26
November, 2026

A News 365Times Venture

26
Thursday
November, 2026

A News 365Times Venture

ട്രംപുമായുള്ള കൂടിക്കാഴ്ച അവഗണിച്ച് കിം ജോങ് ഉൻ; ആണവായുധ ശേഖരം വിപുലീകരിക്കുമെന്ന് പ്രഖ്യാപനം

Date:

പ്യോങ്യാങ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നയതന്ത്ര ചർച്ചകൾക്ക് സന്നദ്ധത അറിയിച്ചിട്ടും ആണവായുധ പദ്ധതി വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. രാജ്യത്തെ രണ്ട് ആണവ ഉത്പ്പാദന കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് ആണവായുധ ശേഖരം ശക്തിപ്പെടുത്താനുള്ള തീരുമാനം കിം ആവർത്തിച്ചത്.

ബുധനാഴ്ച മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കൊപ്പമായിരുന്നു കിമ്മിന്റെ സന്ദർശനം. യുറേനിയം സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്ന സെൻട്രിഫ്യൂജുകളുടെ നിരകൾക്കിടയിലൂടെ കിം നടന്നുപോകുന്ന ചിത്രങ്ങൾ ഉത്തരകൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസികൾ പുറത്തുവിട്ടു.

രാജ്യത്തിന്റെ ആണവ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കിം പറഞ്ഞു. ആണവായുധങ്ങളുടെ എണ്ണത്തിലും ശേഷിയിലും വർധനവുണ്ടാക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആണവായുധ ശേഖരം വർധിപ്പിക്കുന്നത് തുടരുമെന്നും കുറഞ്ഞ പ്രഹരശേഷിയുള്ള ആണവായുധങ്ങൾ കൂടുതൽ വികസിപ്പിക്കണമെന്നും കിം പറഞ്ഞു.

അമേരിക്കയുടെ സൈനിക നീക്കങ്ങളാണ് മേഖലയിൽ ആണവ ഭീഷണി വർധിപ്പിക്കുന്നതെന്ന് കിം ആരോപിച്ചു. ദക്ഷിണ കൊറിയയുമായുള്ള അമേരിക്കയുടെ സൈനിക സഹകരണത്തെയും അദ്ദേഹം വിമർശിച്ചു.

അതേസമയം, കിമ്മുമായി കൂടിക്കാഴ്ച നടത്താൻ താത്പര്യമുണ്ടെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏഷ്യൻ സന്ദർശനത്തിനിടെ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാൻ ട്രംപ് ശ്രമിച്ചെങ്കിലും ചർച്ച നടന്നില്ല. എന്നാൽ, തന്റെ വാഗ്ദാനം കിം അവഗണിച്ചിട്ടില്ലെന്നും മറ്റൊരു അവസരത്തിൽ കൂടിക്കാഴ്ച നടക്കുമെന്നും ട്രംപ് പ്രതികരിച്ചു.

2019-ൽ ട്രംപും കിമ്മും തമ്മിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഉത്തരകൊറിയ ആണവായുധ പദ്ധതി വിപുലീകരിക്കുകയാണ്. ആണവ നിരായുധീകരണവും ഉപരോധങ്ങളിൽ ഇളവും സംബന്ധിച്ച് ഇരുരാജ്യങ്ങൾക്കും ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല.

യോങ്ബിയോണിലെ ആണവ കേന്ദ്രത്തിൽ യുറേനിയം സമ്പുഷ്ടീകരണം വർധിപ്പിക്കുന്നതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുൻപ് ഉത്തരകൊറിയക്കെതിരായ ശത്രുതാപരമായ നയം അവസാനിപ്പിക്കണമെന്നും ആണവ രാഷ്ട്രമെന്ന പദവി അംഗീകരിക്കണമെന്നും കിം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ റഷ്യയുമായും ചൈനയുമായും ബന്ധം ശക്തിപ്പെടുത്താനും ഉത്തരകൊറിയ നീക്കം നടത്തുന്നുണ്ട്.

Content Highlight:Kim Jong Un snubs meeting with Trump; announces expansion of nuclear arsenal.

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related