14
November, 2026

A News 365Times Venture

14
Saturday
November, 2026

A News 365Times Venture

ഹൂത്തികളുടെ ഡ്രോൺ, മിസൈൽ നിർമാണത്തിന് ഉപയോഗിക്കുന്ന ഘടകങ്ങളുടെ വിതരണം തടയും; ഉപരോധം പുതുക്കി യു.എൻ സുരക്ഷാ സമിതി

Date:

ന്യൂയോർക്ക്: യെമനിലെ ഹൂത്തി വിമതര്‍ക്കെതിരായ ഉപരോധങ്ങള്‍ പുതുക്കി ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി. ഡ്രോണുകളും മിസൈലുകളും നിര്‍മിക്കാന്‍ ഹൂത്തികള്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെയും സിവിലിയന്‍, സൈനിക ആവശ്യങ്ങള്‍ക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന മറ്റ് ഘടകങ്ങളുടെയും വിതരണം തടയാനാണ് നീക്കം.

15 അംഗ സമിതി ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം, യെമനില്‍ ഹൂത്തികള്‍ നടത്തുന്ന സൈനിക നീക്കങ്ങളെയും സൗദി അറേബ്യയ്‌ക്കെതിരായ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളെയും ശക്തമായി അപലപിച്ചു.

യെമനിലെ സൈനിക ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും സൗദി അറേബ്യയ്‌ക്കെതിരായ ആക്രമണങ്ങളും വാണിജ്യ കപ്പലുകള്‍ക്കുനേരെയുള്ള ഭീഷണികളും അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഔപചാരികമായ എതിര്‍പ്പുകളില്ലാത്തതിനാല്‍ വോട്ടെടുപ്പില്ലാതെയാണ് പ്രമേയം സമവായത്തിലൂടെ അംഗീകരിച്ചത്.

ഹൂത്തി നേതാക്കള്‍ക്കും അംഗങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന യാത്രാനിരോധനവും ആസ്തി മരവിപ്പിക്കലും 2027 നവംബര്‍ 14 വരെ നീട്ടി. ഉപരോധങ്ങള്‍ നിരീക്ഷിക്കുന്ന വിദഗ്ധ സമിതിയുടെ കാലാവധി 2027 ഡിസംബര്‍ 15 വരെയും പുതുക്കി.

ഹൂത്തികളുടെ ആക്രമണങ്ങളെ നേരിടുന്നതില്‍ യെമന്‍ സര്‍ക്കാരിനും സൗദി അറേബ്യയ്ക്കും ബ്രിട്ടന്റെ പിന്തുണയുണ്ടെന്നും അന്താരാഷ്ട്ര നിയമപ്രകാരം അവരുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്നതായും യു.എന്നിലെ ബ്രിട്ടന്റെ സ്ഥിരം പ്രതിനിധി സാറാ മക്കിന്റോഷ് പറഞ്ഞു. യെമനുമായി ബന്ധപ്പെട്ട സുരക്ഷാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ബ്രിട്ടനാണ്.

പ്രമേയം സമവായത്തിലൂടെ അംഗീകരിച്ചെങ്കിലും ചര്‍ച്ചകള്‍ അത്ര എളുപ്പമായിരുന്നില്ല. ഹൂത്തികളെ ‘ഭീകര സംഘടന’ എന്ന് വിശേഷിപ്പിക്കുന്ന പ്രയോഗം പ്രമേയത്തില്‍ ഉള്‍പ്പെടുത്താന്‍ ബ്രിട്ടന്‍ ശ്രമിച്ചിരുന്നു. 2022 മുതല്‍ മുന്‍ ഉപരോധ പ്രമേയങ്ങളില്‍ ഈ വിശേഷണം ഉപയോഗിച്ചിരുന്നു.

എന്നാല്‍, ഇത്തരം പ്രയോഗം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടി റഷ്യ എതിര്‍ത്തതോടെ ബ്രിട്ടന്‍ ഈ നീക്കത്തില്‍നിന്ന് പിന്മാറി. അമേരിക്കയുടെ പിന്തുണയോടെ ബഹ്റൈനും ഈ വിശേഷണം വീണ്ടും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അംഗങ്ങളുടെ പിന്തുണ ലഭിച്ചില്ല.

