20
October, 2026

A News 365Times Venture

20
Tuesday
October, 2026

A News 365Times Venture

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് കോഡില്‍ പശ്ചിമ ബംഗാളിന് മാത്രമായുള്ള നിയന്ത്രണങ്ങള്‍ കണ്ടെത്തി; ഓഡിറ്റില്‍ വെളിപ്പെടുത്തല്‍

Date:

ന്യൂഡല്‍ഹി: ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടലായ ഇ.സി.ഐ നെറ്റില്‍, പശ്ചിമ ബംഗാളിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും (ERO) അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും (AERO) മാത്രം ബാധകമാകുന്ന ചില നിയന്ത്രണങ്ങള്‍ ഉള്ളതായി കണ്ടെത്തല്‍. ‘ചര്‍ച്ചാഗ്രാം’ എന്ന സിവിക്‌ടെക് സംരംഭം, പോര്‍ട്ടലിന്റെ പബ്ലിക് കോഡില്‍ നടത്തിയ ഒരു സ്വതന്ത്ര ഓഡിറ്റിലാണ് ഈ വിവരം പുറത്തുവന്നത്.

മറ്റ് സംസ്ഥാനങ്ങളിലെ ഇ.ആര്‍.ഒമാര്‍ക്കോ എ.ഇ.ആര്‍.ഒമാര്‍ക്കോ ഇത്തരമൊരു നിയന്ത്രണം കോഡില്‍ കാണപ്പെട്ടില്ല. ഒക്ടോബര്‍ രണ്ട്, ആറ്, ഏഴ്, ഒമ്പത് തീയതികളില്‍ ‘ചര്‍ച്ചാഗ്രാം’ ഡാറ്റാ സയന്റിസ്റ്റ് സൗരവ് രാജ്പുത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മറ്റ് സംസ്ഥാനങ്ങളിലെ ഇ.ആര്‍.ഒമാര്‍ക്കോ എ.ഇ.ആര്‍.ഒമാര്‍ക്കും ലഭ്യമായ സൗകര്യങ്ങള്‍ പശ്ചിമ ബംഗാളിലെ ഇ.ആര്‍.ഒമാര്‍ക്കും എ.ഇ.ആര്‍.ഒമാര്‍ക്കും ഉപയോഗിക്കാന്‍ കഴിയാത്ത വിധം വെബ്‌സൈറ്റ് കോഡില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കണ്ടെത്തി.

മറ്റ് സംസ്ഥാനങ്ങളിലെ ഓഫീസര്‍മാര്‍ക്ക് ലഭ്യമായ ‘വ്യൂ എന്യൂമറേഷന്‍ ഫോം ഡീറ്റെയില്‍സ്’ പേജ്, ‘നോട്ടീസ് ആന്റ് ഹിയറിങ്’ ഡാഷ്‌ബോര്‍ഡ് എന്നീ രണ്ട് പ്രധാന ഫീച്ചറുകള്‍ ആക്‌സസ് ചെയ്യുന്നതില്‍ നിന്ന് പശ്ചിമ ബംഗാളിലെ ഇ.ആര്‍.ഓ മാരെയും എ.ഇ.ആര്‍.ഓമാരെയും തടയാനുള്ള ഓപ്ഷന്‍ വെബ്‌സൈറ്റ് കോഡിലുണ്ടെന്നാണ് ചര്‍ച്ചാഗ്രാം കണ്ടെത്തിയത്.

‘വ്യൂ എന്യൂമറേഷന്‍ ഫോം ഡീറ്റെയില്‍സ്’ പേജില്‍ വോട്ടര്‍മാരുടെ പേരുകള്‍, ഐ.ഡി നമ്പരുകള്‍, അപ്്‌ലോഡ് ചെയ്ത രേഖകള്‍, ബൂത്ത് തല ഓഫീസറുടെ ശുപാര്‍ശകള്‍ എന്നിവ കാണാം. ‘നോട്ടീസ് ആന്റ് ഹിയറിങ് ഡാഷ്‌ബോര്‍ഡ്’ വോട്ടര്‍ രജിസ്‌ട്രേഷനും വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നോട്ടീസുകളും ഹിയറിങ്ങുകളും ട്രാക്ക് ചെയ്യുന്നു.

കൂടാതെ ഇ.ആര്‍.ഓ/ എ.ഇ.ആര്‍.ഓ ഡോക്യുമെന്റ്, ഹിയറിങ് ഓര്‍ഡര്‍ എന്ന് ലേബല്‍ ചെയ്ത രേഖകളും ഇതിലുണ്ട്. ഫോമുകള്‍ ബ്ലോക്ക് ലെവല്‍ ഓഫീസര്‍ക്ക് തിരിച്ചയക്കാനോ അല്ലെങ്കില്‍ ഫ്‌ലാഗ് ചെയ്യാനോ ഉള്ള ബട്ടണുകളും ഇതില്‍ ലഭ്യമാണ്.

