മുംബൈ: മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ഒക്ടോബര്‍ രണ്ടിന് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ അഭിജീത് ദീപ്‌കെ, അശുതോഷ് റങ്ക എന്നിവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
പാസ്‌പോര്‍ട്ട് രേഖകളിലെ ക്രമക്കേടുകള്‍ ആരോപിച്ച് സി.ജെ.പി വക്താവ് സൗരവ് ദാസിനെതിരെ വ്യാഴാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മുംബൈ പൊലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിട്ടും സി.ജെ.പി പരിപാടിയുമായി മുന്നോട്ട് പോവുകയായിരുന്നുവെന്നാണ് ആരോപണം.
ഒക്ടോബര്‍ മൂന്നിന് ശിവാജി പാര്‍ക്ക് പൊലീസ് സ്‌റ്റേഷനിലാണ് സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിഷേധത്തിന്റെ സംഘാടകരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ എഫ്.ഐ.ആറില്‍ തിരിച്ചറിയാത്ത 400 മുതല്‍ 500 വരെ പ്രതിഷേധക്കാരെയും പരാമര്‍ശിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 189, 223 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുസേവകന്‍ പുറപ്പെടുവിച്ച ഉത്തരവ് ലംഘിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണിവ. മഹാരാഷ്ട്ര പൊലീസ് നിയമത്തിലെ വ്യവസ്ഥകളും ചുമത്തിയിട്ടുണ്ട്.
നവംബര്‍ 23 തിങ്കളാഴ്ച രാത്രി ലണ്ടനിലേക്ക് പോകാനായി ഡല്‍ഹി വിമാനത്താവളത്തിലെത്തിയ സൗരവ് ദാസിനെ വിമാനം കയറുന്നതിന് മുമ്പ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ഓക്‌സ്ഫഡില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് യാത്ര ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇമിഗ്രേഷന്‍ കൗണ്ടറിലെത്തിയപ്പോഴാണ് തന്റെ പാസ്‌പോര്‍ട്ടിനെതിരെ മുന്നറിയിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അറിഞ്ഞതെന്നും ദാസ് പറഞ്ഞു. ഇതിനെതിരെയാണ് അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
മുംബൈ പൊലീസിന്റെ ആവശ്യപ്രകാരമാണ് സൗരവ് ദാസിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച കോടതിയെ അറിയിച്ചു. പാസ്‌പോര്‍ട്ട് രേഖകളില്‍ വിദ്യാഭ്യാസം, വിലാസം, മാതാപിതാക്കളുടെ വിവരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകളുണ്ടെന്നും ഇത് ദാസിന്റെ ഇന്ത്യന്‍ പൗരത്വം സംബന്ധിച്ച് സംശയങ്ങളുയര്‍ത്താമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ ജസ്റ്റിസ് അമിത് മഹാജനോട് പറഞ്ഞു.
അതേസമയം, വിമാനത്താവളത്തിലെത്തിയതിന് ശേഷമാണ് തന്റെ കക്ഷിക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതെന്ന് ദാസിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഖില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. യാത്ര നിയന്ത്രിക്കുന്ന ഉത്തരവോ ലുക്ക് ഔട്ട് സര്‍ക്കുലറോ സംബന്ധിച്ച് മുന്‍കൂട്ടി അറിയിക്കാതെയും അതിന്റെ പകര്‍പ്പ് നല്‍കാതെയും ഒരാളെ രാജ്യം വിടുന്നതില്‍ നിന്ന് എങ്ങനെ തടയാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
ഭരണഘടനാ ദിനമായ നവംബര്‍ 26ന് അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ മീററ്റിലേക്ക് പോയ സൗരവ് ദാസിനെ പൊലീസ് തടഞ്ഞുവെച്ചിരുന്നു.
വ്യാഴാഴ്ച സി.ജെ.പി നാഗ്പൂറില്‍ സേവ് ഡെമോക്രസി, സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ റാലി നടത്തുന്നുണ്ട്.
Content Highlight: Look-out circular issued against Abhijit Deepke and Ashutosh Ranka, following the one against Sourav Das.




