എഫ്എംസിജി മേഖലയിൽ ചുവടുകൾ ശക്തമാക്കാൻ നെസ്‌ലെ, പുതിയ ഫാക്ടറി ഉടൻ നിർമ്മിക്കും


എഫ്എംസിജി മേഖലയിൽ ചുവടുകൾ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയായ നെസ്‌ലെ. ഇന്ത്യയിൽ നെസ്‌ലെ ഉൽപ്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിന്റെ ഭാഗമായി പുതിയ ഫാക്ടറികൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, നെസ്‌ലെയുടെ പത്താമത്തെ ഫാക്ടറി ഒഡീഷയിൽ നിർമ്മിക്കുന്നതാണ്. 2025 ഓടെയാണ് ഫാക്ടറി പ്രവർത്തനമാരംഭിക്കുക. പ്രാദേശിക ഉൽപ്പാദനം ലക്ഷ്യമിട്ട് 2023-നും 2025-നും ഇടയിൽ 4,200 കോടി രൂപയുടെ നിക്ഷേപം നടത്താൻ നെസ്‌ലെ തീരുമാനിച്ചിട്ടുണ്ട്.

2023-ന്റെ ആദ്യ പകുതി വരെ 2,100 കോടി രൂപയുടെ നിക്ഷേപമാണ് നെസ്‌ലെ നടത്തിയിട്ടുള്ളത്. ഉൽപ്പാദനശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിക്ഷേപങ്ങൾ നടത്തിയത്. ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 900 കോടി രൂപയാണ് നിക്ഷേപിക്കുക. ഒഡീഷയിൽ ഫാക്ടറി ആരംഭിക്കുന്നതിനു പുറമേ, കോഫി, ബിവറേജ് ബിസിനസിലെ സൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, ഗുജറാത്തിലെ സാനന്ത് പ്ലാന്റിൽ മിഠായി നിർമ്മാണവും ആരംഭിക്കുന്നതാണ്. വരും വർഷങ്ങളിൽ ഇന്ത്യൻ വിപണിയിൽ മാഗി നൂഡിൽസ്, കിറ്റ്കാറ്റ് ചോക്ലേറ്റ്, നെസ്കഫെ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് വലിയ സാധ്യതകളാണ് കമ്പനി കാണുന്നത്.