തിരുവനന്തപുരം: റബര്‍ വില കൂട്ടിയാല്‍ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി ബിഷപ്പ് ജോസഫ് പ്ലാംപാനിയുടെ പ്രസ്താവനയ്ക്ക് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
ഏത് സാഹചര്യത്തിലാണ് ബിഷപ്പ് ഇക്കാര്യം പറഞ്ഞതെന്ന് അറിയില്ല. റബര്‍ വില മാത്രമാണോ ക്രിസ്ത്യാനിയുടെ പ്രശ്‌നം?. ഏത് തുറുപ്പു ചീട്ട് ഇറക്കിയാലും ആര്‍എസ്എസും ബിജെപിയും ആഗ്രഹിക്കുന്നത് കേരളത്തില്‍ നടക്കില്ല. ആ എഞ്ചിനീയറിങ്ങ് ഒന്നും കേരളത്തില്‍ നടക്കില്ല’,
ഗോവിന്ദന്‍ പറഞ്ഞു.
‘കഴിഞ്ഞ ഫെബ്രുവരി 19ന് 79 സംഘടനകള്‍ ജന്തര്‍ മന്ദിറില്‍ ചേര്‍ന്ന് 21 സംസ്ഥാനങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന ബിജെപിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും കടന്നാക്രമണങ്ങള്‍ സംബന്ധിച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. അതില്‍ കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും പുരോഹിതന്മാരും കന്യാസ്ത്രീകളും ഉള്‍പ്പെടെ പങ്കെടുത്തു. അവര്‍ കേന്ദ്രസര്‍ക്കാരിന് മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്’.
‘598 കേന്ദ്രത്തില്‍ നടന്ന കടന്നാക്രമണങ്ങളെപ്പറ്റിയാണ് നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. അതൊക്കെ മറച്ചു വെച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോയാല്‍ അതൊന്നും കേരളത്തില്‍ വിലപ്പോകില്ല. ഇവിടെ മതനിരപേക്ഷ ഉള്ളടക്കം തന്നെയാണ് പ്രശ്നം. രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രം ആക്കാനാണ് ബിജെപി നീക്കം. അതിന് റബറിന്റെ വില മാത്രമല്ല പ്രശ്നം’, എം വി ഗോവിന്ദന്‍ പറഞ്ഞു.
‘റബര്‍ മാത്രമാണോ ക്രിസ്ത്യാനിയുടെ പ്രശ്‌നം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ക്രിസ്ത്യന്‍ സമൂഹങ്ങളെ നിരന്തരം വേട്ടയാടുകയാണ്. അങ്ങനെയുള്ളപ്പോള്‍ റബ്ബര്‍ വില ചൂണ്ടിക്കാട്ടി എങ്ങനെ ബിജെപിയ്ക്ക് വോട്ടു ചെയ്യാന്‍ പറയും’, എം.വി ഗോവിന്ദന്‍ ചോദിച്ചു.