ന്യൂദൽഹി: ഭക്ഷണപാക്കറ്റുകളിൽ വ്യക്തമായ മുന്നറിയിപ്പ് നൽകണമെന്ന കർശന ഉത്തരവിറക്കി സുപ്രീം കോടതി.
ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് കൂടുതലുള്ള പാക്കറ്റുകളിൽ മുന്നറിയിപ്പ് നൽകുന്നതിന് ഷഡ്‌ഭുജ ആകൃതിയിലുള്ള പ്രത്യേക ലേബൽ നിർബന്ധമാക്കണമെന്ന സർക്കാർ നിർദേശമാണ് സുപ്രീം കോടതി കർശനമാക്കിയത്.
നവംബർ 26 (വ്യാഴാഴ്ച ) നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് കോടതി ഇക്കാര്യം നിർദേശിച്ചത്.
എല്ലാത്തിനും കൂടി ഒരു ചിഹ്നം നല്കുന്നതിന് പകരം ഓരോ ഘടകത്തിനും പ്രത്യേക ഷഡ്‌ഭുജ ആകൃതിയിലുള്ള ലേബൽ നൽകണമെന്നും അതാത് ചിത്രങ്ങൾക്കൊപ്പം ‘High Fat’ ( കൊഴുപ്പ് കൂടുതൽ), ‘High Sugar’ (പഞ്ചസാര കൂടുതൽ), ‘High Salt’ (ഉപ്പ് കൂടുതൽ) എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്നും കോടതി പറഞ്ഞു.
പാക്കറ്റുകളിൽ ശാസ്ത്രീയമായ അളവുകോലുകൾ, കൂടുതൽ വ്യക്തമായ ലേബലുകൾ, കുട്ടികൾക്കിടയിൽ പോഷകാഹാരങ്ങളുടെ അവബോധം എന്നിവയും നിർബന്ധമാക്കണമെന്ന് എഫ്.എസ്.എസ്.എ.ഐയോട് സുപ്രീം കോടതി നിർദേശിച്ചു.
ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.
പാക്കറ്റുകളിലെ ഓരോ ഘടകത്തിന്റെയും പരിധി പുനപരിശോധിക്കണമെന്നും പരിധിയിൽ കൂടുതൽ അടങ്ങിയ ഉത്പന്നങ്ങളിൽ മുന്നറിയിപ്പ് നൽകണമെന്നും കോടതി നിർദേശിച്ചു
2024 ലെ ഭക്ഷണ മാർഗ നിർദേശങ്ങളിൽ ഉത്പന്നങ്ങളിൽ ചേർത്ത പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അടിസ്ഥാനത്തിലാണ് പരിധി നിശ്ചയിച്ചിരുന്നതെന്നും അതേപടി സ്വീകരിക്കരുതെന്നും കോടതി പറഞ്ഞു.
2020 ലെ ചട്ടങ്ങൾ ഉൾപ്പടെ നിലവിലുള്ള ലേബലിങ് നിയമങ്ങളടക്കം കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാരിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു.
പാഠപുസ്തകങ്ങളിലൂടെ മാത്രമല്ലാതെ വർക്ക് ഷോപ്പുകളിലൂടയും പഠ്യേതര പ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്ക് പോഷകാഹാരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകണമെന്നും കോടതി നിർദേശിച്ചു.
ഭക്ഷണ പാക്കറ്റുകളിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലാത്തതിനെതിരെ 3എസ് ആൻഡ് അവർ ഹെൽത്ത് സൊസൈറ്റി (3S and Our Health Society) എന്ന സന്നദ്ധ സംഘടനാ നൽകിയ ദീർഘകാലമായുള്ള കേസിലാണ് ഈ സുപ്രധാന വിധി.
എന്നാൽ ലേബലിങ് പദ്ധതിക്കെതിരെ ഭക്ഷ്യ കമ്പനികളുടെ ഭാഗത്തുനിന്നും എതിർപ്പുകളുയർന്നിരുന്നു. വ്യവസായ മേഖലയിൽ നിന്നുള്ള എതിർപ്പുകളെ തുടർന്ന് നേരത്തെ സർക്കാർ ഒരു നിർദേശം മാറ്റിവച്ചിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
റോയിറ്റേഴ്‌സിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ പാക്കറ്റ് ഭക്ഷണ വിപണിക്ക് 100 ബില്യൺ ഡോളറിലധികം മൂല്യമുണ്ട്.
20250ഓടെ ഏകദേശം 45കോടി ഇന്ത്യക്കാർ അമിതവണ്ണമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആയി മാറുമെന്ന് പ്രമുഖ മെഡിക്കൽ ജേർണലായ ‘ദി ലാൻസെറ്റ്’ നടത്തിയ പഠനത്തിൽ പറയുന്നു.
Content Highlight: Supreme Court asks FSSAI to make warning labels on food packets stricter.




