ഖത്തറിൽ നിന്ന് കേരളത്തിലെ ഈ വിമാനത്താവളത്തിലേക്ക് നോൺ സ്റ്റോപ്പ് സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്


കേരളത്തിലേക്ക് നോൺ സ്റ്റോപ്പ് സർവീസ് പ്രഖ്യാപിച്ച് പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് നോൺ സ്റ്റോപ്പ് സർവീസ് ആരംഭിക്കുക. ഖത്തറിൽ നിന്നായിരിക്കും സർവീസ്. റിപ്പോർട്ടുകൾ പ്രകാരം, നോൺ സ്റ്റോപ്പ് സർവീസ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നതാണ്. ഈ സർവീസിനായുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

ഖത്തർ എയർവേയ്സ് ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്ക് നോൺ സ്റ്റോപ്പ് സർവീസ് നടത്താറുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി എയർ ഇന്ത്യ എക്സ്പ്രസും രംഗത്തെത്തിയത്. രണ്ട് വിമാനക്കമ്പനികളും നോൺ സ്റ്റോപ്പ് സർവീസ് ആരംഭിക്കുന്നതോടെ പ്രവാസികൾക്ക് ഏറെ ആശ്വാസമാകും. ആഴ്ചയിൽ നാല് ദിവസമാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് ഉണ്ടാവുക. ദോഹ- തിരുവനന്തപുരം സർവീസ് ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലും, തിരുവനന്തപുരം- ദോഹ സർവീസ് ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലും ഉണ്ടായിരിക്കുന്നതാണ്.