18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

മയക്കുമരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യം ആഗോള തലത്തില്‍ തന്നെ നിലവിലണ്ടെന്ന് മുഖ്യമന്ത്രി

Date:

മയക്കുമരുന്ന് ഒരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യം ആഗോള തലത്തില്‍ തന്നെ നിലവിലുണ്ട്. വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തെ വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. അതിനെതിരെ നാടാകെ അണിചേരുന്ന പ്രതിരോധം തീര്‍ക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.

ലഹരി മരുന്നുകളുടെ ലക്കുകെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളേയും തലമുറകളെയും സമൂഹത്തെയാകെയും സാരമായി ബാധിക്കുന്നു. അതിനെ പിന്‍പറ്റി നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നാടിന്‍റെ സമാധാനാന്തരീക്ഷത്തെ തകര്‍ക്കുകയും യുവജനങ്ങളെ തെറ്റായ മാര്‍ഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. മുന്‍കാലങ്ങളില്‍ അമിത മദ്യപാനവും കഞ്ചാവ് പോലുള്ള ലഹരി പദാര്‍ത്ഥങ്ങളുമാണ് ഭീഷണി ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇന്ന് കൂടുതല്‍ മാരകമായ മയക്കു മരുന്നുകള്‍ വ്യാപകമാകുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു.

മാരക വിഷവസ്തുക്കളായ രാസവസ്തുക്കളുടെ സങ്കലനങ്ങള്‍ പോലും ലഹരിക്കായി വിതരണം ചെയ്യപ്പെടുന്നു. ഇവയുടെ ഉല്‍പ്പാദനം സംസ്ഥാനത്തിന്‍റേയും രാജ്യത്തിന്‍റേയും അതിര്‍ത്തികള്‍ക്കപ്പുറത്തുകൂടി വ്യാപിച്ചു കിടക്കുന്നു. മയക്കുമരുന്നു വിപണനത്തിന്‍റെ സങ്കീര്‍ണ്ണമായ ശൃംഖലകള്‍ ഉണ്ടായിരിക്കുന്നു. അങ്ങേയറ്റം അപകടകരവും മനുഷ്വത്വരഹിതവുമായ പ്രവര്‍ത്തനങ്ങള്‍ അതിന്‍റെ ഭാഗമായി അരങ്ങേറുന്നു.

നിയമങ്ങള്‍ ഉപയോഗിച്ചും പോലീസിന്‍റേയും എക്സൈസിന്‍റെ പ്രതിരോധ നടപടികള്‍ കൊണ്ടും മയക്കു മരുന്ന് വിപത്തിനെ ചെറുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അതിന്‍റെ ഫലമായി മയക്കു മരുന്ന് കടത്തു കണ്ടെത്താനും വിതരണ ശൃംഖലകളെ തകര്‍ക്കാനും കഴിയുന്നുണ്ട്. പക്ഷേ അതുകൊണ്ടുമാത്രം പൂര്‍ണമായി ലക്ഷ്യം നേടാനാവില്ല.

നാടിന്‍റെ ഭാവി വരും തലമുറയുടെ കൈകളിലാണ്. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും സര്‍ഗാത്മകശേഷികളും അപകടത്തിലാക്കാന്‍ അനുവദിച്ചു കൂടാ. മയക്കുമരുന്ന് വിപത്തിനെതിരെ സുശക്തവും പഴുതുകള്‍ ഇല്ലാത്തതുമായ പ്രതിരോധമാര്‍ഗം നമുക്ക് തീര്‍ക്കേണ്ടതുണ്ട്. അത് സാധ്യമാക്കുന്ന ബഹുമുഖ കര്‍മ്മ പദ്ധതി ഒക്ടോബര്‍ രണ്ടിന്, ഗാന്ധിജയന്തി ദിനത്തില്‍, ആരംഭിക്കുകയാണ്. യുവാക്കള്‍ അതിന്‍റെ മുന്നണിയില്‍ തന്നെ പങ്കു ചേരണം. ഓരോ വ്യക്തിയും ഓരോ കുടുംബവും അതില്‍ പങ്കു ചേരണം. സംഘടനകളും സാമൂഹ്യകൂട്ടായ്മകളും ഭേദചിന്തയില്ലാതെ ദൃഢനിശ്ചയത്തോടെ ഊര്‍ജ്ജസ്വലമായ പ്രതിരോധമുയര്‍ത്തണം. ഈ ക്യാംപെയിനില്‍ അണിചേരാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്.
സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള സമിതികള്‍ പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പു മന്ത്രി സഹാദ്ധ്യക്ഷനുമായാണ് മറ്റുമന്ത്രിമാരെയും ഉള്‍പ്പെടുത്തി സംസ്ഥാനതല സമിതി രൂപീകരിച്ചിരിക്കുന്നത്.

