കാർ നിർമ്മാണ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി പ്രമുഖ ചൈനീസ് കമ്പനിയായ ഷവോമി. ലാപ്ടോപ്പ്, സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്ത് പ്രത്യേക കയ്യൊപ്പ് പതിപ്പിച്ച ഷവോമി ഇതാദ്യമായാണ് കാർ നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്നത്. മാസങ്ങൾക്കു മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ ഷവോമി നൽകിയിരുന്നു. അടുത്ത വർഷം ആദ്യം ഷവോമിയുടെ കാറുകൾ നിരത്തുകളിൽ എത്തിയേക്കുമെന്നാണ് സൂചന. ഇലോൺ മസ്കിന്റെ ടെസ്ലയാണ് ഷവോമിയുടെ പ്രധാന എതിരാളി.
ഇലക്ട്രിക് കാർ നിർമ്മാണ രംഗത്താണ് ഷവോമിയുടെ ഭാഗ്യപരീക്ഷണം. ഇതിലൂടെ അടുത്ത ഒന്നര ദശാബ്ദത്തിനുള്ളില്‍ ആഗോള കാർ വിപണിയിൽ മുൻനിരയിൽ എത്താനാണ് കമ്പനിയുടെ ലക്ഷ്യം. ലോകത്തെ ഏറ്റവും വലിയ കാർ വിപണിയാണ് ചൈന. ആഡംബര ഇലക്ട്രിക് കാർ വിപണിയിൽ ചൈനയിൽ വലിയ സാധ്യതകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഈ മേഖലയിലും ഷവോമി ശ്രദ്ധ പതിപ്പിക്കുന്നത്.
ബീജിങ് ഓട്ടോമൊബൈല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് കാര്‍ നിര്‍മ്മിക്കുക. തുടക്കത്തില്‍ രണ്ട് മോഡലുകളാണ് ഷവോമി പുറത്തിറക്കുക. ഷവോമി എസ് യു സെവന് അഥവാ സ്പീഡ് അള്‍ട്രാ സെവനും, ഷവോമി എസ് യു സെവന് മാക്സുമാണ് അവ. ഒറ്റ ചാര്‍ജിങ്ങില്‍ 800 കിലോമീറ്റര്‍ സഞ്ചരിക്കാനാകുന്നതാണ് എസ് യു സെവന്. മണിക്കൂറില്‍ 265 കിലോമീറ്ററാണ് പരമാവധി വേഗം. 5 സീറ്റുകളാണ് കാറിനുള്ളത്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയാര്‍ജിക്കാന്‍ 2.78 സെക്കന്റുകള്‍ മതി. വില പ്രഖ്യാപിച്ചിട്ടില്ല.