കൊല്ലത്ത് അമ്പലത്തിൽ വച്ച് വിവാഹം, പുതിയൊരു വസ്ത്രം ധരിക്കുന്നത് പോലെ സബീന അബ്ദുല്‍ ലത്തീഫ് എന്ന ഞാൻ ലക്ഷ്‌മി പ്രിയ ആയി


കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് ലക്ഷ്മിപ്രിയ. എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോൾ സബീന അബ്ദുല്‍ ലത്തീഫ് എന്ന മുസ്ലിം പെണ്‍കുട്ടി ലക്ഷ്മി പ്രിയ ആയത് എങ്ങനെയാണെന്ന് താരം പങ്കുവച്ചു.

പതിനെട്ടാം വയസില്‍ ആയിരുന്നു തന്റെ വിവാഹം കൊല്ലത്ത് ഒരു അമ്പലത്തില്‍ വച്ച് നടന്നത്. ആ സമയത്താണ് തന്റെ പുതിയ പേരിടല്‍ നടത്തിയതെന്നും ലക്ഷ്‌മി പ്രിയ പറയുന്നു.

read also: മലയാള സിനിമയില്‍ വിലക്കും എന്ന് പറയുന്നവരുടെ അടുക്കളയില്‍ അല്ലല്ലോ മലയാള സിനിമ ഉണ്ടാക്കുന്നത്: ശ്രീനാഥ്‌ ഭാസി

ലക്ഷ്മി പ്രിയയുടെ വാക്കുകൾ ഇങ്ങനെ,

‘എന്റെ അച്ഛന്റെ പേര് കബീര്‍ എന്നാണ്. എന്റെ പേരിനൊപ്പം വന്നിരിക്കുന്നത് ചിറ്റപ്പന്റെ പേരാണ്. എന്റെ അച്ഛനും അമ്മയും ഞാൻ ചെറുതായിരിക്കുമ്പോഴേ ഡിവോഴ്സ് ആയതാണ്. ഞങ്ങള്‍ മൂന്ന് മക്കളാണ്. അതില്‍ ചേച്ചിമാര്‍ രണ്ടുപേരും അമ്മയുടെ വീട്ടിലും ഞാൻ അച്ഛന്റെ വീട്ടിലും ആയിരുന്നു. അമ്മയില്ലാത്ത കുട്ടി ആയിട്ടാണ് ഞാൻ വളര്‍ന്നത്. അച്ഛൻ എന്നെ അച്ഛന്റെ വീട്ടില്‍ ആക്കിയിട്ട് നാടുവിട്ടു പോയി. ഞാൻ എന്റെ ജീവിതത്തില്‍ കുറച്ചു തവണ മാത്രമേ അച്ഛനെ കണ്ടിട്ടുള്ളു’.

‘അവര്‍ സെപറേറ്റഡ് ആയതിന് ശേഷം ഞാൻ ഭയങ്കര റെബല്‍ ആയിരുന്നു. അനാവശ്യ പിടി വാശികളും മറ്റുമായിരുന്നു. ചെറുപ്പം മുതല്‍ അഭിനയിക്കണം എന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. ശോഭനയെ പോലെയൊരു നടിയാകണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. അതിന്റെ ഭാഗമായി നാടകത്തില്‍ അഭിനയിച്ചിരുന്നു. കൊല്ലത്ത് ഒരു നാടക ക്യാമ്പിന് പോയപ്പോഴാണ് ജയേഷേട്ടന്റെ അച്ഛനെ പരിചയപ്പെടുന്നത്. അച്ഛനും ഞാനും നല്ല കൂട്ടായിരുന്നു. അപ്പോള്‍ അച്ഛൻ തന്നെ പറയും നിന്നെ മക്കളെ ആരെയെങ്കിലും കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന്. ഞാൻ അന്ന് അത് പറയല്ലേ മതം ഭയങ്കര പ്രശ്നമാണെന്ന് പറഞ്ഞു. അദ്ദേഹം തമാശപോലെ പറഞ്ഞു വിട്ടതാണ്. അതിനിടെ ജയേഷേട്ടനുമായി ഞാൻ ഫോണില്‍ സംസാരിച്ചിരുന്നു. അന്ന് എനിക്ക് പാട്ടൊക്കെ പാടി തന്നു. അന്നെനിക്ക് ആള്‍ കൊള്ളാമല്ലോ എന്ന് തോന്നി. പിന്നീട് ഒരിക്കല്‍ ജയേഷേട്ടൻ അവിടെ വന്നു. അന്ന് അച്ഛൻ എന്നെ പരിചയപ്പെടുത്തി. പിന്നെ എന്തോ മുൻജന്മ ബന്ധം പോലെ ഞങ്ങള്‍ ഒന്നായി. കല്യാണം കഴിച്ചു. പതിനെട്ടാം വയസില്‍ ആയിരുന്നു എന്റെ വിവാഹം. കൊല്ലത്ത് ഒരു അമ്ബലത്തില്‍ വച്ചായിരുന്നു വിവാഹംനടന്നത്. ആ സമയത്താണ് ഏട്ടനും ആ അമ്പലത്തിലെ മേല്‍ശാന്തിയും കൂടി എന്റെ പേരിടല്‍ നടത്തുന്നത്. പുതിയൊരു വസ്ത്രം ധരിക്കുന്നത് പോലെ സബീന അബ്ദുല്‍ ലത്തീഫ് എന്ന ഞാൻ ലക്ഷ്‌മി പ്രിയ ആകുന്നത് ആ നിമിഷം വരെ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല.

‘ഭര്‍ത്താവ് ഏത് മതം പിന്തുടരുന്നോ കുട്ടികള്‍ പിന്തുടരേണ്ടത് അതാവണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കുട്ടികളെ മതമില്ലാതെ വളര്‍ത്തണം എന്ന കോണ്‍സെപ്റ്റിനോടൊന്നും എനിക്ക് യോജിപ്പില്ല. നിങ്ങള്‍ ഏത് മതത്തില്‍ വിശ്വസിക്കുന്നോ ആ മതത്തില്‍ വിശ്വാസികളായി തന്നെ കുഞ്ഞുങ്ങളെ വളര്‍ത്തണം എന്റെയൊരു കോണ്‍സെപ്റ്റ്. ഞാൻ ചെറുപ്പം മുതല്‍ തന്നെ ഡാൻസ് പഠിക്കുന്നുണ്ട്. അതില്‍ എല്ലാം കൃഷ്ണന്റെയും ദേവിയുടേയുമൊക്കെ കഥകളാണ്. അതുകൊണ്ട് ഹിന്ദു വിശ്വാസത്തോട് ചെറുപ്പം മുതലേ ഒരു താത്പര്യം ഉണ്ടായിരുന്നു’- ലക്ഷ്മി പ്രിയ പറഞ്ഞു.