ഒക്ടോബര്‍ രണ്ടു മുതല്‍ നവംബര്‍ ഒന്നുവരെ തീവ്രമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മതസാമുദായിക സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍, സാമൂഹ്യ സാംസ്കാരിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ടികള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളെയും ഈ ക്യാമ്പയിനില്‍ കണിചേര്‍ക്കും. സിനിമ, സീരിയല്‍, സ്പോര്‍ട്സ് മേഖലയിലെ പ്രമുഖരും ക്യാമ്പെയ്നു പിന്തുണ നല്‍കും. നവംബര്‍ ഒന്നിനു സംസ്ഥാന തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധചങ്ങല സൃഷ്ടിക്കും. അന്ന് പ്രതീകാത്മകമായി ലഹരിവസ്തുക്കള്‍ കത്തിക്കും. ബസ് സ്റ്റാന്‍റ്, റെയില്‍വേസ്റ്റേഷന്‍, ലൈബ്രറി, ക്ലബ്ബുകള്‍, എന്നിവിടങ്ങളില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിക്കും.

ലഹരിക്കെതിരായ ഹ്രസ്വ സിനിമകളുടേയും വീഡിയോകളുടേയും സഹായത്തോടെ ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ലഹരിവിരുദ്ധ ക്ലാസ്സും ലഹരി വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയും അതോടനുബന്ധിച്ചു സംഘടിപ്പിക്കും. ബസ് സ്റ്റാന്‍റുകളിലും ക്ലബ്ബുകളടക്കമുള്ള ഇടങ്ങളിലും ഇത്തരത്തില്‍ പരിപാടികള്‍ നടത്തും.

വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ റോള്‍പ്ലേ, സ്കിറ്റ്, കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റര്‍ രചന, തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. എന്‍.സി.സി., എസ്.പി.സി., എന്‍.എസ്.എസ്., സ്കൗട്ട് ആന്‍റ് ഗൈഡ്സ്, ജെ.ആര്‍.സി., വിമുക്തി ക്ലബ്ബുകള്‍ മുതലായ സംവിധാനങ്ങളെ ക്യാമ്പയിനില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തും.

ശ്രദ്ധ, നേര്‍ക്കൂട്ടം എന്നിവയുടെ പ്രവര്‍ത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, സാമൂഹ്യാഘാതങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി പരിശീലനം വിഭാവനം ചെയ്യും. വിമുക്തി മിഷനും എസ്.സി.ഇ.ആര്‍.ടിയും ചേര്‍ന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകള്‍ മാത്രമേ പരിശീലനത്തിനായി ഉപയോഗിക്കുകയുള്ളൂ.
വ്യാപാര സ്ഥാപനങ്ങളില്‍് ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തുന്നില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ബന്ധപ്പെടേണ്ട പോലീസ്/ എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ ബോര്‍ഡില്‍ ഉണ്ടാകണം. എല്ലാ എക്സൈസ് ഓഫീസിലും ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍് രഹസ്യമായി സൂക്ഷിക്കും. സംസ്ഥാനമൊട്ടാകെ പോലീസിന്‍റെയും എക്സൈസിന്‍റെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ സ്പെഷ്യല്‍ ഡ്രൈവ് നടത്തും.

ലഹരി ഉപഭോഗം സംബന്ധിച്ച് 2020ല്‍ 4,650 ഉം 2021 ല്‍ 5,334 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022ല്‍ സെപ്തംബര്‍ 15 വരെയുള്ള കണക്കുപ്രകാരം 16,986 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020ല്‍ 5,674 പേരെയും 2021ല്‍ 6,704 പേരെയും അറസ്റ്റ് ചെയ്തിരുന്നു. 2022ല്‍ 18,743 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വ്യാപാരാവശ്യത്തിനായി എത്തിച്ച 1,364.49 കിലോഗ്രാം കഞ്ചാവും 7.7 കിലോഗ്രാം എം.ഡി.എം.എയും 23.73 കിലോഗ്രാം ഹാഷിഷ് ഓയിലും ഈ വര്‍ഷം പിടിച്ചെടുത്തു.

നിലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിന്‍റെ ഫലമായി ലഹരി കടത്ത് കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍ തടയാന്‍ സാധിക്കുന്നുണ്ട്. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ മയക്കുമരുന്നിനെതിരെ സംസ്ഥാനതലത്തില്‍ കേരള ആന്‍റി നര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും ജില്ലാ തലത്തില്‍ ഡിസ്ട്രിക്ട് ആന്‍റി നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൂടാതെ എല്ലാ സ്റ്റേഷന്‍ പരിധിയിലും എല്ലാ മാസവും രണ്ട് ആഴ്ച എന്‍.ഡി.പി.എസ് സ്പെഷ്യല്‍ ഡ്രൈവും നടത്തി വരുന്നുണ്ട്.

സിന്തറ്റിക് രാസലഹരി വസ്തുക്കള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ എത്തിച്ചേരുന്നു . അതു കൂടുതല്‍ ഫലപ്രദമായി തടയുന്നതിന് അന്വേഷണ രീതിയിലും കേസുകള്‍ ചാര്‍ജ്ജ് ചെയ്യുന്ന രീതിയിലും ചില മാറ്റങ്ങള്‍ വരുത്തും. നര്‍ക്കോട്ടിക് കേസുകളില്‍പ്പെട്ട പ്രതികളുടെ മുന്‍ ശിക്ഷകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ ഇപ്പോള്‍ വിശദമായി ചേര്‍ക്കുന്നില്ല. എന്‍ ഡി പി എസ് നിയമത്തിലെ 31, 31എ വിഭാഗത്തിലുള്ളവര്‍ക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പു വരുത്താന്‍ മുന്‍കാല കുറ്റകൃത്യങ്ങള്‍ കൂടി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുക, കാപ്പ രജിസ്റ്റര്‍ മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കുക, ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. അവ ശക്തമായി നടപ്പാക്കും. വരും ദിവസങ്ങളില്‍ ഇതിനായുള്ള സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും. എന്‍്ഡിപിഎസ് നിയമത്തില്‍ 34ാം വകുപ്പ് പ്രകാരം കുറ്റകൃത്യം ആവര്‍ത്തിക്കുകയില്ല എന്ന ബോണ്ട് വയ്പ്പിക്കും, മയക്കുമരുന്ന് കടത്തില്‍ പതിവായി ഉള്‍പ്പെടുന്നവരെ പിഐടി എന്‍ഡിപിസ് ആക്ട് പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുക. ട്രെയിനുകള്‍ വഴിയുള്ള കടത്തു തടയാന്‍ സ്നിഫര്‍ ഡോഗ്ഗ് സ്ക്വാഡ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കും.

സ്കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശിച്ച് വിതരണം നടത്തുന്നത് കര്‍ശനമായി തടയും. അവയുടെ പരിസരത്തുള്ള കടകളില് ഇത്തരം ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട എന്തെങ്കിലും വ്യാപാരം നടന്നു എന്ന് കണ്ടാല്‍ അത്തരം വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കും. മയക്കു മരുന്ന് കടന്നു വരാനിടയുള്ള എല്ലാ അതിര്‍ത്തികളിലും പരിശോധന കര്‍ക്കശമാക്കും.

ജനമൈത്രി, എസ്.പി.സി, ഗ്രീന്‍ കാമ്പസ് ഡ്രീം കാമ്പസ് എന്നിവ വഴി പോലീസ് വകുപ്പ് വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി നേര്‍വഴിയിലേക്ക് കൊണ്ടുവരുന്നതിനായി പോലീസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ‘യോദ്ധ’ എന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കും. ഇത്തരം നടപടികളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. അവയുടെ നടപ്പാക്കലിനായി മുഖ്യമന്ത്രിതലത്തിലും മന്ത്രിമാരുടെ തലത്തിലും തുടര്‍ച്ചയായ കൂടിയാലോചനകള്‍ ഇതിനകം നടന്നുകഴിഞ്ഞു.

എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങളും ഒരു ഭേദചിന്തയുമില്ലാതെ ഈ ക്യാംപെയിനില്‍ പങ്കാളികളാകണം എന്ന് ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുകയാണ്. നാടിന്‍റെ ഭാവി ഭദ്രമാക്കാന്‍ ഈ ഉദ്യമം വിജയിക്കേണ്ടത് അനിവാര്യമാണ്. ആ ബോധ്യത്തോടെ കൈവിടാതെ ദൃഢനിശ്ചയത്തോടെ നമുക്കൊരുമിച്ചു നീങ്ങാം.

*പേവിഷ നിര്‍മ്മാര്‍ജനം*

സംസ്ഥാനത്ത് പേവിഷ ബാധയും തെരുവു നായ്ക്കളുടെ ആക്രമണവും കുറച്ചു നാളുകളായി വര്‍ദ്ധിച്ചിരിക്കുന്നത് പ്രധാന പ്രശ്നമായി വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. തെരുവ് നായ്ക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്.

പേവിഷബാധയേറ്റ് സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 21 മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവരില്‍ 15 പേരും പേവിഷബാധയ്ക്ക് എതിരെയുള്ള വാക്സിനും (ഐ.ഡി.ആര്‍.വി), ഇമ്മ്യുണോ ഗ്ലോബുലിനും (ഇ.ആര്‍.ഐ.ജി) എടുക്കാത്തവരാണ്. ഒരാള്‍ ഭാഗികമായും 5 പേര്‍ നിഷ്കര്‍ഷിച്ച രീതിയിലും വാക്സിന്‍ എടുത്തിട്ടുള്ളവരാണ്. 21 മരണങ്ങളുടെയും കാരണങ്ങള്‍ കണ്ടെത്താനുള്ള ഫീല്‍ഡ് ലെവല്‍ അന്വേഷണം പൂര്‍ത്തിയായി. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കുവാന്‍ വിദഗ്ധ സമിതിയെ നിയമിച്ചു.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍റെ കണക്കുകള്‍ പ്രകാരം ആന്‍റ്റി റാബീസ് വാക്സിന്‍റെ ഉപയോഗത്തില്‍ 2021-2022 ല്‍ 57 ശതമാനം വര്‍ദ്ധനവ് 2016-2017 ലേതിനേക്കാള്‍ ഉണ്ടായിട്ടുണ്ട്. റാബിസ് ഇമ്മ്യൂണോഗ്ലോബുലിന്‍റെ ഉപയോഗം ഇക്കാലയളവില്‍ 109 ശതമാനമാണ് വര്‍ധിച്ചത്.

ആന്‍റി റാബീസ് വാക്സിനുകളുടെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്നത് കേന്ദ്രമാണ്. കേന്ദ്ര ടെസ്റ്റിംഗ് ലബോറട്ടറികള്‍ സര്‍ട്ടിഫൈ ചെയ്ത വാക്സിനുകള്‍ മാത്രമാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റ്ററുകള്‍, തെരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ ആന്‍റ്റി റാബീസ് വാക്സിന്‍ ലഭ്യമാണ്. പൂര്‍ണ്ണമായും സൗജന്യമായാണ് ഇത് നല്‍കുന്നത്.

പേവിഷബാധ നിര്‍മ്മാര്‍ജന പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് നടപ്പാക്കുന്നത്. സെപ്തംബര്‍ പേവിഷ പ്രതിരോധ മാസമായി ആചരിക്കുകയാണ്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വളര്‍ത്തു നായ്ക്കളില്‍ 2,00,000 പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തി. ഇതു കൂടാതെ 1.2 ലക്ഷം പേവിഷ പ്രതിരോധ കുത്തിവെയ്പുകള്‍ കടിയേറ്റ മൃഗങ്ങള്‍ക്ക് നല്‍കി. ആറ് ലക്ഷം ഡോസ് വാക്സിന് എല്ലാ മൃഗാശുപത്രികള്‍ക്കും കൈമാറി. ഇനിയും നാലു ലക്ഷത്തോളം വാക്സിനുകളാണ് ജില്ലകളില്‍ നിന്നും ആവശ്യപ്പെട്ടിട്ടുളളത്. അവ വിതരണം ചെയ്യുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

