14
November, 2026

A News 365Times Venture

14
Saturday
November, 2026

A News 365Times Venture

അറബ് ന്യൂനപക്ഷത്തിനെതിരായ വംശീയ പ്രചാരണം: നെതന്യാഹുവിനെതിരെ ഗാദി ഐസന്‍കോട്ട്

Date:

ടെല്‍ അവീവ്: ഇസ്രഈലിലെ അറബ് ന്യൂനപക്ഷത്തിനെതിരെ വംശീയ പ്രചാരണം അഴിച്ചുവിടുകയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവെന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന യഷാര്‍ പാര്‍ട്ടി നേതാവ് ഗാദി ഐസന്‍കോട്ട്. ഹമാസുമായി ബന്ധപ്പെടുത്തിക്കൊണ്ട് അറബ് സമൂഹത്തിലെ ജനപ്രതിനിധികളുടെ വിശ്വാസ്യത തകര്‍ക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്നും വെള്ളിയാഴ്ച ഐസന്‍കോട്ട് പറഞ്ഞു.

20 ശതമാനത്തിലധികം അറബ് വംശജരാണ് ഇസ്രഈലിലുള്ളത്. രാജ്യത്തെ അറബ് പൗരന്മാരെ പിന്തുണച്ച് പ്രമുഖ ജൂത രാഷ്ട്രീയ നേതാവ് പരസ്യമായി രംഗത്തെത്തുന്നത് അപൂര്‍വമാണ്.

ഇസ്രഈലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചുമതല ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗില്‍ നിന്ന് ഐസന്‍കോട്ട് ഏറ്റുവാങ്ങിയരുന്നു. ഇതിന് പിന്നാലെ രാജ്യത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കിക്കൊണ്ട് എക്‌സില്‍ നീണ്ട കുറിപ്പ് പങ്കുവെച്ചിരുന്നു.

ഈ കുറിപ്പിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് മുതല്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിയും അനുയായികളും ചേര്‍ന്ന് അറബ് പൗരന്മാര്‍ക്കെതിരെ വംശീയവും അക്രമാസക്തവുമായ പ്രചാരണം നടത്തുകയാണെന്ന് ഐസന്‍കോട്ട് പറഞ്ഞത്.

ഒക്ടോബര്‍ 27ന് നടന്ന ഇസ്രഈല്‍ തെരഞ്ഞെടുപ്പില്‍ ഐസന്‍കോട്ടിന്റെ പാര്‍ട്ടി ഉള്‍പ്പെടുന്ന സഖ്യത്തിന് 53 സീറ്റുകള്‍ ലഭിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 61 സീറ്റുകള്‍ നേടാന്‍ ഇരുപക്ഷത്തിനും കഴിഞ്ഞില്ല. ഇതോടെ ഫലസ്തീന്‍ വംശജരായ് ഇസ്രഈലികളെ പ്രതിനിധീകരിക്കുന്ന അറബ് പാര്‍ട്ടികള്‍ നേടിയ 19 സീറ്റുകള്‍ നിര്‍ണായകമായി.

‘ഇസ്രഈലിന്റെ പ്രധാനമന്ത്രി എല്ലാ പൗരന്മാരുടെയും പ്രധാനമന്ത്രിയാണ്. തനിക്ക് വോട്ട് ചെയ്യാത്തവരുടേതും കൂടിയാണ്. ഇസ്രഈലി ചരിത്രത്തിന്റെ ഭാഗമാണ് അറബ് പൗരന്മാര്‍. അവരെ പാര്‍ശ്വവല്‍ക്കരിക്കാനും ഒരു വിഭാഗമെന്ന നിലയില്‍ അവരെ ഇകഴ്ത്തിക്കാട്ടാനുമുള്ള ശ്രമം രാഷ്ട്രവിരുദ്ധ പ്രവൃത്തിയാണ്,’ ഐസന്‍കോട്ട് കുറിച്ചു.

ഇത് സ്വാതന്ത്ര്യപ്രഖ്യാപനങ്ങളെയും യഹൂദ-ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ അഭിമാനിക്കുന്ന മൂല്യങ്ങളെയും അപമാനിക്കുന്നതാണെന്നും ഐസന്‍കോട്ട് കൂട്ടിച്ചേര്‍ത്തു.

‘അറബ് പാര്‍ട്ടികളുടെ പ്രതിനിധികളോട് ഒരാള്‍ക്ക് വിയോജിക്കാം, അവരില്‍ ചിലരോട് ആഗാധമായ വെറുപ്പ് പോലും തോന്നാം. എന്നാല്‍ ഒരു വിഭാഗത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്താനും ആര്‍ക്കും അവകാശമില്ല. അത്തരമൊരു നീക്കം അനുവദിക്കില്ല,’ അദ്ദേഹം പറഞ്ഞു.

അതേസമയം, അറബ് ഭൂരിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയെന്ന് നെതന്യാഹു ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. എന്നാല്‍ ഇസ്രഈലിലെ തെരഞ്ഞെടുപ്പ് അധികൃതര്‍ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു.

പരമാവധി ആറാഴ്ചക്കുള്ളില്‍ ഐസന്‍കോട്ട് സര്‍ക്കാര്‍ രൂപീകരിക്കണം. 28 ദിവസമാണ് സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കേണ്ട സാധാരണ സമയ പരിധി. ഇതിന് സാധിക്കാതെ വന്നാല്‍ പ്രസിഡന്റിന് 14 ദിവസം കൂടി സമയം നീട്ടിനല്‍കാന്‍ അവകാശമുണ്ട്.

Content Highlight:  Eisenkot slams Netanyahu’s ‘racist’ campaign against Palestinian Israelis.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related