രണ്ടുവർഷമായി അടഞ്ഞു കിടക്കുന്ന കടമുറിക്കുള്ളിൽ തലയോട്ടിയും അസ്ഥിയും: കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം



കോഴിക്കോട്: ദേശീയ പാതാ വികസനത്തിന്‍റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വടകര കുഞ്ഞിപ്പള്ളിയിൽ കടമുറി പൊളിച്ചു മാറ്റുന്നിടയിൽ കണ്ടെത്തിയ തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം. രണ്ട് വര്‍ഷം മുമ്പ് കുന്നുമ്മക്കര സ്വദേശി ദേശീയ പാതാ അതോറിറ്റിക്ക് കൈമാറിയ കെട്ടിടത്തിലെ അടച്ചിട്ട കടമുറിക്കുള്ളില്‍ നിന്നാണ് തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തിയത്.

READ ALSO: സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം: ഇന്നത്തെ നിരക്കുകൾ അറിയാം

മൃതദേഹത്തിന് സമീപത്ത് കിടന്ന വസ്ത്രത്തിന് അകത്തു നിന്നും ഒരു മൊബൈൽ ഫോണും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട പരിശോധനയിലാണ് കൊയിലാണ്ടി സ്വദേശിയാകാം മരിച്ചതെന്ന സൂചനകൾ ലഭിച്ചത്. മൊബൈൽ ഫോൺ കൊയിലാണ്ടി സ്വദേശിയുടേതാണ്. ഇയാളെ കുറിച്ച് ഏറെ നാളായി വിവരമൊന്നും ലഭ്യമല്ലെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

കടമുറിക്കുള്ളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് ഇടയിലായിരുന്നു തലയോട്ടി. തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചോമ്പാല പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ തൊട്ടടുത്ത മുറിയില്‍ നിന്നും വാരിയെല്ലിന്‍റെ ഭാഗങ്ങളും കണ്ടെത്തി. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.