വിനോദ സഞ്ചാരികൾക്കിടയിൽ അതിവേഗം ശ്രദ്ധ നേടി സംസ്ഥാന ടൂറിസം വകുപ്പിന്റെ ‘ഹോളിഡേ ഹീസ്റ്റ്’ ക്യാമ്പയിൻ. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പിന്റെ ഔദ്യോഗിക വാട്സ്ആപ്പ് അക്കൗണ്ടിലൂടെയാണ് ഹോളിഡേ ഹീസ്റ്റ് എന്ന ഗെയിമിന് രൂപം നൽകിയത്. ഗെയിമിൽ വിജയികളാകുന്നവർക്ക് കുറഞ്ഞ നിരക്കിൽ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ അവധി ദിനങ്ങൾ ചെലവിടാൻ സാധിക്കും. വ്യത്യസ്ഥമായ ബിഡ്ഡുകളിലൂടെ വെറും 5 രൂപയ്ക്ക് 30,000 രൂപയിലധികം വിലമതിക്കുന്ന ടൂർ പാക്കേജുകൾ സ്വന്തമാക്കിയവരുണ്ട്.
‘ലോവസ്റ്റ് യുണിക് ബഡ്ഡിംഗ്’ എന്ന ആശയത്തെ മുൻനിർത്തിയുളള ഈ ഗെയിം ഏറ്റവും കുറഞ്ഞ ബിഡ്ഡുകൾ ഉപയോഗിച്ച് മികച്ച ടൂർ പാക്കേജുകൾ സ്വന്തമാക്കാൻ അവസരം ഒരുക്കുന്നതാണ്. കേരളത്തിൽ അവധിക്കാലം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഈ ഗെയിമിന് രൂപം നൽകിയത്. ജൂലൈയിൽ സംഘടിപ്പിച്ച ബിഡ്ഡിംഗ് ഗെയിമിൽ 80,000-ലധികം ബിഡ്ഡുകളാണ് നടന്നത്. കൂടാതെ, 4.5 കോടിയിലധികം ഇംപ്രഷനുകൾ സൃഷ്ടിക്കുകയും, 1.30 കോടിയിലധികം കാണികളെയും നേടിയിട്ടുണ്ട്.