അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ ഉടൻ എത്തിക്കാനൊരുങ്ങി വനം വകുപ്പ്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനംവകുപ്പിന്റെയും കൈവശമുള്ള ജിപിഎസ് കോളർ എത്തിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം വനംവകുപ്പ് തുടങ്ങിയത്. അവധി ദിവസങ്ങളായതിനാൽ അനുമതി ലഭിക്കാൻ കാലതാമസമുണ്ടാകുന്നുണ്ട്. ഇതോടൊപ്പം വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൈവളമുള്ള കോളറുകളിലൊന്ന് എത്തിക്കാനുളള ശ്രമവും നടത്തുന്നുണ്ട്.
അടുത്ത ആഴ്ചയോടെ ദൗത്യം പൂർത്തിയാക്കണമെന്നാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴുളള സ്ഥലത്തു നിന്നും മറ്റെവിടേക്കെങ്കിലും മാറിയാൽ അരിക്കൊമ്പനെ പിടികൂടുന്നത് വിഷമകരമാകും. കോടതി കൃത്യമായ നിരീക്ഷിക്കുന്നതിനാൽ എല്ലാ നടപടികളും പൂർത്തിയാക്കിയായിരിക്കും പിടികൂടുക. വിശദമായ മോക്ക് ഡ്രിൽ നടത്തുന്നതുൾപ്പെടെയുള്ള കാര്യവും വനംവകുപ്പ് ആലോചിക്കുന്നുണ്ട്. ജിപിഎസ് കോളർ കിട്ടുന്നതിനനുസരിച്ച് തീയതി തീരുമാനിക്കും.