13
October, 2026

A News 365Times Venture

13
Tuesday
October, 2026

A News 365Times Venture

കോടതി ഫീസില്‍ 220 രൂപയുടെ കുറവ്; ഖാര്‍ഗേയുടെ തിരിച്ചറിയല്‍ രേഖയ്ക്ക് ക്ലാരിറ്റിയില്ല: ഇന്ത്യ മുന്നണിയുടെ ഹരജി സ്വീകരിക്കാതെ സുപ്രീം കോടതി രജിസ്ട്രി

Date:

ന്യൂദല്‍ഹി: എസ്.ഐ.ആറിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യ മുന്നണി നേതാക്കളും സമര്‍പ്പിച്ച സംയുക്ത ഹരജിയില്‍ സാങ്കേതിക പിഴവുകളുണ്ടെന്ന് സുപ്രീം കോടതി രജിസ്ട്രി.

14 പിഴവുകള്‍ ഉണ്ടെന്നാരോപിച്ച് ഹരജി ഫയലില്‍ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കോടതി ഫീസില്‍ 220 രൂപയുടെ കുറവുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പിന് വ്യക്തതയില്ലെന്നടക്കമുള്ള വാദങ്ങളാണ് രജിസ്ട്രി പറയുന്നത്.

ഈ പോരായ്മകള്‍ പരിഗണിക്കാതെ ഹരജി വാദത്തിനായി പരിഗണിക്കില്ലെന്നും രജിസ്ട്രി വ്യക്തമാക്കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളെ വ്യാപകമായി ഒഴിവാക്കുന്നുവെന്ന് ആരോപിച്ച് പാര്‍ലമെന്റില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ നേതാക്കള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് പിന്നാലെയാണ് തിങ്കളാഴ്ച റിട്ട് ഹരജി ഫയല്‍ ചെയ്തത്.

എന്നാല്‍ ഫയലിങ് ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് രജിസ്ട്രി പറയുന്നത്. ഹരജി സമര്‍പ്പിച്ച ഒമ്പതു നേതാക്കളുടെ വക്കാലത്ത് ഒപ്പിടാത്തതോ വിട്ടുപോയതോ ആയ നിലയിലാണെന്ന് രജിസ്ട്രി കണ്ടെത്തി. സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി യാദവ്, സഞ്ജയ് റാവത്ത്, എം.എ ബേബി, ഡി രാജ, മഹുവ , സുപ്രിയ സുലെ, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരുടെ അധികാരപത്രങ്ങളിലാണ് ഈ പ്രശ്‌നം കണ്ടെത്തിയത്.

ഇതിനുപുറമെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ട വിവാദ തീരുമാനങ്ങളുടെ പകര്‍പ്പുകള്‍ പെന്‍ഡ്രൈവിലാക്കി ഡിജിറ്റലായി ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. ഭരണഘടനയുടെ 32-ാം അനുച്ഛേദം അനുസരിച്ച് സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ എന്തിനാണ് വ്യക്തിപരമായി എതിര്‍കക്ഷികളാക്കിയതെന്ന കാര്യത്തിലും രജിസ്ട്രി വിശദീകരണം തേടിയിട്ടുണ്ട്.

10 ആവശ്യങ്ങളാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ മാത്രം വോട്ടര്‍ പട്ടികയില്‍ നിന്ന് 20 ലക്ഷത്തിലധികം പേരെ ഒഴിവാക്കിയെന്നാണ് പ്രതിപക്ഷ കക്ഷികള്‍ സമര്‍പ്പിച്ച ഹരജിയിലെ പുതിയ ആക്ഷേപം. മുന്നറിയിപ്പോ കൃത്യമായ നോട്ടീസോ നല്‍കാതെ വോട്ടര്‍മാരെ ഒഴിവാക്കരുതെന്നും പട്ടിക പുതുക്കല്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വോട്ടര്‍ പട്ടികയിലെ മാറ്റങ്ങളെക്കുറിച്ച് സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
നേരത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്തുമായി കൂടിക്കാഴ്ചയ്ക്ക് പ്രതിപക്ഷ നേതാക്കള്‍ സമയം തേടിയിരുന്നുവെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ അത്തരം കൂടിക്കാഴ്ചകള്‍ ജുഡീഷ്യല്‍ മര്യാദകള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ച് അദ്ദേഹം അത് നിരസിച്ചിരുന്നു.

ഔദ്യോഗികമായി ഹരജി നല്‍കിയാല്‍ നിയമപരമായ നടപടികള്‍ വേഗത്തിലാക്കാമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് നേതാക്കള്‍ കോടതിയെ സമീപിച്ചത്. രജിസ്ട്രി ആവശ്യപ്പെട്ട തിരുത്തലുകള്‍ വരുത്തി പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ച ശേഷമേ കേസ് കോടതി മുമ്പാകെ ലിസ്റ്റ് ചെയ്യൂ.

Content Highlight: Supreme Court Registry rejects India Front’s plea for reduction of Rs 220 in court fees; Kharge’s identity document not clear

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related