ഇരട്ട ഉപയോഗ വസ്തുക്കളുടെ പട്ടിക തയ്യാറാക്കുന്നതിനെയും വിദഗ്ധ സമിതിയുടെ ചുമതലകള്‍ വിപുലീകരിക്കുന്നതിനെയും ചൈനയും റഷ്യയും എതിര്‍ത്തു. സൊമാലിയയിലെ അല്‍-ഷബാബ് സംഘടനയുമായി ഹൂത്തികള്‍ക്കുള്ള ബന്ധത്തെക്കുറിച്ചുള്ള പരാമര്‍ശവും ചൈനയുടെയും റഷ്യയുടെയും കൗണ്‍സിലിലെ ആഫ്രിക്കന്‍ അംഗങ്ങളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് നീക്കം ചെയ്തു.

യമനിൽ വീണ്ടും ഉണ്ടായ ആക്രമണങ്ങൾ അവിടുത്തെ മാനുഷിക പ്രതിസന്ധി കൂട്ടിയെന്നും 340,000ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചെന്നും യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ സംസാരിച്ച ബ്രിട്ടീഷ് പ്രതിനിധി പറഞ്ഞു.

ഹൂത്തികൾ തായ്‌സിൽ തുടർച്ചയായി നടത്തുന്ന ഉപരോധത്തെ തുടർന്ന് ഭക്ഷ്യവസ്തുക്കളുടെ വില 50% വർധിച്ചെന്നും ആശുപത്രികളിൽ ഇന്ധനത്തിന്റെയും മരുന്നുകളുടെയും ക്ഷാമം ഉണ്ടായെന്നും ബ്രിട്ടീഷ് പ്രതിനിധി കൂട്ടിച്ചേർത്തു. മറ്റു തടസങ്ങളില്ലാതെ മാനുഷിക സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

യു.എൻ ജീവനക്കാരെയും മാനുഷിക പ്രവർത്തകരെയും ഹൂത്തികൾ തടങ്കലിൽ വെക്കുന്നതിനെ യു.കെ അപലപിക്കുന്നുവെന്നും തടങ്കലിലായ യു.എൻ ജീവനക്കാരൻ മുഹമ്മദ് അൽ ഷാമിയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും പ്രതിനിധി ആവശ്യപ്പെട്ടു.

അതേസമയം യമനിൽ സാധാരണക്കാർക്കെതിരായ ആക്രമണങ്ങൾ ഹൂത്തികൾ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭയും ചൂണ്ടിക്കാട്ടി.

യമനിലുടനീളം സാധാരണക്കാരുടെ വീടുകളിലും മാർക്കറ്റുകളിലും സുരക്ഷിതമെന്ന് കരുതിയിരുന്ന മറ്റ് സ്ഥലങ്ങളിലും ഡ്രോണുകൾ, മിസൈലുകൾ, വ്യോമാക്രമണങ്ങൾ, ഷെല്ലാക്രമണങ്ങൾ എന്നിവ വർധിക്കുകയാണെന്ന് യു.എൻ ഡെപ്യൂട്ടി വക്താവ് ഫർഖാൻ ഹഖ് പറഞ്ഞു.

അന്താരാഷ്ട്ര നിയമപ്രകാരം സാധാരണക്കാരുടെ ജീവൻ നഷ്ടമാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഹഖ് കൂട്ടിച്ചേർത്തു.

നവംബർ ആറിന് യെമനിലെ തായ്‌സിലെ മാർക്കറ്റിൽ നടന്ന വ്യോമാക്രമണത്തിൽ 30 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്.

യു.എന്നിന്റെ പ്രമേയത്തെ ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി സ്വാഗതം ചെയ്തു. പ്രമേയം കൊണ്ടുവരുന്നതിൽ യു.കെ നടത്തിയ ശ്രമങ്ങളെയും സെക്രട്ടറി ജനറൽ അഭിനന്ദിച്ചു.

ഹൂത്തി ആക്രമണങ്ങൾ തടയുന്നതിനുള്ള ഉറച്ച പ്രതിബദ്ധതയായി പ്രമേയത്തെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. യമന്റെ പരമാധികാരം ഐക്യം സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിൽ യെമൻ സർക്കാരിനുള്ള പിന്തുണ ജിസിസി ആവർത്തിച്ചു.

Content Highlight: UN Security Council renews sanctions against Houthi rebels in Yemen

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related