പുതുവർഷത്തിൽ പുത്തൻ ഇലക്ട്രിക് കാർ എന്ന സ്വപ്നം കാണുന്നവർക്കായി ആകർഷകമായ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ കമ്പനികൾ. ഈ വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഹ്യുണ്ടായി, മഹീന്ദ്ര അടക്കമുള്ള പ്രമുഖ വാഹന നിർമ്മാതാക്കൾ തിരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ കിഴിവുകൾ നൽകുന്നത്. കമ്പനികളും അവ നൽകുന്ന പ്രധാന ഓഫറുകളും എന്തൊക്കെയെന്ന് അറിയാം.
ഹ്യുണ്ടായ് കോന ഇ.വി
ഇന്ത്യൻ വിപണിയിലെ ആദ്യത്തെ ഇലക്ട്രിക് കാർ എന്ന സവിശേഷതകളോടെ ഹ്യുണ്ടായ് അവതരിപ്പിച്ച മോഡലാണ് കോന ഇ.വി. ഈ മോഡലിന്റെ എക്സ് ഷോറൂം വില 23.84 ലക്ഷം രൂപ വരെയാണെങ്കിലും, ഡിസംബർ ഓഫറിന്റെ ഭാഗമായി 3 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്കൗണ്ടാണ് ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്നത്.
മഹീന്ദ്ര എക്എസ്‌യുവി 400
മഹീന്ദ്ര പുറത്തിറക്കിയ ഇലക്ട്രിക് കോംപാക്ട് എസ്‌യുവിയാണ് മഹീന്ദ്ര എക്എസ്‌യുവി 400. എക്സ് ഷോറൂമിൽ 15.99 ലക്ഷം മുതൽ 19.39 ലക്ഷം വരെയാണ് ഈ മോഡലിന്റെ വില. ഈ മാസം എക്എസ്‌യുവി 400 വാങ്ങുന്നവർക്ക് 3.2 ലക്ഷം രൂപ വരെയാണ് ഡിസ്കൗണ്ട് ലഭിക്കുക.
എംജി കോമെറ്റ് ഇവി
എംജിയുടെ കുഞ്ഞൻ വൈദ്യുത കാറാണ് കോമെറ്റ്. പേസ്, പ്ലേ, പ്ലഷ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വിപണിയിൽ എത്തിച്ച ഈ മോഡലിന്റെ എക്സ് ഷോറൂം വില 7.98 ലക്ഷം രൂപയാണ്. ഡിസംബർ ഓഫറായി 65,000 രൂപ വരെയാണ് ക്യാഷ് ഡിസ്‌കൗണ്ട് നൽകുന്നത്.