ഗസസിറ്റി: തെക്കന്‍ ഗസയിലെ നാസര്‍ ആശുപത്രിയിക്ക് നേരെ ഇസ്രഈല്‍ വ്യോമാക്രമണം. ആക്രമണത്തില്‍ കുറഞ്ഞത് ആറ് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ സിവില്‍ ഡിഫന്‍സ് സര്‍വീസ് വക്താവിനെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരു സര്‍ജനും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആശുപത്രിയിലെ സര്‍ജറി വിഭാഗത്തിലാണ് ഇസ്രഈല്‍ വ്യോമാക്രമണം നടന്നതെന്ന് ഗസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസാല്‍ അറിയിച്ചു. ഇസ്രഈല്‍ ആക്രമണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും അദ്ദേഹം വ്യക്തമാക്കി. റെസിക് അബുഷിര എന്ന സര്‍ജനാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഹമാസ് പോരാളികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രഈല്‍ സൈന്യം അവകാശപ്പെടുന്നത്. ആശുപത്രി സമുച്ചയം ഹമാസ് തങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള കമാന്‍ഡ് സെന്ററായി ഉപയോഗിക്കുന്നുണ്ടെന്ന് ഇസ്രഈല്‍ സൈന്യം ആരോപിച്ചു.
ആശുപത്രിക്ക് നേര്‍ക്ക് ഇസ്രഈല്‍ നടത്തിയ ആക്രമണം പൂര്‍ണമായും യുദ്ധക്കുറ്റകൃത്യമാണെന്ന് ഹമാസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ വെടിനിര്‍ത്തല്‍ കരാറിനെ അട്ടിമറിക്കാനാണ് ഇസ്രഈല്‍ ശ്രമിക്കുന്നതെന്ന് ഹമാസ് ടെലിഗ്രാമില്‍ പങ്കുവെച്ച സന്ദേശത്തില്‍ പറഞ്ഞു.
ഗാസയിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സിനു നേരെ നടന്ന ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യം നല്‍കിയ വിശദീകരണം അപലപനീയനമാണെന്നും സംഘടന പ്രതികരിച്ചു. അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷണം ലഭിക്കേണ്ട ഒരു സിവിലിയന്‍ മെഡിക്കല്‍ കേന്ദ്രത്തിന് നേരെ നടത്തിയ യുദ്ധക്കുറ്റം മറച്ചുവെക്കാനാണ് ഇസ്രഈല്‍ സൈന്യം ശ്രമിക്കുന്നത്. ഒരു സര്‍ജന്‍ ഉള്‍പ്പെടെ കുറഞ്ഞത് ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ട ഈ ആക്രമണത്തെ ന്യായീകരിക്കാനാണ് ഹമാസ് പോരാളികള്‍ ആശുപത്രിയെ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്ന ഇസ്രഈലിന്റെ വാദമെന്നും സംഘടന വ്യക്തമാക്കി.
ഒരു ഹീനമായ കുറ്റകൃത്യത്തെ ന്യായീകരിക്കാനുള്ള ശ്രമമാണ് ഇസ്രഈല്‍ നടത്തുന്നതെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. സിവിലിയന്മാര്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങള്‍ മൂടിവെക്കാന്‍ ഇസ്രാഈല്‍ തുടര്‍ച്ചയായി നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, ഇസ്രഈല്‍ നേതൃത്വത്തെ ഉത്തരവാദികളാക്കുന്നതിനും, അവര്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നത് തടയുന്നതിനും അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്രസഭയും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഇസ്രഈല്‍ നേതൃത്വം ശിക്ഷിക്കപ്പെടാതെ പോകുന്നത്, ഫലസ്തീന്‍ ജനതയ്ക്കെതിരായ ഉന്മൂലന യുദ്ധവും തുടര്‍ച്ചയായ അതിക്രമങ്ങളും നിര്‍ബാധം തുടരാന്‍ അവര്‍ക്ക് ഒത്താശ ചെയ്യുകയാണ് ചെയ്യുന്നതെന്നും ഹമാസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ കുറഞ്ഞത് 1,600 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചുയ 2023 ഒക്ടോബറില്‍ ഇസ്രഈല്‍ ഗാസയില്‍ ആക്രമണം ആരംഭിച്ചതുമുതല്‍ 74,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായും ഗാസയിലെ ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ ലംഘിച്ച് ഗസയില്‍ ചൊവ്വാഴ്ച ഇസ്രഈല്‍ പ്രതിരോധ സേന നടത്തിയ ആക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗസ സിറ്റിയുടെ തെക്കുകിഴക്കന്‍ ഭാഗമായ അല്‍-സെയ്തൂണിലെ ഒരു ഷെല്‍റ്ററിന് നേര്‍ക്കായിരുന്നു ആക്രമണം.
ഷെല്‍റ്ററിലേക്ക് ഇസ്രഈലി സേനയുടെ ഡ്രോണ്‍ ഇടിച്ചുകയറുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദറജ് മേഖലയില്‍ ഘുബൈന്‍ കുടുംബത്തിന്റെ വീടിന് നേരെയുണ്ടായ ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ മൂന്ന് പേരും കഴിഞ്ഞ ദിവസത്തില്‍ കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ നഗരമായ ഖാന്‍ യൂനുസില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഒരാളും മരിച്ചിരുന്നു
Content Highlight: Israeli strike on southern Gaza hospital kills six, Gaza civil defence says




