സംസ്ഥാനത്ത് ഏലം വിപണിയിൽ വീണ്ടും പുത്തനുണർവ്. വർഷങ്ങളോളം തകർച്ച നേരിട്ട ഏലം വിപണി ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. നിലവിൽ, ഏലത്തിന് വിപണിയിൽ ഉയർന്ന വിലയാണ് ലഭിക്കുന്നത്. ഏകദേശം 2,000 രൂപയ്ക്ക് മുകളിൽ വരെ ഏലം വില ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ 2,617 രൂപയാണ് ഏറ്റവും ഉയർന്ന വിലയായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കർഷകരുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഈ വർഷം ഇതാദ്യമായാണ് ഏലം വില ഇത്രയും ഉയർന്നത്.
വർഷങ്ങൾക്കുശേഷമാണ് ഏലം വിലയിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇത്തവണ പശ്ചിമേഷ്യൻ-ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വലിയ തോതിൽ ഉയർന്നിട്ടുണ്ട്. വില വർദ്ധനവിന് കാരണമായി. 1,000 രൂപയിൽ നിന്നാണ് ഏലം വില മാസങ്ങൾ കൊണ്ട് 2,000 രൂപയിലേക്ക് എത്തിയത്. ഓണം എത്താറായതോടെ ഏലത്തിന്റെ ഡിമാൻഡ് ഉയർന്നിട്ടുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഏലത്തിന് ഉയർന്ന വിലയാണ് കർഷകർ പ്രതീക്ഷിക്കുന്നത്.