18
October, 2026

A News 365Times Venture

18
Sunday
October, 2026

A News 365Times Venture

ജീവിതച്ചെലവ് കുതിച്ചുയരുന്നു: തൊഴിലാളി യൂണിയനുകളുമായി ചേർന്ന് പോർച്ചുഗലിൽ ആയിരങ്ങൾ തെരുവിൽ

Date:

ലിസ്ബൺ: യൂറോപ്പിൽ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമാകുന്നതിനിടെ, പോർച്ചുഗലിൽ തൊഴിലാളി യൂണിയനുകളുമായി ചേർന്ന് ജനങ്ങളുടെ വൻ പ്രക്ഷോഭം.

കുതിച്ചുയരുന്ന ജീവിതച്ചെലവ്, അനിയന്ത്രിതമായ വീട്ടുവാടക, തുച്ഛമായ വേതനം എന്നിവയ്ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് ആളുകൾ ആണ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ തെരുവിലിറങ്ങിയത്.

തലസ്ഥാനമായ ലിസ്ബണിന് പുറമെ പോർട്ടോ, കോയിമ്പ്ര തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം വലിയ മാർച്ചുകളും സമ്മേളനങ്ങളും നടന്നു.

രാജ്യത്തെ പ്രധാന തൊഴിലാളി സംഘടനയായ ജനറൽ കോൺഫെഡറേഷൻ ഓഫ് പോർച്ചുഗീസ് വർക്കേഴ്സ് (സി.ജി.ടി.പി) ഫെഡറേഷന്റെ ആഹ്വാനപ്രകാരം വിവിധ ഭവന അവകാശ സംരക്ഷണ സംഘടനകളും സാധാരണക്കാരും കൈകോർത്താണ് ഈ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചത്.

ഉയർന്ന വേതനം, മെച്ചപ്പെട്ട പെൻഷൻ, കാര്യക്ഷമമായ പൊതുസേവനങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും ജീവിതച്ചെലവ് നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു.

ഭക്ഷ്യവസ്തുക്കൾ, വൈദ്യുതി, ഇന്ധനം എന്നിവയുടെ വില കുതിച്ചുയർന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് പൂർണമായും താളംതെറ്റിയ അവസ്ഥയിലാണെന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നത് പോലും പലർക്കും അപ്രാപ്യമായി മാറിയെന്നും യൂണിയൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

ഇതിനുപുറമെ ഭവനവായ്പകളുടെ പലിശയും വീട്ടുവാടകയും ക്രമാതീതമായി ഉയർന്നത് ജനജീവിതം കൂടുതൽ ദുസഹമാക്കിയിരിക്കുകയാണ്‌.
തലസ്ഥാന നഗരമായ ലിസ്ബണിൽ സി.ജി.ടി.പി ജനറൽ സെക്രട്ടറി തിയാഗോ ഒലിവേരയുടെ നേതൃത്വത്തിൽ കായ്സ് ഡോ സോദ്രെയിൽ നിന്ന് റോസിയോ സ്ക്വയറിലേക്ക് നീങ്ങിയ മാർച്ചിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു.

പൊതുസേവന മേഖലകൾ വലിയ തകർച്ചയിലാണെന്നും വേതനം വർധിപ്പിക്കാൻ ഭരണകൂടം തയ്യാറാകണമെന്നും നേതാക്കൾ തുറന്നടിച്ചു. പ്രതിഷേധം ന്യായമാണെങ്കിലും പ്രകടനങ്ങൾ സമാധാനപരവും നിയമപരവുമായിരിക്കണമെന്ന് ലിസ്ബൺ മേയർ പറഞ്ഞു.

പോർട്ടോ നഗരത്തിലും പ്രക്ഷോഭം ശക്തമായിരുന്നു. ചരിത്രപ്രസിദ്ധമായ പ്രാസ ദ ബത്താൽഹയിൽ നിന്ന് ആരംഭിച്ച മാർച്ചിൽ വാടക വർധനവിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി ടെന്റുകളും പ്ലക്കാർഡുകളുമായി നൂറുകണക്കിന് യുവാക്കൾ അണിനിരന്നു.

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ പ്രതിഷേധക്കാർ സ്ഥാപിച്ച താത്കാലിക ക്യാമ്പ് പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചതാണ് പോർട്ടോയിൽ പ്രതിഷേധത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.

ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോയിമ്പ്രയിലെ സിറ്റി ഹാളിന് മുന്നിലും തൊഴിലാളികളും വിദ്യാർത്ഥികളും ചേർന്ന് വലിയ മാർച്ച് സംഘടിപ്പിച്ചു.

പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജോസ് ലൂയിസ് കാർനെറോ, ജനങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും ജനങ്ങളെ നേരിടാൻ പൊലീസ് അനാവശ്യ ബലപ്രയോഗം നടത്തരുതെന്നും ആവശ്യപ്പെട്ടു.

പോർട്ടോയിൽ പൊലീസ് നടത്തിയ നടപടിയെക്കുറിച്ച് ഇപ്പോൾ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. അയൽരാജ്യമായ ഫ്രാൻസിലും ജീവിതച്ചെലവ് വർധനവിനെതിരെ നടന്ന സമാനമായ പ്രക്ഷോഭങ്ങൾ പൊലീസുമായുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറിയ പശ്ചാത്തലത്തിൽ, പോർച്ചുഗലിലെ സ്ഥിതിഗതികളും ഭരണകൂടം അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.

Content Highlight:Cost of living soars: Thousands take to the streets in Portugal alongside labor unions.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എസ്.ഐ.ആറിനെതിരെയുള്ള പ്രതിഷേധത്തില്‍ സി.ജെ.പിയ്‌ക്കൊപ്പം: പിന്നില്‍ നിന്ന് കുത്തുന്ന കോണ്‍ഗ്രസിനൊപ്പം ഇനിയില്ലെന്ന് സ്റ്റാലിന്‍

ചെന്നൈ: എസ്.ഐ.ആറിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനുമെതിരെയുള്ള പോരാട്ടത്തില്‍ സി.ജെ.പിയ്ക്ക്...