‘സിദ്ദിഖിന് ഒരിക്കലും വരാൻ പാടില്ലാത്ത രോഗം; ഒരു ദുശീലവുമില്ലാത്ത വ്യക്തി’: ജയറാം


കൊച്ചി: ഒരു ദുശ്ശീലവുമില്ലാത്ത സിദ്ദിഖിന് ഇത്തരമൊരു അസുഖം വന്നത് ഞെട്ടിച്ചുവെന്ന് നടൻ ജയറാം. മലയാള സിനിമ കണ്ട ഏറ്റവും നല്ല ഹൃദയത്തിന്റെ ഉടമയായി കണക്കാക്കുന്ന പ്രേംനസീറിനെക്കാൾ ഒരു പടി മുകളിൽ നിൽക്കുന്ന നല്ല മനസ്സിന് ഉടമയാണ് സിദ്ദിഖ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്കാലത്തെയും മലയാള സിനിമ കണ്ട നല്ല ഹൃദയത്തിന്റെ ഉടമ എന്ന് പറയുമ്പോൾ ആദ്യം മനസിലേക്ക് ഓടിവരുന്നത് പ്രേംനസീറിനെ കുറിച്ചാണെന്ന് ഞാൻ തന്നെ പറയാറുണ്ട്. ഒരുപക്ഷേ പ്രേംനസീറിനെക്കാൾ ഒരു പടി മുകളിൽ നിൽക്കുന്ന നല്ല മനസിന് ഉടമയാണ് സിദ്ദിഖ്. സിദ്ദിഖിനെ പോലെയുള്ള വ്യക്തിത്വങ്ങൾ ഒന്നും ഇപ്പോൾ സിനിമയിൽ ഇല്ലെന്നും ജയറാം പറഞ്ഞു.

‘ഏറെ ഞെട്ടിപ്പിക്കുന്ന സംഭവമാണിത്. സിദ്ദിഖിന് ഇങ്ങനെ സംഭവിക്കുമെന്ന് ഞങ്ങളൊന്നും സ്വപ്നത്തിൽ വിചാരിക്കാത്ത കാര്യമാണ്. കാരണം ഒരു സ്വഭാവദൂഷ്യവുമില്ലാത്ത വ്യക്തിക്ക് വരാൻ പാടില്ലാത്ത അസുഖങ്ങൾ പിടിപെടുകയും കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ അത് ഇത്രയേറെ വ്യാപിച്ച് ഞങ്ങളെയൊക്കെ വിട്ടുപിരിഞ്ഞു പോകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല’- ജയറാം പറഞ്ർു.

‘സിദ്ദിഖും ലാലും ഒക്കെ കലാഭവനിൽ നിന്ന് പോയിട്ട് ആ സ്ഥാനത്ത് ഞാനാണ് വന്നത്. ഒരുമിച്ച് സിനിമകളിൽ വർക്ക് ചെയ്യാൻ സാധിച്ചു. പക്ഷെ അതിനേക്കാളൊക്കെ ഉപരി ഇത്രയേറെ ഹൃദയശുദ്ധി ഉള്ള മനുഷ്യൻ വേറെ ഉണ്ടാകില്ല. അത്ര ശുദ്ധനായ മനുഷ്യനാണ്.- ജയറാം കൂട്ടിച്ചേർത്തു.

ചൊവ്വാഴ് രാത്രി 9.15നാണ് സിദ്ദിഖിന്‍റെ മരണവിവരം പുറത്തുവന്നത്. കരൾരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. എന്നാൽ രണ്ടുദിവസം മുമ്പ് ഹൃദയാഘാതം ഉണ്ടായതോടെ ആരോഗ്യനില വഷളാകുകയായിരുന്നു. സിദ്ദിഖിന്‍റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ കടവന്ത്ര രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെക്കും. ഖബറടക്കം വൈകിട്ട് ആറ് മണിയോടെ എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ നടക്കും.