നായ്ക്കളെ കൊന്നൊടുക്കിയത് കൊണ്ട് പരിഹരിക്കാവുന്നതല്ല ഈ പ്രശ്നം. വളര്‍ത്തുനായകളുടെ രജിസ്ട്രേഷന്‍ സംസ്ഥാനത്ത് നിര്‍ബന്ധമാക്കും. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വളര്‍ത്തുനായകളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഐ.എല്‍.ജി.എം.എസ് പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാവുന്നതാണ്. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മൂന്ന് ദിവസത്തിനകം വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച് പഞ്ചായത്ത് ലഭ്യമാക്കും . രജിസ്റ്റര്‍ ചെയ്ത നായകള്‍ക്ക് മെറ്റല്‍ ടോക്കണ്‍/കോളര്‍ ഉടമയുടെ ഉത്തരവാദിത്തത്തില്‍ ഘടിപ്പിക്കണം എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. തെരുവുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ് സെപ്തംബര്‍ 20 മുതല്‍ ആരംഭിക്കും. ഒരു മാസത്തില്‍ പത്തോ അതിലധികമോ തെരുവുനായ ആക്രമണം സംഭവിച്ച പ്രദേശങ്ങളെ ഹോട്ട്സ്പോട്ടുകളായി കണക്കാക്കിയാണ് ഈ നടപടി പൂര്‍ത്തീകരിക്കുക.

തെരുവ് നായ വിഷയത്തില്‍ സെപ്റ്റംബര്‍ 20 മുതലാണ് തീവ്ര വാക്സിനേഷന്‍ ഡ്രൈവ് ഔദ്യോഗികമായി തീരുമാനിച്ചത്. എന്നാല്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇതിനകം തന്നെ വാകസിനേഷന്‍ യജ്ഞം ആരംഭിച്ചുകഴിഞ്ഞു. ഒക്ടോബര്‍ 20 വരെ നീണ്ടു നില്‍ക്കുന്ന തീവ്ര വാക്സിന്‍ യജ്ഞം നടത്താനാണ് തീരുമാനം. സംസ്ഥാനത്ത് 2017 മുതല്‍ തെരുവുനായ നിയന്ത്രണ പദ്ധതി തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,
തൃശ്ശൂര്‍, എറണാകുളം, വയനാട് എന്നീ 8 ജില്ലകളില്‍ കുടുംബശ്രീ മുഖേനയും മറ്റുളള ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നുമാണ് നടപ്പിലാക്കിയിരുന്നത്.
ഹൈക്കോടതി ഇടക്കാല വിധി പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീ മുഖാന്തിരം പദ്ധതി നടപ്പിലാക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവുണ്ടായിട്ടുണ്ട് ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. 2017 മുതല്‍ 2021 വരെ കുടുംബശ്രീ മുഖാന്തിരം 79,426 നായ്ക്കളില്‍ വന്ധീകരണം നടത്തിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴിലുളള ആശുപത്രികളിലെ അടിസ്ഥാനസൗകര്യം ഉപയോഗിച്ചുകൊണ്ടും കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാര്‍, ഡോഗ് ക്യാച്ചര്‍മാര്‍, അറ്റന്‍ഡന്‍റ് എന്നിവരെ നിയോഗിച്ചും പദ്ധതി നടപ്പിലാക്കും.

തെരുവ് നായ്ക്കള്‍ അക്രമാസക്തരാകുന്നതും കൂട്ടം കൂടുന്നതും അവയുടെ കുറ്റം കൊണ്ടല്ല. മാലിന്യങ്ങള്‍ പൊതുസ്ഥലത്തു നിക്ഷേപിക്കുന്നത് നായ്ക്കളുടെ കൂട്ടം ചേരലിനു ഒരു പ്രധാന കാരണമാണ്. മാംസ മാലിന്യങ്ങള്‍ തെരുവുനായകള്‍ക്ക് ഉപയോഗിക്കാനാകുന്ന വിധം നിക്ഷേപിക്കുന്നത് ശക്തമായി തടയും. ഇതിനായി ഹോട്ടലുകള്‍, കല്ല്യാണമണ്ഡപങ്ങള്‍, റസ്റ്റാറന്‍റുകള്‍, ഭക്ഷണശാലകള്‍ എന്നിവയുടെ ഉടമകള്‍, മാംസവ്യാപാരികള്‍, വ്യാപാരി വ്യവസായി സംഘടനകള്‍ എന്നിവരുമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും യോഗം വിളിച്ചുകൂട്ടി കര്‍ശ്ശന നിര്‍ദ്ദേശങ്ങള്‍ നല്‍കും. തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കുന്നതിന് പ്രാദേശികതലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ അനിമല്‍് ഷെല്‍ട്ടര്‍ ആരംഭിക്കും. ഇതിനായി ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഏകോപിപ്പിച്ച് വിനിയോഗിക്കും.

