ബീജിംഗ്: ചൈനയുടെ തലസ്ഥാനമായ ബീജിംഗില്‍ കനത്ത മഴ. തലസ്ഥാനത്തും സമീപപ്രദേശങ്ങളിലും കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വ്യാപക നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇതുവരെ 21 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ഡോക്സുരി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ശക്തമായ മഴ തുടങ്ങിയത്. ജൂലൈയില്‍ ആകെ ലഭിക്കേണ്ട മഴ 40 മണിക്കൂര്‍കൊണ്ട് പെയ്തു.
ബീജിംഗിന് ചുറ്റുമുള്ള ഹെബെയ് പ്രവിശ്യയില്‍ ഏകദേശം 850,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 26 പേരെ കാണാതായിട്ടുണ്ട്. നിരവധി റോഡുകളും കെട്ടിടങ്ങളും തകര്‍ന്നു. ബുധനാഴ്ച വരെ നഗരത്തില്‍ 744.8 മില്ലിമീറ്റര്‍ മഴ പെയ്തു. 140 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പ്രസിഡന്റ് ഷി ജിന്‍ പിങ് അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.