16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

ഒരാഴ്ചക്കാലം നാടും നഗരവും ഉത്സവത്തിമിര്‍പ്പിലാക്കിയ ഓണാഘോഷത്തിന് ഇന്ന് കൊടിയിറക്കം

Date:

തിരുവനന്തപുരം: ഒരാഴ്ചക്കാലം നാടും നഗരവും ഉത്സവത്തിമിര്‍പ്പിലാക്കിയ ഓണാഘോഷത്തിന് കൊടിയിറക്കം. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് വര്‍ണശബളമായ സാംസ്ക്കാരിക ഘോഷയാത്രയ്ക്ക് ഇന്ന് (സെപ്റ്റംബര്‍ 12) തലസ്ഥാന നഗരം സാക്ഷ്യം വഹിക്കും.

വൈകിട്ട് 5 ന് വെള്ളയമ്പലം മാനവീയം വീഥിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്യും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍, ഗതാഗത മന്ത്രി ആന്‍റണി രാജു, ഘോഷയാത്രാ കമ്മിറ്റി ചെയര്‍മാന്‍ ഡി.കെ. മുരളി എം.എല്‍.എ. തുടങ്ങിയവര്‍ സംബന്ധിക്കും.

ഇന്ത്യയുടെയും കേരളത്തിന്‍റെയും വൈവിധ്യമാര്‍ന്ന കലാസാംസ്ക്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ക്കും കലാരൂപങ്ങള്‍ക്കും വാദ്യഘോഷങ്ങള്‍ക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയില്‍ അണിനിരക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രസംസ്ഥാന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ തുടങ്ങിയവ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങള്‍ കിഴക്കേകോട്ട വരെ നീളുന്ന ഘോഷയാത്രയില്‍ പങ്കെടുക്കും. പത്ത് ഇതരസംസ്ഥാനങ്ങളിലേയും കേരളത്തിലേയും തനത് കലാരൂപങ്ങള്‍ ഉള്‍പ്പെടെ എണ്‍പതോളം കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകും. ആകെ 76 ഫ്ളോട്ടുകളും 77 കലാരൂപങ്ങളുമുണ്ടാകും. മുത്തുക്കുടയുമായി എന്‍.സി.സി. കേഡറ്റുകള്‍ ഘോഷയാത്രയുടെ മുന്നില്‍ അണിനിരക്കും.

യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ വി.ഐ.പി. പവലിയനിലാകും മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ഘോഷയാത്ര വീക്ഷിക്കുക. ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്കും സാമൂഹ്യനീതി വകുപ്പിന്‍റെ കീഴിലുള്ള കെയര്‍ ഹോമിലെ അന്തേവാസികള്‍ക്കും ഘോഷയാത്ര കാണാന്‍ പാളയത്ത് പബ്ലിക്ക് ലൈബ്രറിക്കു മുന്നില്‍ പ്രത്യേക പവലിയന്‍ ഒരുക്കിയിട്ടുണ്ട്.

വൈകിട്ട് 7 ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകും. സിനിമാതാരം ആസിഫ് അലി മുഖ്യാതിഥിയാകും.

ഇന്ന് വൈകുന്നേരം 3 ന് ശേഷം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കും. ഘോഷയാത്രയ്ക്ക് ശേഷം നിശാഗന്ധിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം നടക്കും.

കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ഓണം വാരാഘോഷ പരിപാടികള്‍ക്ക് എല്ലാ കേന്ദ്രങ്ങളിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.

വാര്‍ത്താസമ്മേളനത്തില്‍ ഡി.കെ. മുരളി എം.എല്‍.എ., ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related