പുത്തൻ പ്രതീക്ഷകളുമായി ടു വീലർ കമ്പനികൾ, ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ


പുതുവർഷം പിറന്നതോടെ പുത്തൻ പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് രാജ്യത്തെ ടു വീലർ കമ്പനികൾ. നടപ്പ് സാമ്പത്തിക വർഷം രാജ്യത്ത് 10 ലക്ഷം ഇലക്ട്രിക് ടു വീലറുകൾ വിൽപ്പന നടത്താനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. ഉപഭോഗത്തിലെ മികച്ച വർദ്ധനവും, ഉൽപ്പാദനത്തിലെ കുതിപ്പും 2024-ലും തുടരുമെന്നാണ് കമ്പനികളുടെ വിലയിരുത്തൽ. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തെ സാമ്പത്തിക മേഖലയുടെ ഗണ്യമായ വളർച്ച ടു വീലർ വിപണിയിൽ വലിയ രീതിയിലുള്ള ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ഇതിനോടകം വലിയ രീതിയിലുള്ള ഡിമാൻഡാണ് ഉണ്ടായിട്ടുള്ളത്. ബാറ്ററി സാങ്കേതികവിദ്യയിൽ ദൃശ്യമായിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളും, പുതിയ ഫീച്ചറുകളും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിലേക്ക് കൂടുതൽ ആളുകളെ ആകർഷിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമേ, ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് മുൻപൊരിക്കലും ഇല്ലാത്ത തരത്തിൽ നിക്ഷേപവും എത്തിയിട്ടുണ്ട്. മുഴുവൻ ഘടകങ്ങളും പരിഗണിക്കുമ്പോൾ ഈ വർഷം ഇലക്ട്രിക് ടു വീലറുകൾ വലിയ രീതിയിൽ വിറ്റഴിക്കാൻ കഴിയുമെന്നാണ്  വിലയിരുത്തൽ.