ലിങ്ങള്‍ സംശയാസ്പദമായ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ കൊല്ലപ്പെട്ടു. ബന്ധു ബുര്‍ഖ ധരിച്ചതിനെ ചോദ്യം ചെയ്തത് എതിര്‍ത്തതിനെ തുടര്‍ന്ന് 20 വയസുകാരനെ തല്ലിക്കൊന്നതും, ‘ലൗ ജിഹാദ്’ ആരോപിച്ച് സ്‌കൂള്‍ അധ്യാപകനെ വെടിവെച്ചുകൊന്നതും ഇതില്‍പ്പെടുന്നു.

ഇതോടെ 2026ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വിദ്വേഷക്കൊലകളുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. 2025ല്‍ ഇത് ഏഴായിരുന്നു. ഇതിനുപുറമേ, ‘ജയ് ശ്രീറാം’ വിളിക്കാന്‍ വിസമ്മതിച്ചതിന് ആക്രമിക്കപ്പെട്ട 12 വയസുകാരന്‍ ഉള്‍പ്പെടെ കുറഞ്ഞത് 16 പേര്‍ ക്രൂരമായ മര്‍ദനത്തിന് ഇരയായി.

ഈ 16 അക്രമ സംഭവങ്ങളില്‍ 14 കേസുകളിലും അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തില്ല എന്ന് മാത്രമല്ല, രണ്ട് കേസുകളില്‍ ഇരകള്‍ക്കെതിരെയാണ് പൊലീസ് നടപടിയെടുത്തതെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.

സ്വത്ത് നശിപ്പിക്കല്‍

ഒമ്പത് വ്യത്യസ്ത സംഭവങ്ങളിലായി മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ള കുറഞ്ഞത് 34 വീടുകളും ബിസിനസ് സ്ഥാപനങ്ങളും ആരാധനാലയങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സഹാരന്‍പൂരിലെ പള്ളി പൊളിച്ചതിനെ വിമര്‍ശിച്ചവര്‍ക്കെതിരെയും കേസെടുത്തിരുന്നു.

കൗശാംബിയില്‍ ഒരു ഫാക്ടറി സ്‌ഫോടനത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവനുസരിച്ച് ഒരു കുടുംബത്തിന്റെ എട്ട് കെട്ടിടങ്ങള്‍ അഞ്ച് ദിവസത്തിനുള്ളില്‍ തകര്‍ത്തു.

മറ്റൊരു നിര്‍ണായക നീക്കത്തിലൂടെ മദ്രസ ബോര്‍ഡിന് ബിരുദങ്ങള്‍ നല്‍കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഇത് ഇസ്‌ലാമിക് സ്‌കൂളുകളില്‍ പഠിക്കുന്ന 37,000-ത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവിയെ കടുത്ത അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.

പ്രതിപക്ഷത്തിനെതിരായ നടപടി

കസ്റ്റഡി മരണങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതില്‍ നിന്നും, പള്ളി പൊളിക്കുന്ന സ്ഥലങ്ങളില്‍ പോകുന്നതില്‍ നിന്നും പ്രതിപക്ഷ നേതാക്കളെ തടയാന്‍ ഭരണകൂടം വ്യാപകമായി ശ്രമിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇതിന്റെ ഭാഗമായി പ്രതിപക്ഷ രാഷ്ട്രീയക്കാരെ വിവിധ ജില്ലകളിലായി 12 തവണ വീട്ടുതടങ്കലിലാക്കി.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ മാത്രം സെപ്റ്റംബര്‍ മാസത്തില്‍ മൂന്ന് തവണയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Content Highlight: 16 hate-motivated attacks occurred in UP over two months; 152 Muslims arrested.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related