പുത്തൻ ഡിസൈനിൽ മിഡ് റേഞ്ച് എസ്‌യുവിയുമായി ടൊയോട്ട എത്തുന്നു, ലക്ഷ്യമിടുന്നത് വമ്പൻ പദ്ധതികൾ


ഇന്ത്യൻ ഓട്ടോമൊബൈൽ വിപണി കീഴടക്കാൻ മിഡ് റേഞ്ച് സെഗ്മെന്റിൽ എസ്‌യുവിയുമായി ടൊയോട്ട എത്തുന്നു. പ്രമുഖ ജാപ്പനീസ് വാഹനനിർമ്മാതാക്കളായ ടൊയോട്ട വമ്പൻ പദ്ധതികൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും ചുവടുകൾ ശക്തമാക്കുന്നത്. 7 സീറ്റർ ആയി എത്തുന്ന പുതിയ മോഡലിന് ഇപ്പോൾ ‘340D’ എന്നാണ് കോഡ് നൽകിയിരിക്കുന്നത്. 2025-26 ഓടെ പുതിയ മോഡൽ എസ്‌യുവി ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ് ടൊയോട്ടയുടെ തീരുമാനം. മഹീന്ദ്ര എസ്‌യുവി 700, ടാറ്റ ഹാരിയർ, എംജി ഹെക്ടർ എന്നിവയ്ക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിലായിരിക്കും ടൊയോട്ടയുടെ വരവ്.

7 സീറ്റർ മോഡൽ ആയതിനാൽ അംഗസംഖ്യ കൂടുതൽ ഉള്ള കുടുംബങ്ങൾക്ക് അനുയോജ്യമായിരിക്കും. ഏകദേശം 14 ലക്ഷം രൂപ മുതൽ വില പ്രതീക്ഷിക്കാവുന്നതാണ്. ഇന്ത്യൻ വിപണിയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ പ്ലാന്റുകൾ നിർമ്മിക്കാനും ടൊയോട്ട പദ്ധതിയിടുന്നുണ്ട്. നിലവിൽ, ഇന്ത്യയിൽ രണ്ട് പ്ലാന്റുകളാണ് ടൊയോട്ടയ്ക്ക് ഉള്ളത്. ഈ രണ്ട് പ്ലാന്റും ബെംഗളൂരുവിലാണ് സ്ഥിതി ചെയ്യുന്നത്. മൂന്നാമത്തെ ബെംഗളൂരുവിൽ സ്ഥാപിക്കാനാണ് തീരുമാനം. ഈ പുതിയ പ്ലാനിലായിരിക്കും മിഡ് റേഞ്ച് എസ്‌യുവി നിർമ്മിക്കാൻ സാധ്യത.