ജനങ്ങളാകെ ഒരേ മനസ്സോടെ നേരിടേണ്ട പ്രശ്നമാണ് ഇതും. കുഞ്ഞുങ്ങളടക്കമുള്ള വഴിയാത്രക്കാരെയും വാഹന യാത്രികരെയും അപകടത്തില്‍പെടുത്തും വിധം തെരുവുനായ് ശല്യം രൂക്ഷമായത് എല്ലാവരെയും ഉത്കണ്ഠപ്പെടുത്തുന്നുണ്ട്. അതിനു ആസൂത്രിതമായ പരിഹാര മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. തെരുവില്‍ കാണുന്ന പട്ടികളെ തല്ലിയും വിഷം കൊടുത്തു കൊന്നു കെട്ടിത്തൂക്കിയത് കൊണ്ടും ഈ പ്രശ്നത്തിന് പരിഹാരമാകില്ല എന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. അത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. അതുപോലെ വളര്‍ത്തു നായ്ക്കളെ സംരക്ഷിക്കാനും തെരുവില്‍ ഉപേക്ഷിക്കാതിരിക്കാനുള്ള ശ്രദ്ധയും ജനങ്ങളില്‍ എല്ലാവരിലുമുണ്ടാകണം.

ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരമാര്‍ഗ്ഗങ്ങളാണ് സര്‍ക്കാര്‍ തേടുന്നത്. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ സഹകരണം വളരെ പ്രധാനമാണ്. മാലിന്യ സംസ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബോധവല്‍ക്കരണം ഊര്‍ജ്ജിതപ്പെടുത്താന്‍ മാധ്യമ സഹായം അനിവാര്യമാണ്. ഈ പ്രശ്നത്തെ മറികടക്കണമെങ്കില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ശാസ്ത്രീയ പരിഹാരത്തിനു പൊതുസമൂഹത്തിന്‍റെ പിന്തുണ കൂടിയേ തീരൂ. നമുക്ക് ഒരുമിച്ച് ഈ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

*വിദേശയാത്ര*

മറ്റൊരു പ്രധാനവിഷയം സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ, വ്യവസായമേഖലകളുടെ പുരോഗതി ലക്ഷ്യമിട്ട് ഒക്ടോബര്‍ മാസത്തിലെ ആദ്യ ദിവസങ്ങളില്‍ നടത്തുന്ന യൂറോപ്പ് സന്ദര്‍ശനമാണ്.

ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട് (ലണ്ടന്‍), ഫ്രാന്‍സ് (പാരീസ്) തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പര്യടനം നടത്തുന്നത്. ഒക്ടോബര്‍ 1 മുതല്‍ 14 വരെയാണ് മുഖ്യമന്ത്രി എന്നനിലക്ക് ഞാനും മന്ത്രിമാരും പങ്കെടുക്കുന്ന സന്ദര്‍ശന പരിപാടി.

കേരളവും ഫിന്‍ലാന്‍റും തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനും, ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കുന്നതിനുമാണ് ഞാനും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയടക്കം ഫിന്‍ലാന്‍ഡ് സന്ദര്‍ശിക്കുന്നത്. മുന്‍പ് ഫിന്‍ലാന്‍ഡ് പ്രതിനിധികളുടെ ഒരുസംഘം കേരളം സന്ദര്‍ശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് ഈ സന്ദര്‍ശനം.

ഫിന്‍ലന്‍ഡ് വിദ്യാഭ്യാസമന്ത്രി ബഹു. ലീ ആന്‍ഡേഴ്സെന്‍റ ക്ഷണപ്രകാരം സംഘം അവിടെയുള്ള പ്രീസ്കൂളും സന്ദര്‍ശിക്കും. പ്രസിദ്ധമായ ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയുടെ പഠനരീതികളെയും അധ്യാപന പരിശീലന രീതികളെകുറിച്ചും പഠിക്കാന്‍ ഈ സന്ദര്‍ശനം സഹായകമാവും. കൂടാതെ അവിടെയുള്ള പ്രമുഖ ബഹുരാഷ്ട്രകമ്പനികള്‍ സന്ദര്‍ശിച്ച് കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യതകള്‍ നോക്കും.

