ടെല്‍ അവിവ്: സയണിസമാണ് ജൂതരുടെ ദുരന്തങ്ങള്‍ക്ക് കാരണമെന്നും അത് അറബികള്‍ക്കിടയില്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ജൂതന്മാരോട് വൈരാഗ്യം സൃഷ്ടിച്ചെന്നുമുള്ള ജ്യൂയിഷ് റബ്ബിയുടെ വാക്കുകള്‍ വിവാദമാകുന്നു.
ഇസ്രഈലിലെ ലിത്വാനിയന്‍ ഹരേദി സമൂഹത്തിന്റെ ആത്മീയ നേതാവും രാജ്യത്തെ മുതിര്‍ന്ന റാബൈമാരില് ഒരാളുമായ റബ്ബി ഡോവ് ലാന്‍ഡോയുടെ സ്വകാര്യ കൂടിക്കാഴ്ചയില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
നെതന്യാഹു സര്‍ക്കാരിന്റെ സഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ ഡെഗെല് ഹതോറായുടെ ആത്മീയ നേതാവാണ് ലാന്‍ഡോ. അതിനാല്‍ റബ്ബിയുടെ പരാമര്‍ശങ്ങള്‍ വലിയ വിവാദത്തിനാണ് വഴി വെച്ചിരിക്കുന്നത്.
മതസയണിസത്തെ രൂക്ഷമായി വിമര്‍ശിച്ച ലാന്‍ഡോ മനുഷ്യജീവന് രക്ഷിക്കുന്നതിന് പകരം സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമാണ് നിലവിലെ സൈനിക നടപടികള്‍ നടത്തുന്നതെന്നും പറഞ്ഞു.
‘സൈനികര്‍ പഠിക്കാത്തത് കൊണ്ടാണ് കൊല്ലപ്പെടുന്നത്. അവരെ രക്ഷിക്കാമായരുന്നു. അവരുടെ റാബൈമാര്‍ അവരെ പഠിപ്പിക്കുന്നത് വികലമായ തോറയാണ്. ജീവന് രക്ഷിക്കാനല്ല, അവര്‍ പലതും ചെയ്യുന്നത് രാജ്യത്തിന്റെ അഭിമാനത്തിനുവേണ്ടിയാണ്. തിന്മയ്ക്ക് വേണ്ടി അവര്‍ ആളുകളെ കൊല്ലുന്നു’, ലാന്‍ഡോ പറഞ്ഞു.
ഒരു സയണിസ്റ്റ് രാഷ്ട്രം സ്ഥാപിക്കുന്നതിനേക്കാള്‍ അറബ് ഭരണത്തിന് കീഴില്‍ ജീവിക്കുന്നതോ പ്രദേശത്തിന്റെ ഭരണം ഐക്യരാഷ്ട്രസഭയെ ഏല്പ്പിക്കുന്നതെ ആയിരിക്കും ഏറെ ഉചിതമെന്ന് അദ്ദേഹം പറഞ്ഞു.
‘ഒരു രാഷ്ട്രമില്ലാതെ ജീവിക്കാം. അറബികള്‍ക്കൊപ്പം ജീവിക്കാം. അറബികള്‍ ഇവിടെ ഭരിച്ചിരുന്ന കാലം വളരെ നല്ലതായിരുന്നു. അതായിരുന്നു ഏറ്റവും മികച്ച സാഹചര്യം. അറബികള്‍ ഭരിച്ചിരുന്നപ്പോള്‍ ജനങ്ങള്‍ അവരെ ബഹുമാനിക്കുകയും അവരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയും ചെയ്തിരുന്നു’, റബ്ബി പറഞ്ഞു.
സയണിസമാണ് അറബികള്‍ ഇസ്രഈലികളെ വെറുക്കാന്‍ കാരണമെന്നും അറബികളെ ബഹുമാനിക്കേണ്ടതായിരുന്നെന്നും ലാന്‍ഡോ പറഞ്ഞു. ജൂതരെ രക്ഷിക്കുമെന്ന് സയണിസം അവകാശപ്പെട്ടുവെങ്കിലും അത് ഇസ്രഈല്‍ ജനതയ്ക്ക് ആത്മീയവും ഭൗതികവും ആയുള്ള ദുരന്തങ്ങള്‍ക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം പറയുന്നു.
‘ഇന്നത്തെ മതേതര ജൂതര്‍ മതേതര ജൂതന്മാരല്ല. യഹൂദമതവുമായി ബന്ധമില്ലാത്ത ദൈവത്തിന്റ നാമത്തെ ഗുരുതരമായി അപമാനിക്കുന്നവരുമാണവര്. ദൈവത്തിന്റെ ജനമായ ഇസ്രഈല്‍ ജനത നാശത്തിന്റെയും മതനിഷേധത്തിന്റെയും ഒരു രാഷ്ട്രം സ്ഥാപിച്ചത് നമ്മള്‍ക്ക് വലിയൊരു പാഠമാണ്’, റബ്ബി ലാന്‍ഡോ പറയുന്നു.
റബ്ബിയുടെ വാക്കുകള്‍ ലജ്ജാവഹവും അപമാനകരവും ആന്റി സെമറ്റിക്കുമാണെന്ന് മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. ഐ.ഡി.എഫിനെതിരെ സംസാരിക്കുന്ന റാബൈയ്ക്കും സുഹൃത്തുക്കള്‍ക്കും കോടിക്കണക്കിന് ഷെക്കല്‍ ആണ് നെതന്യാഹുവും സ്മോട്രിച്ചും നല്‍കുന്നതെന്നും ബെന്നറ്റ് കൂട്ടിച്ചേര്‍ത്തു.
ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു റബ്ബിയുടെ വാക്കുകളെ അപലപിച്ചു. എന്നാല്‍ റബ്ബിയെ പിന്തുണച്ച ഡെഗല്‍ ഹതോറാ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വലിയ മതപരമായ അധികാരമുണ്ടെന്ന് വ്യക്തമാക്കി.
Content Highlight: Release of Confidential Rabbi Dov Landau Recording Sparks Controversy in Israel.




