വാഷിങ്ടണ്‍: ആര്‍ട്ട് അസ് റെസിസ്റ്റന്‍സ്(Art As Resistance) പാനലില്‍ പങ്കെടുക്കാന്‍ വാഷിങ്ടണിലെത്തിയ കശ്മീരി ചലചിത്ര നിര്‍മാതാവ് അര്‍ഫാത്ത് ഷെയ്ഖിനെ യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തെന്ന് റിപ്പോര്‍ട്ട്.
സെപ്റ്റംബര്‍ 24ന് വാഷിങ്ടണ്‍ ഡുള്ളസ് വിമാനത്താവളത്തില്‍ നിന്നാണ് അര്‍ഫാത്ത് ഷെയ്ഖിനെ കസ്റ്റഡിയിലെടുത്തതെന്ന് ദി ഇന്‍ഡിപെന്റന്റ് റിപ്പോര്‍ട്ട് ചെയ്തു.
കാലിഫോര്‍ണിയയില്‍ നിന്നുള്ള വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ ഐ.സി.ഇ ഉദ്യോഗസ്ഥര്‍ ഷെയ്ഖിനെ വളഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും തന്റെ ഇമിഗ്രേഷന്‍ രേഖകള്‍ ഹാജരാക്കിയിട്ടും വാറന്റില്ലാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.
വാഷിങ്ടണ്‍ ഡി.സിയിലെ ബസ്‌ബോയ്‌സ് ആന്‍ഡ് പോയറ്റ്‌സില്‍ നടക്കാനിരുന്ന ആര്‍ട്ട് ആസ് റെസിസ്റ്റന്‍സ് പാനലില്‍ പങ്കെടുക്കാനെതിതയതായിരുന്നു 42കാരനായ സംവിധായകന്‍.
2019ല് ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ സിനിമയില്‍ ബിരുദാനന്തരബിരുദം നേടുന്നതിനായാണ് സ്റ്റുഡന്റ് വിസയില്‍ യു.എസില്‍ എത്തിയത്. തുടര്‍ന്ന് 2020ല്‍ രാജ്യത്ത് അഭയം തേടിയ ഷെയ്ഖ് വിര്‍ജിനിയയിലെ അലക്‌സാന്‍ഡ്രിയയിലാണ് താമസിക്കുന്നത്.
ഇപ്പോള്‍ വിര്‍ജിനിയയിലെ ബൗളിങ് ഗ്രീനിലുള്ള കരോലിന്‍ ഡിറ്റന്‍ഷന്‍ ഫെസിലിറ്റിയിലാണ് ഷെയ്ഖിനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
കസ്റ്റഡിയിലെടുക്കുമ്പോള്‍ ചലചിത്ര നിര്‍മാതാവ് താര ദൊറാബ്ജി ഷെയ്ഖിനൊപ്പമുണ്ടായിരുന്നെങ്കിലും അവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. പക്ഷേ, പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോവാന്‍ ദൊറാബ്ജിയെ അനുവദിച്ചില്ല.
2024ല്‍ പുറത്തിറങ്ങിയ സാഫ്രോണ്‍ കിങ്ഡം എന്ന സിനിമയുടെ നിര്‍മാതാവാണ് ഷെയ്ഖ്. പ്രശസ്ത കാശ്മീരി നാടോടി ഗായകന്‍ ഗുലാം നബി ഷെയ്ഖ് അര്‍ഫാത് ഷെയ്ഖിന്റെ പിതാവാണ്.
വേക് ഫോറസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി സാഫ്രോണ്‍ കിങ്ഡം തെരഞ്ഞടുത്തിരുന്നു. കശ്മീരിലെ സംഘര്‍ഷങ്ങള്‍ ബാധിക്കുന്ന കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രമാണിത്.
Content Highlight: Kashmiri filmmaker Arfat Sheikh detained by ICE en route to ‘Art as Resistance’ panel




