ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സി.ജെ.പിയും പ്രതിപക്ഷപാര്‍ട്ടികളും നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കക്ഷികളെ തമ്മില്‍ തല്ലിക്കാന്‍ നടക്കുന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങളെ തിരിച്ചറിയണമെന്ന് സി.ജെ.പി നേതാവ് അഭിജീത് ദീപ്‌കെ. ദല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങളോട് പൊലീസും അധികാരികളും പെരുമാറുന്ന രീതി ചൂണ്ടിക്കാട്ടിയാണ് ദീപ്‌കെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.
‘ഖേല്‍ സമഛോ’ (കളി മനസിലാക്കൂ) എന്ന കാപ്ഷനോടെയാണ് ദീപ്‌കെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വ്യത്യസ്ത പ്രതിഷേധങ്ങളോട് വ്യത്യസ്ത രീതിയില്‍ പെരുമാറുന്നതിലൂടെ, സര്‍ക്കാര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരെ തമ്മില്‍ തല്ലിക്കാന്‍ നോക്കുകയാണെന്ന് ദീപ്‌കെ കുറിപ്പില്‍ പറഞ്ഞു.
‘സി.ജെ.പിക്ക് പ്രതിഷേധിക്കാന്‍ അനുമതി നല്‍കിയപ്പോള്‍, ഞങ്ങള്‍ ബി.ജെ.പി നിയോഗിച്ചവരാണെന്ന തരത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാന്‍ പലരും തിടുക്കം കാട്ടിയിരുന്നു’, ദീപ്‌കെ പറയുന്നു.
ഇന്ത്യാ മുന്നണി തിങ്കളാഴ്ച സംഘടിപ്പിച്ച വലിയ പ്രതിഷേധത്തില്‍ ഒക്ടോബര്‍ 10ന് നടത്തിയ പ്രതിഷേധത്തില്‍ കണ്ടതുപോലുള്ള പൊലീസ് അടിച്ചമര്‍ത്തല്‍ ഉണ്ടായില്ലെന്ന് ദീപ്‌കെ ചൂണ്ടിക്കാണിക്കുന്നു.
ഇത് സര്‍ക്കാരിന്റെ തന്ത്രമാണെന്നും അത് തിരിച്ചറിയണമെന്നും ദീപ്‌കെ പറഞ്ഞു.
‘എനിക്ക് എല്ലാവരോടും പറയാനുള്ളത് ഇത്തരം തന്ത്രങ്ങള്‍ തിരിച്ചറിയണമെന്നാണ്. ഇന്ന് ഒരു പ്രതിഷേധത്തിന് അനുമതി നല്‍കുകയും മറ്റൊന്നിനെ അടിച്ചമര്‍ത്തുകയും ചെയ്‌തേക്കാം. നാളെ ഇതിന്റെ വിപരീതവും സംഭവിക്കാം. അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യുന്നതിനുപകരം നമ്മള്‍ പരസ്പരം സംശയിച്ചുകൊണ്ടിരിക്കണമെന്നതാണ് അവരുടെ ലക്ഷ്യം’, കുറിപ്പില്‍ പറയുന്നു.
ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ നമ്മളെ ഭിന്നിപ്പിക്കാന്‍ അനുവദിക്കരുതെന്നും ഒരുമിച്ചുനില്‍ക്കേണ്ട സമയത്ത് പരസ്പരം പോരടിക്കുന്ന കെണിയില്‍ വീഴരുതെന്നും ദീപ്‌കെ മുന്നറിയിപ്പ് നല്‍കി.
ഗ്യാനേഷ് കുമാറിനും അദ്ദേഹത്തെ സംരക്ഷിക്കുന്നവര്‍ക്കുമെതിരെയാണ് പോരാട്ടമെന്നും ആ ലക്ഷ്യം മറന്നുപോകരുതെന്നും പറഞ്ഞുകൊണ്ടാണ് ദീപ്‌കെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlight: Abhijeet Dipke says not to fall for the conspiracy theories and dividing policies of the government.




