കൊച്ചി: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം നടൻ മോഹൻലാൽ ഏറ്റുവാങ്ങി. ആർഎസ്എസ് പ്രാന്തപ്രചാരകൻ എസ് സുദർശനിൽ നിന്നാണ് മോഹൻലാൽ അക്ഷതം സ്വീകരിച്ചത്. പൂജ അനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ സംഘത്തിന്റെ പ്രാന്തപ്രചാരകൻ സുദർശൻജിയിൽ നിന്ന് അക്ഷതം ഏറ്റുവാങ്ങിയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
സൂര്യഗ്രഹണം നീങ്ങി അയോധ്യ ദീപാലംകൃതയായി കഴിഞ്ഞു. ശ്രീരാമചന്ദ്രനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സിനിമാ മേഖലയിലെ നിരവധി പേരാണ് അക്ഷതം അടുത്തിടെ ഏറ്റുവാങ്ങിയത്. നടൻ ഉണ്ണി മുകുന്ദൻ, ശ്രീനിവാസൻ, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകൻ വിനയൻ തുടങ്ങിയ പ്രമുഖർ കഴിഞ്ഞ ദിവസങ്ങളിൽ അക്ഷതം ഏറ്റുവാങ്ങിയിരുന്നു. ജനുവരി 22 നാണ് അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്.
അതേസമയം, അയോധ്യയിലെ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ പ്രൊഫസർ അബ്ദുൽസലാം ഏറ്റുവാങ്ങിയിരുന്നു. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിർന്ന പ്രചാരകൻ എസ് സേതുമാധവനിൽ നിന്നുമാണ് അദ്ദേഹം അക്ഷതം സ്വീകരിച്ചത്.