ഉപഭോക്താക്കൾക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാൻ ഒരുങ്ങി ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി). റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് വായ്പ, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാനാണ് ഒഎൻഡിസി ലക്ഷ്യമിടുന്നത്. വരും മാസങ്ങളിൽ ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതാണ്. ഈ വർഷം അവസാനത്തോടെ പ്രതിദിനം ഒരു ലക്ഷം നോൺ-മൊബിലിറ്റി ഓർഡറുകൾ നടത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
ഒഎൻഡിസി വഴിയുള്ള യാത്രാ സേവനങ്ങൾ ഒഴികെയുള്ള ഉൽപ്പന്നങ്ങളാണ് നോൺ-മൊബിലിറ്റി ഓർഡറുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം, യാത്രകളുമായി ബന്ധപ്പെട്ടുള്ളതാണ് മൊബിലിറ്റി വിഭാഗം. ഈ വിഭാഗത്തിൽ ഇതിനോടകം തന്നെ ബെംഗളൂരു നഗരത്തിൽ ഓട്ടോറിക്ഷ ബുക്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ ചെറു സംരംഭകർക്കും, കച്ചവടക്കാർക്കും അവരുടെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി ഇ-കൊമേഴ്സ് രംഗത്ത് കേന്ദ്രസർക്കാർ അവതരിപ്പിച്ച പ്ലാറ്റ്ഫോമാണ് ഒഎൻഡിസി.