കൈതട്ടി മദ്യഗ്ലാസ് താഴെ വീണതിന്റെ വൈരാഗ്യത്തിൽ യുവാവിനെ മുക്കിക്കൊന്ന സുഹൃത്ത് അറസ്റ്റിൽ


തിരുവനന്തപുരം: കല്ലമ്പലത്ത് മദ്യപിക്കുന്നതിനിടെ കൈ തട്ടി മദ്യഗ്ലാസ് താഴെ വീണതിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ കുളത്തിൽ മുക്കിക്കൊന്നു. വ്യാഴാഴ്ച യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ചിറ്റായിക്കോട് കോലയത്ത് കളിയിൽ വീട്ടിൽ ബാബു- പൊന്നമ്മ ദമ്പതികളുടെ മകൻ രാജു(30) ആണ് മരിച്ചത്. പ്രതി മാവിൻമൂട് ചിറ്റായിക്കോട് വലിയകാവ് തലവിള വീട്ടിൽ സുനിൽ (41) അറസ്റ്റിലായി.

 ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ രാജുവിന്റെ കൈതട്ടി മദ്യഗ്ലാസ് താഴെ വീണതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാജുവിനൊപ്പം കുളത്തിന്റെ കരയിൽ മദ്യപിച്ചിരുന്നവരെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

 കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് പ്രതി സുനിലും കൊല്ലപ്പെട്ട രാജുവും രണ്ടു സുഹൃത്തുക്കളും മദ്യപിക്കാൻ കുളക്കരയിലെത്തി. സുനിലിനായി ഗ്ലാസിൽ ഒഴിച്ച മദ്യം രാജുവിന്റെ കൈതട്ടി തറയിൽ വീണതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സുനിലും രാജുവും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഇവർ പിരിഞ്ഞുപോയി.

വൈകിട്ട് ആറരയോടെ കുളത്തിൽ കുളിക്കാനായി രാജു എത്തി. പിന്നാലെ സുനിലും വന്നു. വീണ്ടും തർക്കമുണ്ടായെന്നും കുളിച്ചുകൊണ്ടിരുന്ന രാജുവിനെ സുനിൽ ബലമായി വെള്ളത്തിൽ പിടിച്ചു താഴ്ത്തിയെന്നും പൊലീസ് പറഞ്ഞു. മരിച്ചു എന്ന് ഉറപ്പായ ശേഷമാണ് സുനിൽ മടങ്ങിയത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.