ചെന്നൈ : ആരാധകരോടും പൊതുജനങ്ങളോടും അഭ്യർത്ഥനയുമായി തമിഴ് നടൻ അജിത്ത് കുമാർ. തന്നെ ‘കടവുളേ, അജിത്തേ’ എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് അജിത്ത് ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുന്നത്. മാനേജർ സുരേഷ് ചന്ദ്രയാണ് താരത്തിന്റെ അഭ്യർഥന സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായാണ് അജിത്തിന് ആരാധകരില്‍ നിന്ന് പുതിയ പേര് വീണിരിക്കുന്നത്. തന്നെ പേരോ ഇനിഷ്യലുകളോ മാത്രം ഉപയോഗിച്ച് അഭിസംബോധന ചെയ്താല്‍ മതിയെന്നും പ്രസ്താവനയില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘പൊതുയിടങ്ങളിലും വിവിധ പരിപാടികളിലും കടവുളേ… അജിത്തേ… എന്ന് വിശേഷിപ്പിക്കുന്നത് എന്നെ അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ്. പേരിനൊപ്പം എതെങ്കിലും തരത്തിലുള്ള അഭിസംബോധനയോ വിശേഷണപദങ്ങളോ ചേർക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പേരോ ഇനിഷ്യലുകളോ ചേർത്ത് വിളിക്കുന്നതാണ് ഉചിതം.
അതിനാല്‍ ഇത്തരം മുദ്രാവാക്യങ്ങളും അഭിസംബോധനകളും പൊതുയിടത്തില്‍ നടത്തുന്നവർ അതില്‍നിന്ന് വിട്ടുനില്‍ക്കണം’, അജിത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തമിഴ് സിനിമ മേഖലയിൽ രജനിക്കും വിജയ്ക്കൊപ്പം തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്നാണ് അജിത്ത്.