സെപ്തംബര്‍ 28 മുതലെങ്കിലും ഈ ഫീച്ചര്‍ ആപ്പില്‍ ലഭ്യമാണെന്നാണ് കണ്ടെത്തല്‍. മുന്‍പത്തെ പതിപ്പില്‍ ഇത് ലഭ്യമായിരുന്നോ എന്ന വിവരം അറിയില്ലെന്നും അവയിലേക്ക് ആക്‌സസ് ഇല്ലെന്നും സൗരവ് രാജ്പുത് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വെബ്‌സൈറ്റില്‍ പരസ്യമായി ലഭ്യമാക്കിയ വിവരങ്ങളില്‍ മാത്രമാണ് ഓഡിറ്റ് നടത്തിയതെന്നാണ് സൗരവ് രാജ്പുത് പറഞ്ഞത്. സൈറ്റ് പരസ്യമായി നല്‍കുന്ന ഫ്രണ്ട് എന്‍ഡ് ജാവാസ്‌ക്രിപ്റ്റ് ബണ്ടില്‍ മാത്രമാണ് പരിശോധിച്ചതെന്നും ഇത് ആര്‍ക്കും ബ്രൗസറില്‍ തുറന്നുകാണാമെന്നും രാജ്പുത് പറഞ്ഞു.

എസ്.ഐ.ആര്‍ ഏറ്റവും കൂടുതല്‍ വിവാദമുണ്ടാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമബംഗാള്‍. 17.1 ലക്ഷം ആളുകളെയാണ് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. പശ്ചിമബംഗാളില്‍ ‘ലോജിക്കല്‍ ഡിസ്‌ക്രെപന്‍സി’ പരിശോധന എസ്.ഐ.ആര്‍ രണ്ടാം ഘട്ടത്തിനിടയില്‍ അവതരിപ്പിച്ചിരുന്നു. ഇ.ആര്‍.ഓയ്ക്ക് തീരുമാനിക്കുന്നതിന് പകരം, കരട് പട്ടികയില്‍ നേരത്തെ തന്നെ ഉള്‍പ്പെട്ടിരുന്ന വോട്ടര്‍മാരെ ഇ.സി.ഐ നെറ്റ് ഉപയോഗിച്ച് വിശദീകരിക്കപ്പെടാത്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്‌ലാഗ് ചെയ്യുകയായിരുന്നു.

എന്നാല്‍ ഇ.ആര്‍.ഒമാരായി നിയമിക്കേണ്ട ഉദ്യോഗസ്ഥരുടെ പദവിയെച്ചൊല്ലി ഇലക്ഷന്‍ കമ്മീഷനും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന്, ലോജിക്കല്‍ ഡിസ്‌ക്രെപന്‍സി പ്രക്രിയയുടെ ഹിയറിങ്ങുകള്‍ നീണ്ടുപോയി.

അപ്പീല്‍ നല്‍കിയ 22 ലക്ഷം പേരില്‍ 1607 പേരെ മാത്രമാണ് തെരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സെപ്തംബറോടെ തീര്‍പ്പാക്കിയ 1.26 ലക്ഷം അപ്പീലുകളില്‍ ഏകദേശം 93 ശതമാനത്തിലും വോട്ടര്‍മാരെ തിരികെ പട്ടികയിലേക്ക് കൊണ്ടുവന്നു. ഇത് വോട്ടെടുപ്പിന് മുമ്പ് വോട്ടവകാശം നിഷേധിക്കപ്പെട്ടവരുടെ എണ്ണത്തെ സൂചിപ്പിക്കുന്നു.

‘പശ്ചിമ ബംഗാള്‍ മുന്‍ സി.ഇ.ഒ മനോജ് അഗര്‍വാള്‍ ഒരു വോട്ട് കള്ളനാണ് (കൂടാതെ ഒരു കള്ളം പറയുന്ന ആളുമാണ്). ഞാന്‍ യാതൊരു തെളിവും നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹം കോടതിയില്‍ അവകാശപ്പെട്ടത്. അതുകൊണ്ട് ദശലക്ഷക്കണക്കിന് ആളുകളുടെ വോട്ടവകാശം നിഷേധിച്ച ഒരു വോട്ട് കള്ളനാണ് അദ്ദേഹമെന്ന് ഞാന്‍ എല്ലാ ദിവസവും തെളിയിക്കും.

ഫെബ്രുവരി/മാര്‍ച്ച് മാസങ്ങളില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം മേശയ്ക്ക് ഇരുപുറവുമിരുന്ന് സംസാരിക്കുകയും, ഇ.ആര്‍.ഒമാര്‍ക്ക് ഇത് ആക്‌സസ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പറയുകയും ചെയ്തതാണ്. അപ്പോള്‍ അദ്ദേഹം ക്രൂരമായി പരിഹസിച്ചു ചിരിക്കുകയാണ് ചെയ്തത്’, റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മഹുവ മോയ്ത്ര എം.പി എക്‌സില്‍ കുറിച്ചു.

Content Highlight: Audit finds Bengal-specific access curbs in ECINET code.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related