പയ്യന്നൂരില്‍ കട അടപ്പിക്കാനെത്തിയ ഹര്‍ത്താന്‍ അനുകൂലികളെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചത്.
അതേസമയം, ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് നഗരത്തില്‍ പലയിടത്തും അക്രമം നടത്തിയത് ബൈക്കിലെത്തിയ സംഘങ്ങളാണ്. വാഹനങ്ങളെയും യാത്രക്കാരെയും തടയാനും കടകള്‍ അടപ്പിക്കാനുമെത്തിയാണ് ഇവര്‍ ആക്രമണം നടത്തിയത്.
തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ച്, ഇരുമ്പുവടിയും മറ്റുമായാണ് സംഘങ്ങള്‍ ബൈക്കില്‍ കറങ്ങുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആക്രമണം നടത്തിയശേഷം അതിവേഗം സ്ഥലംവിടുന്നതിനാല്‍ ഒരേ സംഘമാണോ എല്ലായിടത്തും ആക്രമണം നടത്തിയെന്നു പോലീസ് സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച ചില സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. അതിരാവിലെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ നഗരപരിധിയിലെ വിവിധയിടങ്ങളില്‍ വെച്ച് കല്ലേറുണ്ടായിരുന്നു. 10 മണി കഴിഞ്ഞാണ് വീണ്ടും പലയിടത്തും ഇരുചക്രവാഹനത്തിലെത്തിയുള്ള അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.