അജിത്ത് എത്തിയത് തലച്ചോറിലെ മുഴ നീക്കം ചെയ്യാൻ? താരം ആശുപത്രിവിട്ടു – ചികിത്സാവിവരങ്ങൾ പങ്കുവെച്ച് വക്താവ്
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത ആരാധകരെ പരിഭ്രാന്തരാക്കിയിരുന്നു. ഏറ്റവും പുതിയ ചിത്രമായ ‘വിടാമുയർച്ചി’യുടെ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അജിത്ത് എത്തിയത് തലച്ചോറിലെ മുഴ നീക്കം ചെയ്യാനാണെന്ന് വരെ പ്രചാരണമുണ്ടായി. പരിഭ്രാന്തരായ നിരവധിപേർ ആശുപത്രിക്കുമുന്നിൽ തടിച്ചുകൂടുകയും ചെയ്തു.
ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാർത്ത ശരിയാണെന്നും അജിത് ആശുപത്രിയില്‍ ചികിത്സയിലാണെന്നും നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അജിത്തിന്റെ പതിവ് ആരോഗ്യ പരിശോധനയായിരുന്നു നടന്നതെന്ന് നടന്റെ മാനേജർ സുരേഷ് ചന്ദ്ര കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. പരിശോധന കഴിഞ്ഞ് അദ്ദേഹം തിരികെ വീട്ടിലേക്ക് മടങ്ങിയെന്ന് അദ്ദേഹം അറിയിച്ചു.
‘വ്യാഴാഴ്ച പതിവുപരിശോധനകൾക്കായാണ് അജിത്ത് സർ ആശുപത്രിയിലെത്തിയത്. ഞരമ്പിന് ചെറിയൊരു വീക്കമുണ്ടായിരുന്നു. ലളിതമായ മാർഗത്തിലൂടെ ഡോക്ടർമാർ അതിൽ നിന്ന് അദ്ദേഹത്തെ മുക്തനാക്കി. അദ്ദേഹം സുഖമായിരിക്കുന്നു’, സുരേഷ് അറിയിച്ചു.