ന്യൂദല്ഹി: സി.ജെ.പി ആഹ്വാനം ചെയ്ത തിരംഗ മാര്ച്ച് ഏറ്റെടുത്ത് പ്രതിപക്ഷപാര്ട്ടികള്. എസ്.എഫ്.ഐ, ഐസ, എ.ഐ.എസ്.എഫ്, എന്.എസ്.യു.ഐ, ക്രാന്തികാരി യുവ സംഘതന്, തുടങ്ങിയ വിദ്യാര്ഥിസംഘടനകളും എ.എ.പി, സി.പി.ഐ.എം തുടങ്ങിയ രാഷ്ട്രീയ പാര്ട്ടികളും സി.ജെ.പിയ്ക്ക് ഒപ്പം പ്രതിഷേധത്തില് പങ്കുചേര്ന്നു. ദല്ഹിയ്ക്കൊപ്പം രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു.
മാര്ച്ചില് പങ്കെടുക്കാന് ഇറങ്ങിയ അഭിജീത് ദീപ്കെയെ വസതിയ്ക്ക് പുറത്ത് വെച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരംഗമാര്ച്ചുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ് നേഹ ബോറയെ മണ്ഡി ഹൗസിനടുത്ത് വെച്ച് നടത്തിയ മാര്ച്ചില് പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല് തലസ്ഥാനത്തിന്റെ പലഭാഗങ്ങളില് നിന്നായി വിവിധ വിദ്യാര്ഥി സംഘടനകളും പ്രതിപക്ഷപാര്ട്ടികളും ദേശീയ പതാകയേന്തി സെന്ട്രല് പാര്ക്കിലേക്ക് മാര്ച്ച് നടത്തി.
ജെ.എന്.യു.എസ്.യു, ഐസ, സി.പി.ഐ(എം.എല്)എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന ജെ.എന്.യു വിദ്യാര്ഥികള് നേഹ ബോറയുടെ നേതൃത്വത്തില് മണ്ഡി ഹൗസില് ഒത്തുചേര്ന്ന് കൊണാട്ട് പ്ലേസിലേക്ക് മാര്ച്ച് തുടങ്ങി. അവിടെ വെച്ചാണ് ദല്ഹി പൊലീസ് നേഹ ബോറയെ അറസ്റ്റ് ചെയ്ത് നീക്കിയത്.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് തുടങ്ങിയ ഇടത് സംഘടനകള് സംയുക്തമായി സെന്ട്രല് പാര്ക്കിലേക്ക് മാര്ച്ച് നടത്തി. ജോണ് ബ്രിട്ടാസ്, എ.എ. റഹീം, വി. ശിവദാസന് തുടങ്ങിയവര് മാര്ച്ചില് പങ്കെടുത്തു.
‘ഇന്ത്യയില് ദേശീയ പതാക നിരോധിച്ചിരിക്കുക എന്നത് വിചിത്രമാണ്. എത്ര ശക്തമായി അടിച്ചമര്ത്താന് ശ്രമിച്ചാലും ഞങ്ങള് ദേശീയപതാക ഉയര്ത്തിപ്പിടിച്ച് ദല്ഹിയിലെ തെരുവുകളില് പ്രതിഷേധം തുടരും’, ജോണ് ബ്രിട്ടാസ് പറഞ്ഞു.
200 അടിയിലധികം നീളമുള്ള ദേശീയ പതാകയുമേന്തിയാണ് ആം ആദ്മി പാര്ട്ടി പ്രവര്ത്തകര് സെന്ട്രല് പാര്ക്കിലേക്ക് മാര്ച്ച് ചെയ്തത്. സഞ്ജീവ് ഝാ, സൗരഭ് ഭരദ്വാജ് തുടങ്ങിയവര് പങ്കെടുത്തു.
നൂറ്റമ്പതോളം പ്രതിഷേധക്കാരെ ദല്ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഭിജീത് ദീപ്കെയെയോ നേഹ ബോറയെയോ എങ്ങോട്ടാണ് അറസ്റ്റ് ചെയ്ത് നീക്കിയതെന്ന വിവരം ലഭ്യമല്ല. നേഹ ബോറയെ അറസ്റ്റ് ചെയ്യുമ്പോള് വാഹനത്തിനുള്ളില് യൂണിഫോമിലല്ലാത്ത രണ്ട് പേര് ഉണ്ടായിരുന്നതായി ഐസ പ്രവര്ത്തകര് പറഞ്ഞു.
എവിടെയാണെന്ന് വെളിപ്പെടുത്താതെ ആളുകളെ തടങ്കലില് വെക്കുന്നത് നിയമവിരുദ്ധവും മനുഷ്യത്വ രഹിതവുമാണെന്ന് നേഹയും ദീപ്കെയും എവിടെ എന്ന് ചോദിച്ച് തമിഴ്നാട് മുന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് എക്സില് കുറിച്ചു.
സ്വതന്ത്ര ഇന്ത്യയില് ദേശീയ പതാക കൈയില് പിടിച്ച് സമാധാനപരമായി ജനാധിപത്യ അവകാശങ്ങള്ക്ക് വേണ്ടി സംസാരിച്ചതിന് യുവാക്കള് കസ്റ്റഡിയിലെടുക്കപ്പെടുകയാണെന്ന് മമതാ ബാനര്ജി പ്രതികരിച്ചു. ഒരു ഭീഷണിയ്ക്കും തടങ്കലിനും അധികാര ദുര്വിനിയോഗത്തിനും ജനാധിപത്യത്തിന്റെ ആത്മാവിനെ തകര്ക്കാന് സാധിക്കില്ലെന്നും വിയോജിക്കാനുള്ള അവകാശത്തിനും സ്വാതന്ത്രത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും മമത പറഞ്ഞു.
ബെംഗളൂരു ടൗണ് ഹാളിന് സമീപം സി.ജെ.പി തിരംഗ മാര്ച്ച നടത്തി. കര്ണാടക പൊലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു എന്ന് വാര്ത്തകള് വന്നിരുന്നു. എന്നാല് സമാധാനപരമായി തന്നെ ബെംഗളൂരുവില് തിരംഗ മാര്ച്ച് നടന്നു.
മുംബൈ ആസാദ് മൈതാനിലും പൊലീസിന്റെ അനുമതിയോടെ തിരംഗ മാര്ച്ച് നടന്നു.
തിരുവനന്തപുരത്ത് മാനവീയം വീഥിയില് നടന്ന പ്രതിഷേധത്തില് നടനും സാമൂഹികപ്രവര്ത്തകനുമായ പ്രകാശ് രാജ് പങ്കെടുത്തു.
Content Highlight: CJP’s Dipke, AISA’s Neha Bora detained ahead of Delhi stir.




