ഇന്ത്യൻ വിപണിയിലെ താരമാകാൻ പുതിയ രൂപത്തിലും ഭാവത്തിലും ഹീറോ കരിസ്മ എക്സ്എംആർ 210 എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം


ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച മോട്ടോർസൈക്കിളാണ് ഹീറോ ഹോണ്ട കരിസ്മ. മികച്ച പെർഫോമൻസും, കിടിലൻ ഡിസൈനുമാണ് മറ്റു മോഡലുകളിൽ നിന്നും ഹീറോ ഹോണ്ട കരിസ്മയെ വ്യത്യസ്ഥമാക്കിയത്. ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ടയും, ഇന്ത്യയിലെ വലിയ ടൂ വീലർ നിർമ്മാതാക്കളായ ഹീറോയും ചേർന്നുള്ള സംയുക്ത പങ്കാളിത്തത്തിലൂടെയാണ് ഹീറോ ഹോണ്ട കരിസ്മയ്ക്ക് രൂപം നൽകിയത്. എന്നാൽ, കുറഞ്ഞ വർഷങ്ങൾ മാത്രമാണ് ഈ മോഡലിന് വിപണിയിൽ തിളങ്ങാൻ സാധിച്ചത്. ഏതാനും വർഷങ്ങൾ പരാജയം രുചിച്ചെങ്കിലും, ഇത്തവണ ഗംഭീര തിരിച്ചുവരവിനാണ് ഈ മോഡൽ ഒരുങ്ങുന്നത്.

പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്ന ഹീറോ കരിസ്മ എക്സ്എംആർ 210 ഈ മാസം 29ന് വിപണിയിൽ അവതരിപ്പിക്കുന്നതാണ്. മുൻഗാമിയെ പോലെ ഫുള്ളി ഫെയർഡ് സ്പോർട്ടി സ്റ്റൈലിംഗ് പ്രതീക്ഷിക്കാവുന്നതാണ്. എൽഇഡി ഹെഡ് ലാമ്പുകൾ, മസ്കുലാർ ഫ്യുവൽ ടാങ്ക്, സ്പ്ലീറ്റ് സീറ്റ്-അപ്പ്, സ്റ്റബി എക്സ് ഹോസ്റ്റ്, ഉയരമുള്ള വിൻഡ് സ്ക്രീൻ, ഡിജിറ്റൽ ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്ടിവിറ്റി സംവിധാനമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ-ചാനൽ എബിഎസ് ഉള്ള ഡിസ്ക് ബ്രേക്കുകൾ തുടങ്ങിയ അത്യാധുനിക ഫീച്ചറുകൾ നൽകാൻ സാധ്യതയുണ്ട്. ലിക്വിഡ് കൂൾഡ് മോട്ടോറും, ട്രെല്ലിസ് ഫ്രെയിമും ലഭിക്കുന്ന ഹീറോയുടെ ആദ്യ മോട്ടോർസൈക്കിൾ എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. ഏകദേശം 1.5 ലക്ഷം രൂപ മുതൽ 1.6 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാവുന്നതാണ്. പഴയ പാരമ്പര്യത്തിന്റെ പിൻബലത്തിൽ നിരവധി ആളുകളെ ആകർഷിക്കാൻ കരിസ്മയ്ക്ക് വീണ്ടും സാധിക്കുമെന്നാണ് വിലയിരുത്തൽ.