പ്രമുഖ മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ڇനോക്കിയയുടെ എക്സിക്യൂട്ടീവ് എക്സ്പീരിയന്‍സ് സെന്‍റര്‍ സന്ദര്‍ശിക്കാനും കമ്പനിമേധാവികളുമായി ചര്‍ച്ചനടത്താനുമുള്ള സാധ്യതകള്‍കൂടി ഈ സന്ദര്‍ശനം തുറന്നുതരുന്നുണ്ട്. ഇതോടൊപ്പം സൈബര്‍രംഗത്തെ സഹകരണത്തിനായി എന്തെല്ലാം ചെയ്യാനാകുമെന്ന് ഫിന്‍ലാന്‍ഡിലെ വിവിധ ഐടി കമ്പനികളുമായും ചര്‍ച്ചനടത്തും. ടൂറിസം മേഖലയിലെയും ആയുര്‍വേദംഗത്തെയും സഹകരണം ആസൂത്രണം ചെയ്യാനും വിവിധ കൂടിക്കാഴ്ചകളുണ്ട് .

മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതാണ് നോര്‍വെ സന്ദര്‍ശനത്തിന്‍റെ പ്രധാനലക്ഷ്യം. നോര്‍വെ ഫിഷറീസ്&ഓഷ്യന്‍ പോളിസി മന്ത്രിയായ ജോര്‍ണര്‍ സെല്‍നെസ്സ് സ്കെജറന്‍ ഈ മേഖലയിലെ വാണിജ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം നോര്‍വീജിയന്‍ ജിയോടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുളള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതിക വിദ്യകള്‍ പരിശോധിക്കും.

ഇംഗ്ലണ്ടും വെയ്ല്‍സുമാണ് സന്ദര്‍ശിക്കുന്ന മറ്റ് രണ്ടിടങ്ങള്‍. വെയില്‍സിലെ ആരോഗ്യമേഖല ഉള്‍പ്പെടെയുളള മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി അവിടത്തെ ഫസ്റ്റ് മിനിസ്റ്ററുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നടന്ന മൂന്നാം ലോകകേരളസഭയുടെ തുടര്‍ച്ചയായി ലണ്ടനില്‍ വെച്ച് ഒരു പ്രാദേശിക യോഗം സംഘടിപ്പിക്കുന്നുണ്ട്. ഒരുദിവസം നീണ്ടുനില്‍ക്കുന്ന ഈ യോഗത്തില്‍ ഏകദേശം 150 ഓളം പ്രവാസികള്‍പങ്കെടുക്കും. കേരളത്തില്‍ ഗ്രാഫീന്‍ പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യുണൈറ്റഡ്കിങ് ഡത്തിലെ വിവിധ യൂണിവേഴ്സിറ്റികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
ഈ മൂന്നിടങ്ങളിലും അവിടെയുള്ള പ്രാദേശിക വ്യവസായികളുമായി നിക്ഷേപ സൗഹൃദ സംഗമം സംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ട്. കൂടാതെ ടൂറിസം, ആയുര്‍വേദമേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ചര്‍ച്ചകളും സംഘടിപ്പിക്കും. വ്യവസായമന്ത്രി പി രാജീവ് നോർവെയിലും യുകെയിലും സന്ദര്‍ശന സമയത്തുണ്ടാകും. ഫിഷറീസ് വകുപ്പ് മന്ത്രി നോര്‍വയിലും ആരോഗ്യ വകുപ്പ് മന്ത്രി യുകെയിലുമുണ്ടാകും.

ഇതിനു ശേഷം ഒക്ടോബര്‍ 14ന് തിരിച്ചെത്താനാണ് ഉദ്ദേശിക്കുന്നത്.
ടൂറിസം മന്ത്രി പി എ മുഹമ്മദ്റിയാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പാരീസ് സന്ദര്‍ശിക്കുന്നത്. അടുത്തയാഴ്ച നടക്കുന്ന ടൂറിസം മേളയില്‍ പങ്കെടുക്കാനാണ് ഈ യാത്ര. സെപ്റ്റംബര്‍ 19 നടക്കാനിരിക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റിലും അവര്‍ പങ്കെടുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related