8
October, 2026

A News 365Times Venture

8
Thursday
October, 2026

A News 365Times Venture

ഗോസംരക്ഷകര്‍ കന്നുകാലി കടത്തുകാരായി: ഛത്തീസ്ഗഡില്‍ മുന്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ അടക്കം 4 പേര്‍ പിടിയില്‍

Date:

റായ്പൂര്‍: കന്നുകാലി സംരക്ഷ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നുവെന്ന വ്യാജേന കന്നുകാലികളെ ശേഖരിക്കുകയും പിന്നീട് കന്നുകാലി കടത്തുകാര്‍ക്ക് വില്‍ക്കുകയും ചെയ്ത സംഭവത്തില്‍ മുന്‍ ബജ്റംഗ്ദള്‍ ഭാരവാഹി ഉള്‍പ്പെടെ നാല് പേരെ ഛത്തീസ്ഗഡില്‍ വെച്ച് അറസ്റ്റ് ചെയ്ത് പൊലീസ്.

കാങ്കര്‍ ജില്ലയിലെ നര്‍ഹര്‍പൂരില്‍ നിന്ന് ശേഖരിച്ച 41 കന്നുകാലികളെ അയല്‍ ജില്ലയായ ധംത്തരിയില്‍ (Dhamtari) 2.8 ലക്ഷം രൂപയ്ക്ക് വിറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
നര്‍ഹര്‍പൂരിലാണ് സംഭവങ്ങളുടെ തുടക്കം.

പ്രതികളായ ഗൗരവ് ഷോറിയും ഹിമാന്‍ഷു തിവാരിയും സ്വയം ഗോസംരക്ഷകരെന്ന വ്യാജേന പ്രാദേശിക ഗ്രാമീണരെയും ഗ്രാമസമിതി തലവന്‍ ശരധു മാണ്ഡവിയെയും സമീപിക്കുകയും, തെരുവില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ കാങ്കറിലെ പാണ്ഡ്രിപാനി ഗ്രാമത്തിലുള്ള ഗോശാലയില്‍ സുരക്ഷിതമായി എത്തിക്കാമെന്ന് വിശ്വസിപ്പിക്കുകയുമായിരുന്നു.

എന്നാല്‍ സെപ്റ്റംബര്‍ 30 ന് രാത്രി പ്രതികള്‍ 41 പശുക്കളെയും പശുക്കുട്ടികളെയും ആറ് പിക്കപ്പ് വാനുകളില്‍ കയറ്റി, വഴിതിരിച്ചുവിട്ട് ധമംത്തരിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഹേമന്ത് യാദവ് എന്നയാള്‍ക്ക് 2.8 ലക്ഷം രൂപയ്ക്ക് കൈമാറിയതായും പൊലീസ് പറഞ്ഞു.

സ്ഥിരമായി മേയാന്‍ പോകാറുള്ള തന്റെ പശുവും പശുക്കുട്ടിയും തിരികെ എത്താത്തതിനെ തുടര്‍ന്ന് പ്രാദേശിക കന്നുകാലി ഉടമയായ രവികാന്ത് താക്കൂര്‍ തിരച്ചില്‍ നടത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഷോറിയും തിവാരിയും ഗോശാലയിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന കന്നുകാലികളെ കൊണ്ടുപോയതായി ഗ്രാമീണര്‍ ഇയാളോട് പറഞ്ഞു.

തുടര്‍ന്ന് താക്കൂറും മറ്റ് ഗ്രാമീണരും പാണ്ഡ്രിപാനിയിലെ ഗൗശാലയില്‍ എത്തിയെങ്കിലും അവിടെ കന്നുകാലികളെ എത്തിച്ചിട്ടില്ലെന്ന് മനസിലായി. ഫോണിലൂടെയും നേരിട്ടും പ്രതികളോട് ചോദിച്ചപ്പോള്‍ അവര്‍ പരസ്പരവിരുദ്ധമായ മറുപടികള്‍ നല്‍കി. തുടര്‍ന്നാണ് കന്നുകാലി കടത്ത് പുറത്തറിയുന്നത്.

നര്‍ഹര്‍പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജാംഗാവ് സ്വദേശികളായ ഗൗരവ് ഷോറി, ഹിമാന്‍ഷു തിവാരി, മനീഷ് ബാഗേല്‍, വിശ്വനാഥ് കൗശിക് എന്നീ നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ധംത്തരിയില്‍ നിന്ന് 27 കന്നുകാലികളെ പൊലീസ് വീണ്ടെടുത്തു. വാങ്ങിയ ആളുടെ ശൃംഖലയെക്കുറിച്ചും പരിശോധിച്ചു വരികയാണെന്നും, ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ചിതറിപ്പോയ ബാക്കി മൃഗങ്ങള്‍ക്കായി തിരച്ചില്‍ സംഘം തിരച്ചില്‍ നടത്തുകയാണെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സോമേഷ് ബാഗേല്‍ പറഞ്ഞു.

സംഭവം കാങ്കറില്‍ വലിയ രാഷ്ട്രീയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ബജ്റംഗ്ദളിന്റെയും ബി.ജെ.പിയുടെയും കോലം കത്തിക്കുകയും ചെയ്തു. ഗോസംരക്ഷണത്തിന്റെ പേരില്‍ കാവി പതാകയേന്തുന്നവര്‍ കച്ചവട ആവശ്യങ്ങള്‍ക്കായി കന്നുകാലികളെ കടത്തുന്നതില്‍ പങ്കാളികളാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

എന്നാല്‍ ഷോറിയെ 18 മാസം മുമ്പ് സംഘടനയില്‍ നിന്ന് പുറത്താക്കിയതാണെന്നും മറ്റ് പ്രതികളുമായി സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ബജ്‌റംഗ്ദള്‍ നേതാവ് പറഞ്ഞു.
ഗോസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടക്കുന്ന കന്നുകാലി കടത്ത് ആരോപണങ്ങളിലേക്കാണ് ഈ കേസ് വീണ്ടും ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്.

Content Highlight: Cow protectors turn cattle smugglers: 4 arrested in Chhattisgarh, including a former Bajrang Dal activist.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related